Latest News

കിസ് വ ഫാക്ടറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം

മക്ക: വിശുദ്ധ കഅ്ബക്ക് പട്ടില്‍ തീര്‍ത്ത പൊന്നാടയായ ‘കിസ്വ’യുടെ നിര്‍മാണജോലികള്‍ നേരിട്ടു കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. റംസാന്‍ പ്രമാണിച്ചാണ് ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രണ്ടുവരെ സന്ദര്‍ശകര്‍ക്ക് അവസരം നല്‍കിയതെന്ന് കിസ്വ ഫാക്ടറി ജനറല്‍ മാനേജര്‍ ഡോ. മുഹമ്മദ് അബ്ദുല്ല ബാജൗദ പറഞ്ഞു. 

നൂറില്‍ കവിയാത്ത ആളുകള്‍ക്ക് ഈ ദിവസങ്ങളില്‍ കമ്പനി സന്ദര്‍ശിക്കാനും വിവിധ ഘട്ടങ്ങളിലായുള്ള കിസ്വയുടെ നിര്‍മാണജോലികള്‍ നേരില്‍ കണ്ടു മനസ്സിലാക്കാനും സൗകര്യമുണ്ടാകും.
ഈ വര്‍ഷത്തെ ഹജ്ജിനു തയാറാക്കിയിട്ടുള്ള കിസ്വയുടെ നിര്‍മാണജോലികള്‍ ഫാക്ടറിയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത വര്‍ഷത്തേക്കുള്ള കിസ്വയുടെ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. 670 കിലോഗ്രാമിന്‍െറ മത്തേരം പട്ടില്‍ 134 പേരുടെ കരവിരുതില്‍ എട്ടു മുഴുമാസങ്ങളുടെ അധ്വാനത്തിലാണ് കഅ്ബയുടെ ഈ മേലാപ്പ് രൂപം കൊള്ളുന്നത്. 

ദീര്‍ഘകാലം വിദേശത്തായിരുന്ന കിസ്വയുടെ നിര്‍മാണജോലികള്‍ 1927ല്‍ ദിവംഗതനായ അബ്ദുല്‍അസീസ് രാജാവിന്‍െറ കാലത്താണ് സൗദിയിലേക്ക് കൊണ്ടുവന്നത്. മക്കയിലെ അജ്യാദില്‍ പണികഴിപ്പിച്ച ആദ്യ ഫാക്ടറി പിന്നീട് ഫെസല്‍ രാജാവിന്‍െറ കാലത്താണ് ഉമ്മുല്‍ ജൂദിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. 1977 മാര്‍ച്ച് എട്ടിന് ഖാലിദ് രാജാവ് പുതിയ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 1993 മുതല്‍ ഇരുഹറം കാര്യാലയത്തിന്‍െറ കീഴിലാണ് ഇത് പ്രവര്‍ത്തിച്ചുവരുന്നത്.
നെയ്ത്ത്, നൂല്‍നൂല്‍പ്, എംബ്രോയിഡറി എന്നിവയിലെല്ലാം പരിശീലനം നേടിയ പരമ്പരാഗത തൊഴിലാളികളാണ് കിസ്വയുടെ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് 38 വര്‍ഷമായി ഈ ജോലികള്‍ക്ക് നേതൃത്വം നല്‍കുന്ന ഹുസൈന്‍ അഹ്മദ് ശരീഫ് പറഞ്ഞു.
മക്കക്കാരായ തൊഴിലാളികളാണ് എല്ലാവരും. ഇറ്റലിയില്‍ നിന്നു കൊണ്ടുവരുന്ന മുന്തിയ പട്ട് കഅ്ബക്ക് അനുയോജ്യമായ കറുത്ത ചായത്തില്‍ മുക്കിയെടുക്കുകയാണ് പ്രഥമഘട്ടം. തുടര്‍ന്നു യന്ത്രസഹായത്തോടെ തുണി ആയത്തുകള്‍ ആലേഖനം ചെയ്യാനുള്ള സൗകര്യത്തില്‍ പ്രത്യേകമായി നെയ്തൊരുക്കുന്നു. മൂന്നാം വട്ടം കരവിരുതിന്‍െറ തുടക്കം. ക്ഷമാപൂര്‍വമുള്ള കൈയടക്കത്തോടെയുള്ള ഈ നെയ്ത്തുജോലി ഏറെ ശ്രമകരമാണ്. ശേഷം ഖുര്‍ആന്‍ സൂക്തങ്ങളുടെ ഉല്ലേഖനത്തിനും അലങ്കാരത്തിനും ഉപയോഗിക്കുന്ന നൂല്‍, സ്വര്‍ണ, വെള്ളിപാളികള്‍ എന്നിവയുടെ ഗുണനിലവാര പരിശോധന നടക്കും. 

പിന്നീട് അലങ്കാരപ്പണികള്‍ക്കുള്ള ഫ്രെയിം തയാറാക്കുന്നു. അതിനു ശേഷമാണ് തെരഞ്ഞെടുത്ത ഖുര്‍ആന്‍സൂക്തങ്ങള്‍ എംബ്രോയിഡറിയിലൂടെ കിസ്വയില്‍ കോര്‍ത്തുവെക്കുന്നത്. പിന്നീട് കിസ്വയെ തുണികൊണ്ട് പൊതിയുന്ന അവസാനഘട്ടം.
ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കു മേല്‍ സ്വര്‍ണത്തിന്‍െറ നേര്‍ത്ത പാളികള്‍ വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുക. എന്നാല്‍ വെള്ളിയുടെ അലങ്കാരപ്പണികള്‍ പൂര്‍ണമായും ലോഹത്തില്‍ തന്നെയാണ് ചെയ്യുന്നതെന്ന് ഹുസൈന്‍ ശരീഫ് പറഞ്ഞു.
പുതിയ കിസ്വ കഅ്ബയെ അണിയിക്കുന്നതോടെ പഴയ കിസ്വ രാജാവിന്‍െറ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആര്‍ക്കൈവ്സിലേക്ക് നീങ്ങും. അവിടെ നിന്നു വിശിഷ്ടാതിഥികള്‍ക്കും മറ്റും രാജാവ് ഇത് സമ്മാനിക്കാറുണ്ട്.
കിസ്വ ഫാക്ടറി സന്ദര്‍ശിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനമേധാവിയുടെ അനുമതിപത്രം സഹിതം ഉമ്മുല്‍ ജൂദിലെ ഓഫിസില്‍ അപേക്ഷിക്കുകയാണ് വേണ്ടത്. മുന്‍കൂര്‍ അനുമതി ലഭിച്ചവര്‍ക്കാണ് പ്രവേശം.

Keywords: World News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.