Latest News

മെത്തയുടെ ഇളം ചൂടില്‍ നിന്ന് മോര്‍ച്ചറിയുടെ തണുപ്പിലേക്ക്



ഗസ്സ സിറ്റി: ആയിരം നാവുകള്‍ ഉണ്ട്, ഇസ്രായേല്‍ നരനായാട്ട് തീര്‍ക്കുന്ന രക്തചരിത്രത്തില്‍ നിന്ന് ഗസ്സ പറയുന്ന ഓരോ കഥകള്‍ക്കും. തെറ്റും ശരിയും തിരിച്ചറിയാനാവാത്ത കുഞ്ഞുങ്ങളുടെ ചേതനയറ്റ ഉടലുകള്‍കൊണ്ട് നിറയുകയാണ് ആശുപത്രി മോര്‍ച്ചറികള്‍.

അബൂ മുസല്ല കുടുംബത്തിലെ അഹ്മദ്,വാല,മുഹമ്മദ് എന്നീ മൂന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ ആണ് അല്‍ഖിദ്റയിലെ അല്‍ ശിഫ ആശുപത്രി മോര്‍ച്ചറി ഏറ്റുവാങ്ങിയത്. 11കാരന്‍ അഹ്മദിന്‍റെ മുഖം പുകയും പൊള്ളലേറ്റുമേറ്റ് കാണാനാവാത്ത വിധം കറുത്തുപോയിരുന്നു. വീടിനുമേല്‍ ഷെല്ലുകള്‍ പതിക്കുമ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഈ കുടുംബം. തകര്‍ന്നടിഞ്ഞ വീടിന്‍റെ കൂമ്പാരത്തിനിടയില്‍ പെട്ട കുട്ടികളെ വലിച്ചു പുറത്തെടുക്കുന്ന പിതാവ് ഇസ്മായീല്‍ മുസല്ലമിനെയാണ് ആംബുലന്‍സുമായി എത്തിയവര്‍ ആ രാത്രിയില്‍ കണ്ടത്.

ഷെല്‍വര്‍ഷത്തിനിടെ മണിക്കൂറുകള്‍ വൈകി മൂന്നു മൃതദേഹങ്ങളും പേറി ചെറുസംഘം ആശുപത്രിയിലേക്ക് യാത്രയായി. ഏതുനിമിഷവും ഇസ്രായേലിന്‍റെ ബോബ് വര്‍ഷം പ്രതീക്ഷിച്ചുകൊണ്ടായിരുന്നു ആ യാത്ര. ‘ മെത്തയുടെ ഇളം ചൂടില്‍ ഉറങ്ങുകയായിരുന്നു ഈ കുട്ടികള്‍. ഇപ്പോള്‍ അവര്‍ യാത്രയാവുകയാണ് മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ കിടപ്പറയിലേക്ക്.’ നടത്തത്തിനിടെ ഒരു ബന്ധു പറഞ്ഞുകൊണ്ടിരുന്നു. വിടരുന്ന റോസാപൂവിന്‍റെ പ്രായമായിരുന്നു അവള്‍ക്ക്. എന്തു കുറ്റമാണ് അവള്‍ ഇസ്രായേലിനോട് ചെയ്തത്? അദ്ദേഹത്തിന്‍റെ ആ ചോദ്യം മറുപടികളില്ലാത്ത പ്രതിധ്വനിയായി. ഇസ്രായേല്‍ ഷെല്‍ വര്‍ഷം ഏറെ നീണ്ടു നിന്നതിനെ തുടര്‍ന്ന് കുട്ടികളുടെ സംസ്കാരവും വൈകി.

