കാഞ്ഞങ്ങാട്: ഉദുമ നിയോജക മണ്ഡലത്തില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കുണിയ ദേശീയപാതയോരത്ത് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കോളേജ് എവിടെ വേണമെന്നതിനെ ചൊല്ലി യു ഡി എഫ് ഘടകകക്ഷികളായ കോണ്‍ഗ്രസും ലീഗും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. കോളേജ് ദേശീയപാതയോരത്ത് വേണമെന്ന മുസ്‌ലിം ലീഗ് നിലപാടിന് നിയോജക മണ്ഡലം എം എല്‍ എ സി പി എമ്മിലെ കെ കുഞ്ഞിരാമന്‍ പിന്തുണച്ചതോടെ ലീഗ് നേതൃത്വത്തിന് കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ഉദുമ നിയോജക മണ്ഡലത്തില്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അനുവദിച്ച് കൊണ്ട് ഗവണ്‍മെന്റ് ഉത്തരവിറങ്ങിയത്. ഈ കോളേജ് കോണ്‍ഗ്രസ് ശക്തികേന്ദ്രമായ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കാഞ്ഞിരടുക്കത്ത് വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. കോളേജ് കാഞ്ഞിരടുക്കത്ത് അനുവദിക്കാന്‍ കര്‍മ്മ സമിതിയും രൂപീകരിച്ചു. കാഞ്ഞിരടുക്കത്തിന് വേണ്ടി കോണ്‍ഗ്രസിനോടൊപ്പം കേരളാ കോണ്‍ഗ്രസും കൈകോര്‍ത്തതോടെ ഇക്കഴിഞ്ഞ മെയ് 26 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം കോളേജ് കാഞ്ഞിരടുക്കത്ത് അനുവദിക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തുകയും ചെയ്തു.
ക്ലാസുകള്‍ തുടങ്ങുന്നതിന് 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സൗകര്യം സൗജന്യമായി നല്‍കാമെന്ന് കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് വികാരിയും നിലപാടെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസ സൗകര്യത്തിന് ഹോസ്റ്റല്‍ സംവിധാനം ഒരുക്കാന്‍ സമീപത്തെ കോണ്‍വെന്റും തയ്യാറായി.
ദേശീയപാതയില്‍ പെരിയയില്‍ നിന്നും പാണത്തൂര്‍ സംസ്ഥാന പാതയിലെ ഇരിയ, ബന്തടുക്ക എന്നിവിടങ്ങളില്‍ നിന്നും കാഞ്ഞിരടുക്കത്തേക്കുള്ള റോഡ് സൗകര്യവും ഉറപ്പ് വരുത്തുകയും ചെയ്തു. കോളേജ് കാഞ്ഞിരടുക്കത്ത് തന്നെ എന്ന് ഉറപ്പിക്കുന്നതിനിടെയാണ് ദേശീയപാതയോരത്ത് തന്നെ കോളേജ് അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്‌ലിം ലീഗ് നേതൃത്വം പരസ്യ നിലപാടുമായി രംഗത്ത് വന്നത്.
ഇതിനിടെ ഉദുമ മണ്ഡലത്തില്‍ കോളേജ് അനുവദിച്ച കാര്യം ചര്‍ച്ച ചെയ്യാന്‍ സ്ഥലം എം എല്‍ എ കെ കുഞ്ഞിരാമന്‍ പൊയിനാച്ചിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിപ്പെടാന്‍ സൗകര്യപ്രദമായ രീതിയില്‍ ദേശീയപാതയോരത്ത് തന്നെ കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പെരിയാട്ടടുക്കം, ബട്ടത്തൂര്‍, കുണിയ എന്നീ സ്ഥലങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു യോഗത്തിന്റെ നിര്‍ദ്ദേശം.
എം എല്‍ എ എന്ന നിലയില്‍ കോളേജിന് വേണ്ടി അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ കെ കുഞ്ഞിരാമനെ ചുമതല ഏല്‍പ്പിച്ച ശേഷം കാഞ്ഞിരടുക്കത്ത് കര്‍മ്മ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ് -കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്ത് വന്നത് എം എല്‍ എയെയും സി പി എമ്മിനെയും പ്രകോപിപ്പിക്കുകയും ചെയ്തു. ഇതിനിടെ എം എല്‍ എ നിര്‍ദ്ദേശിച്ച സ്ഥലത്ത് കോളേജ് അനുവദിക്കണമെന്ന് മുസ്‌ലിം ലീഗും നിലപാടെടുത്തു. ഇതോടെയാണ് കുണിയ ദേശീയപാതക്കരികില്‍ കോളേജ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം അന്തിമമായി തീരുമാനിച്ചത്. വെളളിയാഴ്ച കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനം കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്തു.
കാഞ്ഞങ്ങാട്-കാസര്‍കോട് ദേശീയപാത റൂട്ടില്‍ കുണിയയില്‍ നിന്ന് ഇടത്തോട്ട് നൂറുമീറ്റര്‍ അകലെ ചെറൂട്ടി റോഡിലാണ് കോളേജ് കെട്ടിടം പണിയാനുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഈ സ്ഥലം കോളേജിയേറ്റ് ഡയറക്ടറും സംഘവും പരിശോധിച്ചു. കോളേജിന്റെ താല്‍ക്കാലിക പ്രവര്‍ത്തനത്തിന് വേണ്ടി കുണിയ ജമാഅത്തിന്റെ മദ്രസാ കെട്ടിടത്തിലും കുണിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി നബാര്‍ഡിന്റെ ഫണ്ടുപയോഗിച്ച് പുതുതായി പണിത 21 ക്ലാസ് മുറികളുള്ള കെട്ടിടവും കണ്ടെത്തിയിട്ടുണ്ട്.
അതോടൊപ്പം കുണിയയിലെ തന്നെ അടച്ച് പൂട്ടിയ സ്വകാര്യ സ്‌കൂളും കോളേജിന് വേണ്ടി വിട്ടുകൊടുക്കാന്‍ ഉടമ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment