Latest News

ചാരിത്ര്യം തെളിയിക്കാന്‍ യുവതിയ്ക്ക് ഗ്രാമസഭയുടെ 'അഗ്നിപരീക്ഷ'

ഇന്‍ഡോര്‍: ചാരിത്ര്യം തെളിയിക്കാനായി വിവാഹിതയായ യുവതിയോട് ചുട്ടുപഴുത്ത ഇരുമ്പു ദണ്ഡ് കയ്യിലെടുക്കാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുക്കാന്‍ ഇന്‍ഡോറിലെ കോടതി ഉത്തരവിട്ടു.

യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും അടുത്ത രണ്ടു ബന്ധുക്കള്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചാരിത്ര്യം തെളിയിക്കാനായി സ്ത്രീകളെ അഗ്നിപരീക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. തിളച്ച എണ്ണയില്‍ കൈ മുക്കിയും തീയിലൂടെ നടന്നുമെല്ലാം നടത്തുന്ന അഗ്നിപരീക്ഷയില്‍ 'പരുക്കേല്‍ക്കാതെ' രക്ഷപ്പെട്ടാല്‍ സ്ത്രീ 'ചാരിത്ര്യവതി'യാണെന്ന് ഉറപ്പാക്കാം. പൊള്ളലേല്‍ക്കുകയാണെങ്കില്‍ അവള്‍ അപഥസഞ്ചാരിയാണെന്നും. എന്നാല്‍ ഇത് പ്രാചീന കാലത്ത് മാത്രം നിലനിന്നിരുന്ന സമ്പ്രദായമല്ലെന്നാണ് ഇന്‍ഡോറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2007-ലാണ് യുവതിയുടെ വിവാഹം നടന്നത്. സ്ത്രീധനമായി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട് യുവതിയെ ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ വീട്ടുകാരും നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ അഭിഭാഷകന്‍ പറയുന്നു. പണം കിട്ടാതെ വന്നതിനെ തുടര്‍ന്ന് യുവതിയ്ക്ക് എതിരെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവിഹിതബന്ധം ആരോപിക്കുകയായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ജീവിക്കണമെങ്കില്‍ ഗ്രാമസഭയ്ക്ക് മുന്നില്‍ അഗ്നിപരീക്ഷയിലൂടെ യുവതി തന്റെ ചാരിത്ര്യം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ഗ്രാമവാസികള്‍ക്കു മുന്നില്‍, തീയില്‍വെച്ച് പഴുപ്പിച്ച ഇരുമ്പുദണ്ഡ് കൈകൊണ്ട് എടുക്കാനായിരുന്നു യുവതിയോട് ആവശ്യപ്പെട്ടത്. ഇതിനു വിസമ്മതിച്ച യുവതിയെയും വീട്ടുകാരെയും ഗ്രാമസഭ ഊരുവിലക്കി.

കഴിഞ്ഞ ഫിബ്രവരി മുതല്‍ തന്നെയും മാതാപിതാക്കളെയും ഗ്രാമത്തില്‍ നടക്കുന്ന ഒരു പരിപാടിയിലും പങ്കെടുപ്പിക്കുന്നില്ലെന്നും ആരും തങ്ങളുടെ വീട്ടിലേക്ക് വരുന്നില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കാഞ്ചാര്‍ സമുദായത്തില്‍പെട്ട യുവതിയ്ക്കാണ് ഈ ദുരവസ്ഥ.

അതേസമയം, ഇക്കാര്യം മധ്യപ്രദേശിലെ കാഞ്ചാര്‍ സമുദായത്തിന്റെ സംഘടനയുടെ നേതാവായ ശാശി ഖതാബ്യ നിഷേധിച്ചിട്ടുണ്ട്. അഗ്നിപരീക്ഷ പ്രാചീനകാലത്തെ സമ്പ്രദായമാണെന്നും ആധുനിക സമൂഹത്തില്‍ അതിന് യാതൊരു പ്രസക്തിയുമില്ലെന്നും അവര്‍ പറഞ്ഞു.


Keywords:National, Case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.