തൃക്കരിപ്പൂര്‍: ഇന്ത്യന്‍ ഫുട്ബാള്‍ താരം തൃക്കരിപ്പൂരുകാരന്‍ എം.മുഹമ്മദ് റാഫി സ്‌പെയിനിലെ അത് ലെറ്റിക്കോ മാഡ്രിഡിന്റെ ജഴ്‌സിയണിഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തക്ക് വേണ്ടി കളിക്കും. മുംബൈയില്‍ നടന്ന ഐ. എസ്. എല്‍ ലേലത്തില്‍ സ്പാനിഷ് ക്ലബ്ബിന്റെ ഇന്ത്യയിലെ അസോസിയേറ്റ് ക്ലബ്ബായ അത് ലെറ്റിക്കോ ഡി കൊല്‍ക്കത്ത റാഫിയെ ലേലം കൊള്ളുകയായിരുന്നു.
കേരളത്തിനു വേണ്ടി കളിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ലേലം കഴിഞ്ഞപ്പോള്‍ കൊല്‍ക്കത്ത ടീമിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട വിവരമാണ് ഐ.എം.ജി.റിലയന്‍സില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്ന് റാഫി പറഞ്ഞു. പോര്‍ച്ചുഗീസ് മിഡ് ഫീല്‍ഡര്‍ ടിയാഗോ രണ്ടു സീസണിലേക്ക് കരാറൊപ്പിട്ട സ്പാനിഷ് ക്ലബ്ബുമായി സഹകരിച്ചു കളിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷവും റാഫി പങ്കിട്ടു.
ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയാവും പരിശീലനം. മഹീന്ദ്രയില്‍ സഹതാരമായിരുന്ന ബ്രസീലില്‍ നിന്നുള്ള ബാരെറ്റോ ആയിരിക്കും കൊല്‍ക്കത്ത ടീമിന്റെ ഉപ പരിശീലകന്‍. പ്രധാന പരിശീലകന്‍ പോര്‍ച്ചുഗീസ് അല്ലെങ്കില്‍ സ്പാനിഷ് ആയിരിക്കും. സ്‌പെയിനില്‍ പരിശീലനം കിട്ടാനുള്ള സാധ്യതയും പുതിയ ക്ലബ് റാഫിക്ക് തുറന്നിടുന്നു. ഐ.ലീഗിലെ മിന്നുന്ന പ്രകടനമാണ് റാഫിയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എട്ടു ടീമുകളില്‍ ഓരോന്നിലും അഞ്ചു പേര്‍ ഇന്ത്യന്‍ താരങ്ങളും ആറു പേര്‍ വിദേശ താരങ്ങളും ആയിരിക്കും. ഐ.എസ്.എല്‍ സജീവമാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള കളിക്കാരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കും.
തൃക്കരിപ്പൂര്‍ ഗവ ഹൈസ്‌കൂളില്‍ നിന്ന് തുടങ്ങി ആക്മി , എസ്.ബി.ടി., സന്തോഷ് ട്രോഫി, മഹിന്ദ്ര, ഗോവ ചര്‍ച്ചില്‍ , മുംബൈ എഫ്.സി. എന്നിങ്ങനെയാണ് റാഫി ഫുട്ബാളില്‍ ഉയരങ്ങള്‍ താണ്ടിയത്.
ജി.വി.രാജ സ്വര്‍ണ മെഡല്‍ മുതല്‍ ഇന്ത്യയിലെ മികച്ച യുവ ഫുട്ബാളര്‍ വരെയുള്ള നേട്ടങ്ങള്‍ റാഫിയെ തേടിയെത്തി.
ഇരട്ട സഹോദരങ്ങളായ മുഹമ്മദ് റാസി കെ.എസ്.ഇ.ബി യിലും മുഹമ്മദ് ഷാഫി എയര്‍ ഇന്ത്യയിലും കളിക്കുന്നു. കഞ്ചിയിലെ കെ.കെ.പി.അബ്ദുല്ല എം.സുബൈദ ദമ്പതിമാരുടെ മകനാണ്. ഭാര്യ ചന്തേരയിലെ ആയിഷാ ശിഫാന.
Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment