Latest News

അശാസ്‌ത്രീയമായി ഡെപ്പോസിറ്റ്‌ ഈടാക്കുന്നു; വൈദ്യുതി ബില്ലുകളില്‍ വന്‍വര്‍ധന

കാസര്‍കോട്‌ : വൈദ്യുതി ബോര്‍ഡ്‌ അശാസ്‌ത്രീയമായി ഡെപ്പോസിറ്റ്‌ തുക ഈടാക്കുന്നതു വൈദ്യുതി ബില്ലില്‍ വന്‍വര്‍ധനയ്‌ക്കു വഴിയൊരുക്കുന്നു. കഴിഞ്ഞ തവണത്തെ വൈദ്യുതി നിരക്ക്‌ വര്‍ധനയ്‌ക്ക്‌ ആനുപാതികമായാണു ഡെപ്പോസിറ്റ്‌ ഈടാക്കുന്നതെന്നതിനാല്‍ വലിയ ബാധ്യതയാണ്‌ ജനങ്ങള്‍ക്കുണ്ടായിരിക്കുന്നത്‌.

രണ്ടുമാസത്തിലൊരിക്കല്‍ ബില്ലടയ്‌ക്കുന്നവര്‍ മൂന്നുമാസത്തെ തുകയാണു ഡെപ്പോസിറ്റായി അടയ്‌ക്കേണ്ടത്‌. മാസത്തിലൊരിക്കല്‍ ബില്ലടയ്‌ക്കുന്നവര്‍ രണ്ടുമാസത്തെ നിരക്ക്‌ ഡെപ്പോസിറ്റായി നല്‍കണം. 450 രൂപ ദൈ്വമാസ ബില്ലായി അടയ്‌ക്കേണ്ടവരില്‍ നിന്നു 350 രൂപയാണ്‌ ഡെപ്പോസിറ്റായി ഇപ്പോള്‍ അധികം ഈടാക്കുന്നത്‌.1000 രൂപ ബില്ലടയ്‌ക്കേണ്ടവര്‍ 850 രൂപയ്‌ക്കു മുകളിലാണു ഡെപ്പോസിറ്റായി അധികം നല്‍കേണ്ടത്‌. ഇതോടെ വൈദ്യുതി ബില്‍ തുക കുത്തനെ ഉര്‍ന്നിട്ടുണ്ട്‌. 2014-ലെ വൈദ്യുതി ഉപയോഗം സംബന്ധിച്ച വൈദ്യുതി സപ്ലൈ കോഡ്‌ ചട്ടങ്ങളനുസരിച്ചാണു ബോര്‍ഡിന്റെ നടപടി.

ആദ്യമായി വൈദ്യുതി കണക്ഷനെടുക്കുമ്പോള്‍ ഒരു ഉപയോക്‌താവ്‌ വൈദ്യുതി ബോര്‍ഡില്‍ അടയ്‌ക്കുന്ന തുകയാണ്‌ അഡീഷണല്‍ കാഷ്‌ ഡെപ്പോസിറ്റ്‌(എ.സി.ഡി.). മൂന്നുമാസത്തെ ശരാശരി ബില്‍ തുക ഡെപ്പോസിറ്റായി വേണമെന്നാണു ചട്ടം. ഒരു ഉപയോക്‌താവിന്റെ ഒരു വര്‍ഷത്തെ വൈദ്യുതി ഉപയോഗത്തിന്റെ ശരാശരി തുക ഈ കാഷ്‌ ഡെപ്പോസിറ്റിനേക്കാള്‍ വര്‍ധിക്കുമ്പോഴാണു ബോര്‍ഡ്‌ വീണ്ടും കാഷ്‌ ഡെപ്പോസിറ്റ്‌ ഈടാക്കുന്നത്‌. വൈദ്യുതി ഉപയോഗത്തിന്റെ ശരാശരി കാഷ്‌ ഡെപ്പോസിറ്റിനെക്കാള്‍ കുറവാണെങ്കില്‍ ആ തുക ബില്ലില്‍ കുറയ്‌ക്കും. അതായത്‌, ഒരു ഉപയോക്‌താവിന്റെ ഒരു വര്‍ഷത്തെ വൈദ്യുതി ഉപയോഗത്തില്‍ നിന്നു ഒരു മാസത്തെ ശരാശരി ഉപയോഗം കണ്ടുപിടിക്കും. ആ തുകയെ മൂന്നുകൊണ്ടു ഗുണിച്ചാണു ഡെപ്പോസിറ്റായി ഈടാക്കേണ്ട തുക കണ്ടുപിടിക്കുന്നത്‌. മൂന്നുമാസത്തെ കറണ്ട്‌ ചാര്‍ജിനു തുല്യമായ തുകയായിരിക്കും ഇത്‌.

ബില്ലിനൊപ്പം പ്രത്യേക നോട്ടീസുകള്‍ നല്‍കിയാണു വൈദ്യുതി ബോര്‍ഡ്‌ തുക പിരിക്കുന്നത്‌. ബില്ലില്‍ ഡെപ്പോസിറ്റ്‌ എന്നതിനുപകരം കുടിശിക എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. തുക അടച്ചില്ലെങ്കില്‍ സപ്ലൈ കോഡിലെ 67-ാം വകുപ്പുപ്രകാരം വൈദ്യുതി വിച്‌േഛദിക്കുമെന്നാണു ബോര്‍ഡിന്റെ മുന്നറിയിപ്പ്‌.

ലക്ഷക്കണക്കിന്‌ ഉപയോക്‌താക്കളില്‍ നിന്നു വന്‍തോതില്‍ ഡെപ്പോസിറ്റ്‌ തുക ഈടാക്കുന്നതിലൂടെ വലിയ ലാഭമാണ്‌ ബോര്‍ഡിനുണ്ടാകുന്നത്‌. ഡെപ്പോസിറ്റ്‌ തുകയ്‌ക്ക്‌ 8.5 ശതമാനം പലിശ നല്‍കാറുണ്ടെന്നും ഇതു ബില്ലില്‍ കുറയ്‌ക്കാറുണ്ടെന്നുമുള്ള ബോര്‍ഡിന്റെ വാഗ്‌ദാനം പലപ്പോഴും പാലിക്കപ്പെടാറില്ല. കണക്കുകള്‍ പരിശോധിക്കാന്‍ ഉപയോക്‌താക്കള്‍ക്കു കഴിയാറുമില്ല.

Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.