Latest News

ഗസ്സയിലെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് ബ്രസീല്‍ അംബാസഡറെ തിരികെ വിളിച്ചു

ബ്രസീലിയ: ഗസ്സയിലെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് ബ്രസീല്‍ തങ്ങളുടെ അംബാസഡറെ ഇസ്രാഈലില്‍ നിന്ന് തിരിച്ചുവിളിച്ചു. ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. ഗസ്സ മുനമ്പിനു മേലുള്ള ഇസ്രാഈലിന്റെ അനുചിതമായ ആയുധപ്രയോഗത്തെ ശക്തമായി അപലപിക്കുന്നതായും ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 'ഗസ്സയില്‍ കുട്ടികളും സ്ത്രീകളുമടക്കം കൊല്ലപ്പെടുന്നവരില്‍ ഏറെയും നിരപരാധികളാണ്. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇസ്രാഈലിനെതിരെ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ബ്രസീല്‍ വോട്ട് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ തെല്‍ അവീവിലെ അംബാസഡറെ ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ തിരിച്ചുവിളിക്കുകയാണ്'-ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഇസ്രാഈലിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങുന്ന മൂന്നാമത്തെ ലാറ്റിനമേരിക്കന്‍ രാജ്യമാണ് ബ്രസീല്‍. നേരത്തെ ചിലി ഇസ്രാഈലുമായുള്ള വാണിജ്യ കരാര്‍ അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ബൊളീവിയ ഇസ്രാഈലിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തു. ജനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ഇസ്രാഈലിനെതിരെ വോട്ട് ചെയ്ത 29 രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. ബ്രസീലിന്റെ തീരുമാനത്തെ ഇസ്രാഈല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

വാണിജ്യ, സാംസ്‌കാരിക ഭീമനായ ബ്രസീല്‍ ഒരു കുള്ളനെപ്പോലെ പെരുമാറുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയ വക്താവ് യിഗല്‍ പാല്‍മര്‍ പറഞ്ഞു. ഇസ്രാഈലുമായി നയതന്ത്ര ബന്ധമുള്ള അപൂര്‍വം അറബ് രാജ്യങ്ങളിലൊന്നായ മൗറിത്താനിയ തങ്ങളുടെ അംബാസഡറെ കഴിഞ്ഞ ദിവസം തെല്‍ അവീവില്‍ നിന്ന് തിരികെ വിളിച്ചിരുന്നു.

Keywords: Brazil, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.