Latest News

ഗൂഗിളിന്റെ ഓര്‍ക്കുട്ടിന് അന്ത്യമാകുന്നു

ലണ്ടന്‍: ലോകയുവജനതയെ സോഷ്യല്‍ സൈറ്റുകളുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഗൂഗിളിന്റെ ഓര്‍ക്കുട്ടിന് അന്ത്യമാകുന്നു. ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങിയവയുടെ കടന്നുകയറ്റത്തോടെ വിസ്മൃതിയിലായ ഓര്‍ക്കൂട്ട് ഉപഭോക്താക്കളാല്‍ ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സൈറ്റ് പിന്‍വലിക്കാന്‍ ആലോചിക്കുന്നത്.

സപ്തംബര്‍ 30 ഓര്‍ക്കുട്ടിന്റെ ചരമദിനമായിരിക്കുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓര്‍ക്കുട്ട് ബ്ലോഗിലൂടെ തന്നെയാണ് ഗൂഗിള്‍ അധികൃതര്‍ ഇക്കാര്യം പുറത്തുവിട്ടത്. സെപ്റ്റംബര്‍ 30നു മുമ്പ് ഓര്‍ക്കൂട്ട് അക്കൗണ്ട് ഡിലീറ്റ് ചെയ്യാത്തവരുടെ വിവരങ്ങള്‍ കമ്മ്യൂണിറ്റി ആര്‍ക്കൈവിലേക്കു മാറ്റുമെന്നു ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഓര്‍ക്കൂട്ട് നിര്‍ത്തിയാലും പഴയ ഡാറ്റകള്‍ സൂക്ഷിച്ചുവെക്കും.

ഇന്ത്യക്കാരും ബ്രസീലുകാരുമാണ് നിലവില്‍ ഓര്‍ക്കുട്ട് ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷവും. 50.6 ശതമാനവും ബ്രസീലുകാരും 20.44 ശതമാനം ഇന്ത്യക്കാരുമാണ് ഓര്‍ക്കുട്ടിനെ മുറുകെ പിടിച്ചിരിക്കുന്നത്.

ഗൂഗിളിന്റെ തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഗൂഗിള്‍ പ്ലസ്, ബ്ലോഗിംഗ് തുടങ്ങിയവയുടെ വരവാണ് ഓര്‍ക്കുട്ടിന് തിരിച്ചടിയായതെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഫേസ്ബുക്ക് ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ സ്വാധീനമാണ് ഓര്‍ക്കുട്ടിന്റെ പതനത്തിന് കാരണമായതെന്നതാണ് സത്യം.

2004ല്‍ ഫേസ്ബുക്ക് ആരംഭിച്ച വര്‍ഷം തന്നെയാണ് ഓര്‍ക്കുട്ടും തുടങ്ങിയതെങ്കിലും തുടക്കത്തില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത് ഓര്‍ക്കുട്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ ഒരേ ചരടില്‍ കോര്‍ത്ത മുത്തുകള്‍ പോലെ പരസ്പരം അറിയാനും പങ്കുവെയ്ക്കാനും ഓര്‍ക്കുട്ട് സഹായിച്ചു. 2010ഓടെ ഫേസ്ബുക്ക് മുന്നിലെത്തിയതോടെയാണ് യുവജനത ഓര്‍ക്കുട്ടിനെ കൈവിടുന്നത്.

ഓര്‍ക്കൂട്ട് ഓര്‍മയിലേക്കു മടങ്ങുന്നതിനു മുമ്പായി അവസാന സ്‌ക്രാപ്പ് പോസ്റ്റു ചെയ്യാനുള്ള മത്സരത്തിലാണ് ഓര്‍ക്കൂട്ട് ആരാധകര്‍. ഫേയ്‌സ്ബുക്ക് യുഗത്തിലും ഓര്‍ക്കൂട്ടിനെ കൈവിടാതെ നെഞ്ചോടു ചേര്‍ത്ത ആയിരകണക്കിനാളുകള്‍ ഇന്ത്യയില്‍ ഇപ്പോളുമുണ്ട്.

Keywords: Google Orkut, World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News









No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.