Latest News

പോലീസ് ജീപ്പില്‍ ലോറിയിടിച്ചുകയറ്റി മണല്‍ക്കടത്ത് സംഘം രക്ഷപ്പെട്ടു.

കണ്ണൂര്‍: പോലീസ് ജീപ്പില്‍ ലോറിയിടിച്ചുകയറ്റി മണല്‍ക്കടത്ത് സംഘം രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ വാടിക്കല്‍ക്കടവ് പാലത്തിനടുത്താണ് സംഭവം. ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ. അടക്കുള്ള നാലു പോലീസുകാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

രാത്രി മണല്‍ക്കടത്ത് വ്യാപകമായതിനാല്‍ പരിശോധനയ്ക്കിറങ്ങിയതായിരുന്നു എ.എസ്.ഐ. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം. പാലത്തിനടുത്തായി റോഡില്‍ നിര്‍ത്തിയതായിരുന്നു ജീപ്പ്. മണല്‍ കയറ്റി ഇതുവഴി വന്ന ലോറിനിര്‍ത്താന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടു. ഉടനെ ജീപ്പിടിച്ചുതെറിപ്പിച്ച് സെയ്താര്‍പള്ളി റോഡിലേക്ക് ലോറി ഓടിച്ചുപോയി.

ജീപ്പിന് കാര്യമായ കേട് പറ്റാതിരുന്നതിനാല്‍ അതേവണ്ടിയില്‍ ലോറിയെ പോലീസുകാര്‍ പിന്തുടര്‍ന്നു. അമിതവേഗത്തിലായിരുന്ന ലോറിയെ മറികടക്കാന്‍ കഴിഞ്ഞില്ല. പോലീസ് ജീപ്പ് തൊട്ടുപിറകിലെത്തിയപ്പോള്‍ ലോറി പെട്ടെന്ന് നിര്‍ത്തി. പിന്നെ, പിറകോട്ടെടുത്ത് ജീപ്പിലേക്ക് ഇടിച്ചുകയറ്റി. ജീപ്പിന്റെ മുന്‍ഭാഗം തകര്‍ന്ന് ടയര്‍ കറങ്ങാതെ കുരുങ്ങി. മണല്‍ക്കടത്ത് സംഘം ലോറിയുമായി രക്ഷപ്പെട്ടു.

കൂടുതല്‍ പോലീസെത്തി പരിശോധന നടത്തിയെങ്കിലും ലോറി പിടികൂടാനായില്ല. പോലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചവരെക്കുറിച്ച് സൂചന കിട്ടിയതായി എസ്.ഐ. ഇ.കെ.ഷിജു പറഞ്ഞു. മൂന്നുപേരാണ് ലോറിയിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

മുട്ടം, പഴയങ്ങാടി, മാട്ടൂല്‍ ഭാഗങ്ങളില്‍ മണല്‍ക്കടത്തിനെതിരെ എസ്.ഐ.യുടെ നേതൃത്വത്തില്‍ നടപടി കര്‍ശനമാക്കിയിരുന്നു. ഇതാണ് മണല്‍ക്കടത്തുകാരെ പ്രകോപിപ്പിച്ചത്.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.