ശരീരം മുഴുക്കെ പൊള്ളലേറ്റ, കയ്യും കാലും അറ്റുതൂങ്ങിയ, തല തകര്‍ന്ന ഡസണ്‍ കണക്കിന് ശരീരങ്ങള്‍ ആണ് വടക്കന്‍ ഗസ്സയിലെ കമാല്‍ അദ് വാന്‍ ആശുപത്രിയിലേക്ക് ഒഴുകുന്നത്. സാധാരണഗതിയില്‍ ആശുപത്രിക്കകത്ത് ആണ് രോഗികള്‍ സുരക്ഷ അനുഭവിക്കുക. എന്നാല്‍, ഗസ്സയിലെ ആശുപത്രികളില്‍ ചെന്നാല്‍ അറിയാം. എന്തുമാത്രം അരക്ഷിതരാണ് ഇവിടെയുള്ള രോഗികളും പരിചാരകരും എന്ന്. ഏതു നിമിഷവും പതിച്ചേക്കാവുന്ന തീഗോളത്തിന്‍റെ ഭീതിയതില്‍ ജീവന്‍ ബലിയര്‍പിച്ച് ഉള്ള സൗകര്യങ്ങളില്‍ രോഗികളെ പരിചരിക്കുകയാണ് ഇവിടുത്തെ ഡോക്ടര്‍മാര്‍.

ഇസ്രായേല്‍ മിസൈലുകള്‍ ആശുപത്രികളെ എങ്ങനെ തകര്‍ത്തുകളയുന്നുവെന്ന് കണ്ടു കൊണ്ടിരിക്കുകയാണ് ഞങ്ങള്‍. ഇവിടെപോലും സുരക്ഷിതരല്ലെന്ന്‌ തിരിച്ചറിയുന്നു-ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 57കാരനായ അബു ഇയാദിന്‍റെ വാക്കുകള്‍. ബെയ്ത് ലാഹിയയിലെ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേന നിലയുറപ്പിച്ചതിന്‍റെ ഒരു കിലോമീറ്റര്‍ മാത്രം അകലെ നിന്നാണ് അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നത്.

ദക്ഷിണ ഗസ്സയിലെ ഖാന്‍ യൂനുസില്‍ റദ്വാന്‍ കുടംബത്തിന് ഒറ്റ രാത്രികൊണ്ട് നഷ്ടമായത് നാലു പേരെയാണ്. ഗസ്സക്കും ഇസ്രായേലിനും ഇടയിലെ ബഫര്‍സോണ്‍ ആയി അറിയപ്പെടുന്ന ഇവിടത്തെ കൃഷിഭൂമി ബുള്‍ഡോസര്‍ കൊണ്ട് വന്ന് ഇടിച്ചു നിരത്തിക്കളഞ്ഞു ഇസ്രായേല്‍.

കരയാക്രമണം തുടങ്ങിയതിനുശേഷം 24 മണിക്കൂറിനുള്ളില്‍ 55 ഫല്സതീനികള്‍ കൊല്ലപ്പെട്ടെന്ന് അല്‍ഖിദ്റയിലെ അല്‍ ശിഫ ആശുപത്രിയിലെ ഡോക്ടര്‍ അഷ്റഫ് അല്‍ ഖ്വദ്റി പറയുന്നു.

ഇസ്രായേല്‍ ആക്രമണം തുടരുകയാണെങ്കില്‍ തങ്ങള്‍ക്ക് ആശുപത്രി വിടേണ്ടി വരുമെന്ന് അല്‍ വഫ ആശുപത്രയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന 18 രോഗികളെ മറ്റെവിടേക്കെങ്കിലും മാറ്റാനുള്ള വഴി തേടുകയാണ് ഇവര്‍.

പോരാളികളുടെ തുരങ്കങ്ങളും റോക്കറ്റ് വിക്ഷേപിണികളും ലക്ഷ്യമിട്ടാണ് തങ്ങളുടെ കരയാക്രമണമെന്ന് ഇസ്രായേലിന്‍റെ വാദമെങ്കിലും നിരപരാധികളുടെ ജീവനുമേല്‍ ഷെല്‍വര്‍ഷം നടത്തിയാണ് സേന ഗസ്സക്കകത്തേക്ക് പ്രവേശിക്കുന്നത്.
(കടപ്പാട്: മാധ്യമം)

Keywords: World News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.