Latest News

സുറുമിയെ പോലീസ് കുടുക്കിയത് 'വാട്ട്‌സ് ആപ്പി'ന്റെ സഹായത്തോടെ

പൊന്‍കുന്നം: സ്വന്തം മുത്തശ്ശിയുടെ കണ്ണില്‍ മുളക് സ്‌പ്രേയടിച്ച് മാലപൊട്ടിച്ചു കടന്ന സുറുമി (നിഷ- 24) എറണാകുളം നോര്‍ത്തില്‍ പിടിയിലായത് ചെന്നൈയ്ക്കുള്ള തീവണ്ടി കാത്തുനില്‍ക്കുന്നതിനിടെ. നോര്‍ത്ത്‌പോലീസ് പിടികൂടിയ സുറുമിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയില്‍ വാങ്ങി കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ്‌ചെയ്തു.

വ്യാഴാഴ്ച വൈകീട്ടാണ് സുറുമി തെക്കേത്തുകവല കുമ്പളാനിക്കല്‍ വീട്ടില്‍ താമസിക്കുന്ന മുത്തശ്ശി സുബൈദയുടെ 10ഗ്രാം തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചുകടന്നത്. 15 വയസ്സുവരെ ഇതേവീട്ടില്‍ കഴിഞ്ഞ സുറുമി പിന്നീട് വീടുവിട്ട് പോയതാണ്. സുബൈദയുടെ മകളുടെ മകളായ സുറുമി ഇതിനുശേഷം പല തട്ടിപ്പുകേസുകളിലും പിടിക്കപ്പെട്ടിട്ടുണ്ട്. 

2011ല്‍ ആലുവയില്‍ സ്​പിരിറ്റ് കടത്തിയതിന് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് എറണാകുളത്തായിരുന്നു സുറുമിയുടെ താവളം. ഈ വിവരം അറിയാമായിരുന്ന കാഞ്ഞിരപ്പള്ളിയിലെ ഷാഡോപോലീസ് സുറുമിയുടെ ചിത്രം എറണാകുളത്തെ വിവിധ ഓഫീസര്‍മാര്‍ക്ക് മൊബൈല്‍ ഫോണിലെ 'വാട്‌സ് ആപ്പ്'വഴി അയച്ചുകൊടുത്തു. 2011ല്‍ സ്​പിരിറ്റ്‌കേസ് അന്വേഷിച്ച എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സദയകുമാറിനും വാട്‌സ് ആപ്പില്‍ ചിത്രമയച്ചു. ഇദ്ദേഹം വെള്ളിയാഴ്ച വൈകീട്ട് എറണാകുളം നോര്‍ത്ത് റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ ബഞ്ചിലിരിക്കുന്ന സുറുമിയെ കണ്ടു.
ഉടനെ കാഞ്ഞിരപ്പള്ളിയിലെ ഷാഡോ പോലീസ് എ.എസ്.ഐ. പി.വി. വര്‍ഗീസിന് സന്ദേശംനല്‍കി. ഈ വിവരം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. അവരെത്തിയാണ് സുറുമിയെ പിടികൂടിയത്. 

ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് യുവതി വിശദീകരിച്ചത്. ഇതിനുള്ള പണത്തിനായാണ് പൊന്‍കുന്നം തെക്കേത്തുകവലയിലെ വീട്ടിലെത്തിയതെന്നും പണം കിട്ടാതെ വന്നപ്പോള്‍ മാല തട്ടിയെടുക്കുകയായിരുന്നുവെന്നും പിന്നീട്‌ മൊഴിനല്‍കി .
എറണാകുളം എം.ജി. റോഡിലെ ജൂവലറിയിലാണ് സുറുമി മാല വിറ്റത്. 20,200 രൂപ കിട്ടി. പിടിയിലാകുമ്പോള്‍ സുറുമിയുടെ ബാഗില്‍ 19800 രൂപയുണ്ടായിരുന്നു. രണ്ടു ബോട്ടില്‍ മുളക് സ്‌പ്രേയുമുണ്ടായിരുന്നു. 

ശനിയാഴ്ച പൊന്‍കുന്നം പോലീസ് ജൂവലറിയിലെത്തി മാല കണ്ടെടുത്തു. തെളിവെടുപ്പിനുശേഷം സുറുമിയെ പൊന്‍കുന്നം സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ പോലീസുകാര്‍ക്കുനേരെ തട്ടിക്കയറി. വൈദ്യപരിശോധനയ്ക്ക് കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്​പത്രിയിലെത്തിച്ചപ്പോള്‍ സുറുമി മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും കയര്‍ത്തു.

വെകീട്ട് കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോട്ടയം സ്‌പെഷല്‍ സബ്ജയിലില്‍ റിമാന്‍ഡ്‌ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. പി.യു. കുര്യാക്കോസ്, പൊന്‍കുന്നം സി.ഐ. വി.പി. മോഹന്‍ലാല്‍, എസ്.ഐ. കെ.ആര്‍. മോഹന്‍ദാസ്, പോലീസ് ഓഫീസര്‍മാരായ ഇക്ബാല്‍, സജീവന്‍ രേഖറാം, റോഷ്‌ന അലവി, ഷീന, അജ്മല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.