Latest News

ഖത്തറില്‍ കോടികളുടെ തട്ടിപ്പ്; കാസര്‍കോട്ടുകാരും ഇരയായി, പ്രതികള്‍ മലയാളികള്‍

ദോഹ: ന്യൂവക്‌റയില്‍ കമ്പനി രൂപീകരിച്ചു വ്യാപാരം നടത്തിയും മറ്റുരീതിയിലും കോടികള്‍ തട്ടി മുങ്ങിയ പ്രതികള്‍ മലയാളികള്‍. തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും മലയാളികളാണ്. 20 ഓളം മലയാളികള്‍ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ വീണതായാണ് സൂചന. സംഘത്തിലെ പ്രധാനികള്‍ ഖത്തര്‍ വിട്ടതായാണു അറിയുന്നത്.എന്നാല്‍, കമ്പനിയുടെ ബിസിനസ് ഡവലപ്‌മെന്റ് മാനേജറായ കാസര്‍കോട് സ്വദേശിനി ഇപ്പോഴും ദോഹയിലുണ്ട്. ഇവര്‍ക്കു സംഭവത്തില്‍ എത്രമാത്രം പങ്കുണ്ടെന്ന കാര്യം വ്യക്തമായിട്ടില്ല. ആറുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി ഇരകള്‍ വെളിപ്പെടുത്തുന്നു.

വ്യാപാരികളില്‍ നിന്നു ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങി പോസ്റ്റ് ഡേറ്റഡ് ചെക്ക് നല്‍കി മുങ്ങിയതോടെയാണു തട്ടിപ്പ് പുറത്താവുന്നത്. സംഘത്തില്‍ ഓരോരുത്തര്‍ക്കും വിവിധ ചുമതലകള്‍ നല്‍കിയാണു പരിചയപ്പെടുത്തിയിരുന്നത്. സ്ഥാപന ഉടമ നവാസ്, ഓഫിസ് ചുമതലയുള്ള മുനീര്‍, സ്റ്റോര്‍ കീപ്പര്‍ സുബൈര്‍, ഔട്ട് ഡോര്‍ ഓപറേറ്റര്‍ അലിഭായ്, പി.ആര്‍.ഒ. റഫീഖ്, സാമ്പത്തിക ചുമതല സലിം എന്നിങ്ങനെയാണ് ഇടപാടുകാര്‍ക്കിടയില്‍ ഇവര്‍ അറിയപ്പെട്ടിരുന്നത്. വ്യാപാരികളില്‍നിന്നു സാധനങ്ങള്‍ വാങ്ങിയിരുന്നത് കാസര്‍കോട് സ്വദേശിയെന്നു സംശയിക്കുന്ന ഷാഫിയാണ്.

പേരിലും മേല്‍വിലാസത്തിലും സംശയമുള്ളതായി അന്വേഷണത്തില്‍ നിന്നറിയാന്‍കഴിഞ്ഞതായി ഇരകള്‍ പറയുന്നു. സ്ഥാപനത്തിന്റെ ഉടമയായ നവാസിന് മലപ്പുറം വിലാസത്തിലെ പാസ്‌പോര്‍ട്ടാണുള്ളത്. പാസ്‌പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന വീടും മാതാപിതാക്കളുമുണ്ടെങ്കിലും അവര്‍ക്ക് നവാസ് എന്ന പേരില്‍ ഒരു മകനില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ജോലിവാഗ്ദാനം ചെയ്തു പണം വാങ്ങി തട്ടിപ്പു നടന്നതായും ആരോപണമുണ്ട്. ആലപ്പുഴ സ്വദേശിയില്‍നിന്ന് 20,000 റിയാലും കാസര്‍കോട് സ്വദേശിയില്‍ നിന്ന് 40,000 റിയാലും പി.ആര്‍.ഒ. ചമഞ്ഞ് റഫീഖ് തട്ടിയെടുത്തെന്നാണു തട്ടിപ്പിന് ഇരയായവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഇവരിലൊരാള്‍ ന്യൂ വക്‌റയിലെ അല്‍ജൗസിയ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലെത്തിയപ്പോള്‍ ബംഗ്ലാദേശ് സ്വദേശികള്‍ അവിടെ ബഹളംവയ്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു സംശയം ഉയര്‍ന്നത്. ബംഗ്ലാദേശികളോട് വിസയ്‌ക്കെന്ന പേരില്‍ 60,000 റിയാല്‍ വാങ്ങിയതായി അവര്‍ പറഞ്ഞു. മലയാളിയായ ഒരു ടാക്‌സി ഡ്രൈവറില്‍ നിന്ന് 5000 റിയാലും സംഘം കൈക്കലാക്കി.

കമ്പനി ജീവനക്കാര്‍ക്കെന്നു പറഞ്ഞ് വിമാനടിക്കറ്റുകള്‍ എടുത്തവകയില്‍ അല്‍ഹിന്ദ് ട്രാവല്‍സിന് 29,640 റിയാലാണു കൊടുക്കാനുള്ളത്. കൊച്ചി, കോയമ്പത്തൂര്‍, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലേക്കും തിരിച്ചു ദോഹയിലേക്കും പലപ്പോഴായി ടിക്കറ്റുകള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഖത്തറില്‍ നിന്നു മുങ്ങിയ വേളയില്‍ ടിക്കറ്റെടുത്തതു മറ്റൊരു ട്രാവല്‍ ഏജന്‍സിയില്‍നിന്നാണ്. ചെക്ക് നല്‍കി സാധനങ്ങള്‍ വാങ്ങിയ വകയില്‍ മെക്കോണ്‍ ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ് കമ്പനിക്ക് 51,000 റിയാല്‍, ന്യൂ ജെ ജെ ഇലക്ട്രിക്കല്‍സിന് 82,000 റിയാല്‍, കാബ്‌ടെകിന് 91,000 റിയാല്‍ എന്നിങ്ങനെ വന്‍ തുകകള്‍ നഷ്ടമായിട്ടുണ്ട്.

അതിനിടെ തട്ടിപ്പുകാര്‍ നാട്ടിലെ ചില വിലാസങ്ങളിലേക്കു കാര്‍ഗോ അയച്ചിട്ടുള്ളതായി വിവരം ലഭിച്ചു. ഈ വിലാസം കാര്‍ഗോ കമ്പനികളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്. നാട്ടില്‍ നോര്‍ക്കയ്ക്കും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും ഇരകള്‍ പരാതിനല്‍കിയിട്ടുണ്ട്.

Keywords: Qatar, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.