കാസര്‍കോട്: നെല്ലിക്കുന്നില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികള്‍ അതിദാരുണമായി മരിച്ചു. ശനിയാഴ്ച വൈകിട്ട് 4.15 മണിയോടെ നെല്ലിക്കുന്ന് മൊയ്തീന്‍പള്ളി റോഡില്‍ (പഴയ റേഷന്‍ ഷോപ്പ്) ആയിരുന്നു അപകടം. നെല്ലിക്കുന്നിലെ എ.എം.സി സാബിറിന്റെ മകന്‍ സജാദ് (15), നെല്ലിക്കുന്നിലെ മുഹമ്മദിന്റെ മകന്‍ മുബാരിസ് (10), നെല്ലിക്കുന്നിലെ സൗദിയില്‍ ജോലി ചെയ്യുന്ന
അഫ്രാസിന്റെ മകന്‍ അഫ്രാക്ക് (ഏഴ്) എന്നിവരാണ് മരിച്ചത്. സജാദ് തല്‍സമയവും മുബാരിസ്, അഫ്രാക്ക് എന്നിവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരിച്ചത്.
സജാദ് ഗള്‍ഫില്‍ വിദ്യാര്‍ത്ഥിയാണ്. പെരുന്നാള്‍ ആഘോഷത്തിനായി നാട്ടിലെത്തിയതായിരുന്നു. മുബാരിസ് നെല്ലിക്കുന്ന് എ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും അഫ്രാക്ക് കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ആക്ടിവ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മൂവരെയും ആകസന്റ് കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നെല്ലിക്കുന്ന് ജംഗ്ഷന്‍ ഭാഗത്ത് നിന്നും വരികയായിരുന്നു കാറാണ് മൊയ്തീന്‍ പള്ളി റോഡിലേക്ക് വരികയായിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണാണ് മൂവരും മരിച്ചത്.
സജാദാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. അപകട വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ അപകടം നടന്ന സ്ഥലത്തും ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി തടിച്ചുകൂടി.
രേഷ്മയാണ് മുബാരിസിന്റെ മാതാവ്. സഹോദരങ്ങള്‍: മിനാദ്, മിസ്‌ന. സഫ്രീനയാണ് അഫ്രാഖിന്റെ മാതാവ്. സഹോദരങ്ങള്‍: അഫ്രീന, നഫീസ, ഫിസ. ജാസ്മിനാണ് സജാദിന്റെ മാതാവ്. സഹോദരങ്ങള്‍: ഷംസി, ഷഹാന, സൈനബ. ദുബൈ ആസ്ഥാനമായ പ്രമുഖ വ്യാപാര സ്ഥാപനമായ എ.എം.ടിയുടെ മാനേജിംഗ് പാട്ണറാണ് സജാദിന്റെ പിതാവ് സാബിര്‍.
നോമ്പിന് കുടുംബസമേതം നാട്ടിലെത്തിയ സാബിര്‍ ഒരാഴ്ചയ്ക്ക് ശേഷം ദുബൈയിലേക്ക് തിരിച്ചുപോയിരുന്നു. പെരുന്നാളിന് ഒരാഴ്ച മുമ്പ് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് മകന്‍ അപകടത്തില്‍ മരണപ്പെട്ടതായുള്ള വിവരമറിഞ്ഞത്. അഫ്രാഖിന്റെ പിതാവ് അഫ്രാസ് സൗദിയിലാണ്.
No comments:
Post a Comment