Latest News

തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു

കാസര്‍കോട്: അടുത്ത വര്‍ഷം സെപ്തംബറില്‍ നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ തെരെഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതു സംബന്ധിച്ച് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു കൂട്ടിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടേയും മെമ്പര്‍മാരുടേയും എഞ്ചിനിയര്‍മാരുടേയും യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.

ഇതാദ്യമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുളള തെരെഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കാന്‍ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയ്ക്ക് ഒറ്റ ദിവസം വോട്ടെടുപ്പ്് നടക്കുന്നതിനാല്‍ മൂന്ന് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചായിരിക്കും തെരെഞ്ഞെടുപ്പ്. 

ഫോട്ടോ പതിച്ച തെരെഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയാണ് ഉപയോഗിക്കുക. തെരെഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്തുകളുടേയും വാര്‍ഡുകളുടേയും ശാസ്ത്രീയമായ മാപ്പ് തയ്യാറാക്കി ഓഗസ്റ്റ് 12 നകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. മാപ്പ് തയ്യാറാക്കുന്നതിന് അതാത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ 2010ല്‍ പുറപ്പെടുവിച്ചിട്ടുള വാര്‍ഡ് വിഭജന ഉത്തരവുകള്‍ അനുസരിച്ചാണ് മാപ്പ് തയ്യാറാക്കുക. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുളള വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍മാര്‍, അംഗണ്‍വാടി ടീച്ചര്‍മാര്‍ എന്നിവരെയാണ് തെരെഞ്ഞെടുപ്പ് ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥരായി നിയോഗിക്കുക. ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. 

യോഗത്തില്‍ തെരെഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി.കെ ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഗോവിന്ദന്‍, തെരെഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് വി. സൂര്യനാരായണന്‍, വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.