Latest News

സുഹൃത്ത് കൊടുത്തയച്ച പാക്കറ്റില്‍ മയക്കുമരുന്ന്; റാഷിദ് സി ഐ ഡി കസ്റ്റഡിയില്‍ തന്നെ

കുവൈത്ത്: മയക്ക് മരുന്ന് ഗുളികകളെന്ന് സംശയിക്കുന്ന പാക്കറ്റുമായി കുവൈത്ത് എയര്‍പോര്‍ട്ടില്‍ പിടിയിലായ കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി റാഷിദ് കഴിഞ്ഞ അഞ്ച് ദിവസമായും കുവൈത്ത് സി ഐ ഡി വിഭാഗത്തിന്റെ കസ്റ്റഡിയില്‍ തന്നെ.

യുവാവില്‍ നിന്ന് കണ്ടെടുത്ത ഗുളികകളുടെ രാസ പരിശോധന ഫലം പുറത്ത് വരാനിരിക്കെ റാഷിദിന്റെ മോചനത്തിന് വേണ്ടി ഗള്‍ഫിലും നാട്ടിലും ബന്ധുക്കളും സുഹൃത്തുക്കളും പ്രാര്‍ത്ഥനാ നിരതമായ മനസ്സുമായി കഴിയുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് റാഷിദിനെ നാട്ടില്‍ നിന്നുള്ള മടക്കയാത്രക്കിടെ കുവൈത്ത് എയര്‍പോര്‍ട്ടില്‍ ആന്റി നാര്‍ക്കോട്ടിക് വിഭാഗം കസ്റ്റഡിയിലെടുത്തത്. കുവൈത്ത് സമയം രാത്രി എട്ടുമണിയോടെ വിമാനത്താവളത്തിലിറങ്ങിയ റാഷിദ് സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചിരുന്നു. ഇതനുസരിച്ച് റാഷിദിനെ സ്വീകരിക്കാന്‍ സുഹൃത്തുക്കള്‍ എയര്‍പോര്‍ട്ടില്‍ എത്തുകയും ചെയ്തു. 

പക്ഷെ നേരം ഏറെ വൈകിയിട്ടും എയര്‍ പോര്‍ട്ടില്‍ നിന്നും യുവാവ് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ എയര്‍പോര്‍ട്ടിലെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ടു.
അപ്പോഴേക്കും റാഷിദിനെയും മറ്റൊരാളെയും കൈവിലങ്ങണിയിച്ച് സി ഐ ഡി ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് കൊണ്ടുവരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനിടെ താന്‍ ചതിയില്‍പ്പെട്ടുവെന്നും സുഹൃത്ത് മാട്ടൂല്‍ സ്വദേശി ഫവാസ് കൊണ്ടുവരാന്‍ ഏല്‍പ്പിച്ച മരുന്ന് പൊതി തന്നെ കുടുക്കിയെന്നും റാഷിദ് വിളിച്ചു പറഞ്ഞു. 

യുവാവിനെ സി ഐ ഡി വിഭാഗം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് ശേഷം റാഷിദിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഫവാസിനെ തേടിയിറങ്ങി. അപ്പോഴേക്കും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് യുവാവ് മുങ്ങിയിരുന്നു.
നാട്ടില്‍ നിന്നും മരുന്ന് പൊതിയുമായി വന്ന അജ്ഞാതന്റെ ഫോണും ഇതിനിടെ ദുരൂഹമായ സാഹചര്യത്തില്‍ പ്രവര്‍ത്തന രഹിതമായി. ചതി ഉറപ്പിച്ചതോടെ കുവൈത്തിലെ സാമൂഹ്യ പ്രവര്‍ത്തകരും റാഷിദിന്റെ സുഹൃത്തുക്കളുമായ സി എച്ച് മുഹമ്മദ് കുഞ്ഞി, ഹസ്സന്‍ ബല്ലാക്കടപ്പുറം, കെ കെ സലാം, എ അബ്ദുള്ള എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് ഫവാസിന്റെ പിതാവ് അബ്ദുള്‍ റഹ്മാന്റെ ഷുവൈഖ്-അല്‍റായി ഉസ്മാന്‍ മസ്ജിദിനടുത്തുള്ള സ്ഥാപനം വളഞ്ഞു. 

വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഇവിടെയെത്തിയ സംഘം രാത്രി ഏഴുമണിവരെ ഫവാസിന്റെ പിതാവിനെ തടഞ്ഞ് വെക്കുകയും ചെയ്തു. മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിയമത്തിന് മുന്നില്‍ എത്തിക്കുമെന്ന് പിതാവ് ഉറപ്പ് നല്‍കുകയും ഫവാസിന്റെ എസ് എസ് എല്‍ സി ബുക്കും പാസ്‌പോര്‍ട്ട് കോപ്പിയും വിസാ രേഖകളുമൊക്കെ ഇവരെ ഏല്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് റാഷിദിന്റെ സുഹൃത്തുക്കള്‍ കുവൈത്ത് കെ എം സി സി പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണോത്ത് മുഖേന അബ്ബാസിയ്യ പോലീസ് സ്റ്റേഷനിലും കുവൈത്ത് വിമാനത്താവളത്തിലും സബാഹിയ്യ സി ഐ ഡി വിഭാഗത്തിലും ബന്ധപ്പെട്ട് ഫവാസ് നാടുവിടാനുള്ള നീക്കത്തിന് തടയിടുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ആന്റി നാര്‍ക്കോട്ടിക് വിഭാഗം കസ്റ്റഡിയിലെടുത്ത റാഷിദിനെ വെള്ളിയാഴ്ച രാവിലെ കുവൈത്ത് സുപ്രീം കോടതി ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിന് വേണ്ടി റാഷിദിനെ സി ഐ ഡി കസ്റ്റഡിയില്‍ തന്നെ സൂക്ഷിക്കാനാണ് ജഡ്ജി ഉത്തരവിട്ടത്.
റാഷിദില്‍ നിന്ന് കണ്ടെടുത്ത ഗുളികകളുടെ രാസ പരിശോധനാ ഫലം പുറത്ത് വരുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇപ്പോള്‍ കുവൈത്തിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തീരുമാനം. ഇതിന് വേണ്ടി കെ കെ എം എ നേതാവ് ഹംസ പയ്യന്നൂര്‍ മുഖേന കുവൈത്തിലെ ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

റാഷിദില്‍ നിന്ന് പിടികൂടിയത് കുവൈത്തില്‍ നിരോധിക്കപ്പെട്ട ശക്തമായ വേദനാ സംഹാരി ഗുളികകളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഈ ഗുളിക കഴിച്ചാല്‍ ആറ് മണിക്കൂര്‍ വരെ ബോധം നശിച്ച് ലഹരിയുടെ മായിക ലോകത്തിലാകുന്ന അത്യപൂര്‍വ്വ പ്രതിഭാസം ഉണ്ടാകുമെന്നും പറയപ്പെടുന്നു. കുവൈത്തില്‍ ഈ ഗുളികക്ക് വന്‍ മാര്‍ക്കറ്റുകളുണ്ടത്രെ. മയക്ക് മരുന്ന് മാഫിയകള്‍ക്കിടയില്‍ വന്‍ പ്രചാരമുള്ള ഗുളികകളാണ് ഇവയെന്നും പറയപ്പെടുന്നു.

Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.