Latest News

മരിച്ചെന്നു കരുതിയ മകന്‍ തിരിച്ചു വന്നു; സന്തോഷമടക്കാനാവാതെ മാതാപിതാക്കള്‍

ഹൈദരാബാദ്: മകന്റെ ഏഴാം ജന്മദിനത്തില്‍ വിധി അവനെ ‘തട്ടിയെടുത്തതില്‍’ ഹൃദയം തകര്‍ന്നിരിക്കുമ്പോഴാണ് അവരെ തേടി ആ വാര്‍ത്തയെത്തിയത്. അല്‍പ സമയം മുമ്പ് ചിതയില്‍ വെച്ചത് തങ്ങളുടെ പൊന്നോമനയുടെ മൃതദേഹമല്ലെന്നറിഞ്ഞതോടെ സന്തോഷത്തോടെ അവര്‍ പൊട്ടിക്കരഞ്ഞു. അപ്പോഴും ഇതൊന്നുമറിയാതെ മകന്‍ ദര്‍ശന്‍(7) ആശുപത്രിക്കിടക്കയില്‍ അച്ഛനെ ചോദിച്ച് കരയുകയായിരുന്നു!

തെലങ്കാനയിലെ മേദക്കില്‍ വ്യാഴാഴ്ച സ്‌കൂള്‍ബസില്‍ തീവണ്ടിയിടിച്ചുണ്ടായ അപകടത്തിനിടെയാണ് നാടകീയ രംഗങ്ങളുണ്ടായത്. സ്‌കൂള്‍ ബസില്‍ തീവണ്ടിയിടിച്ച് മരിച്ച 14 കുട്ടികളില്‍ തങ്ങളുടെ മകന്‍ ദര്‍ശന്‍ ഉണ്ടായിരുന്നുവെന്നത് അംഗീകരിക്കാന്‍ ഹൈദരാബാദ് സ്വദേശികളായ സ്വാമി ഗൗഡിനും കുടംബത്തിനും കഴിഞ്ഞിരുന്നില്ല.

അപകടം നടന്നുവെന്ന് അറിഞ്ഞതോടെ സമീപത്തുളള ആശുപത്രികളില്‍ തിരച്ചിലിലായിരുന്നു സ്വാമി ഗൗഡ. ഒടുവില്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം മുഖം വികൃതമായ നിലയില്‍ കണ്ടെത്തിയ മൃതദേഹം തങ്ങളുടെ മകന്റെതാണെന്ന ധാരണയില്‍ സംസ്‌കരിക്കുകയായിരുന്നു ഇവര്‍.

കണ്ണീരോടെ മകന്റെ മൃതദേഹം ചിതയില്‍ വെച്ച് മടങ്ങുമ്പോഴാണ് അവരെ തേടി ആ വാര്‍ത്തയെത്തിയത്. മകന്‍ ദര്‍ശന്‍ പരിക്കുകളുമായി ആശുപത്രിയിലുണ്ടെന്നും സംസ്‌ക്കരിച്ച മൃതദേഹം മറ്റൊരു വിദ്യാര്‍ത്ഥിയുടേതാണെന്നുമായിരുന്നു അത്. ഗൗഡ സംസ്‌കരിച്ച മൃതദേഹം അപകടത്തില്‍ മരിച്ച തങ്ങളുടെ മകന്റേതാണെന്ന് മറ്റൊരു ദമ്പതികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ചത്തെ അപകടത്തില്‍ ഇവര്‍ക്കു മകനെ കൂടാതെ മകളും നഷ്ടപ്പെട്ടിരുന്നു. അപകട വാര്‍ത്തയറിഞ്ഞ് ഓടിയെത്തിയ സ്വാമി മകന്‍ മരിച്ചെന്ന് ധരിച്ചതാണ് അബദ്ധം പിണയാന്‍ കാരണമെന്ന് തെലങ്കാന മന്ത്രി ടി. ഹരീഷ് റാവു പറയുന്നു.

തെലങ്കാനയിലെ മേദക് ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. ബസ്സില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ആളില്ലാ ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് സ്‌കൂള്‍ബസ്സ് അപകടത്തില്‍പെട്ടത്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.