Latest News

ബാലകൃഷ്ണന്‍ വധം; വിചാരണ നീട്ടിവെക്കണമെന്ന് ഭാര്യയും സിപിഎം ലോക്കല്‍ സെക്രട്ടറിയും

ഉദുമ: മാങ്ങാട് സി പി എം ബ്രാഞ്ച് സെക്രട്ടറി എം വി ബാലകൃഷ്ണന്‍ കുത്തേറ്റു മരിച്ച കേസിന്റെ വിചാരണ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണന്റെ ഭാര്യ അനിതയും കേസിലെ ഒന്നാം സാക്ഷിയും സി പി എം മാങ്ങാട് ലോക്കല്‍ സെക്രട്ടറിയുമായ വിജയനും സംയുക്തമായി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

തലശ്ശേരിയിലെ അഭിഭാഷകന്‍ കെ വിശ്വനാണ് ഇവര്‍ക്കു വേണ്ടി ഹരജി ഫയല്‍ ചെയ്തത്. കേസിലെ അഞ്ചാം പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കടവങ്ങാനം ഷിബു, ആറാം പ്രതി മജീദ് മാങ്ങാട് എന്നിവരെ ഇനിയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവരെ അറസ്റ്റു ചെയ്തതിനു ശേഷം വിചാരണ ഒന്നിച്ചു പൂര്‍ത്തിയാക്കിയാല്‍ മതി എന്നുമാണ് ഇവര്‍ ഹരജിയില്‍ ബോധിപ്പിച്ചത്.
ഹരജി പരിഗണിച്ച കോടതി വിചാരണ നീട്ടിവക്കുന്നതില്‍ പ്രതികള്‍ക്ക് വല്ല ആക്ഷേപവും ബോധിപ്പിക്കാനുണ്ടെങ്കില്‍ അതിന് അവസരം നല്‍കി ഹരജി ആഗസ്റ്റ് 16 ലേക്ക് മാറ്റി.
കേരള ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ച് ഈ കേസിന്റെ വിചാരണ ആഗസ്റ്റ് 18 ന് തുടങ്ങി സെപ്തംബര്‍ 29 ന് പൂര്‍ത്തിയാക്കാനാണ് ജില്ലാ സെഷന്‍സ് കോടതി തീരുമാനിച്ചത്. വിചാരണ തുടങ്ങാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വിചാരണ നീട്ടിവെക്കണമെന്ന ആവശ്യവുമായി കോടതി മുമ്പാകെ ഹരജി എത്തിയത്.
2013 സെപ്തംബര്‍ 13 ന് തിരുവോണ നാളിലാണ് ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ വൈകിയ വേളയില്‍ വിചാരണ മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് സി പി എം രംഗത്ത് വന്നത് എന്തിനെന്ന് വ്യക്തമല്ല. ഈ കേസില്‍ 78 സാക്ഷികളാണ് ഉള്ളത്.
സാക്ഷികളില്‍ ഭൂരിഭാഗം പേരും സി പി എം അനുഭാവികളോ പ്രവര്‍ത്തകരോ നേതാക്കളോ ആണ്. ഇവര്‍ക്കൊക്കെ വിചാരണ നടപടികളുടെ മുന്നോടിയായി സമന്‍സ് അയച്ചു കൊടുത്തിരുന്നു.
നാളിതു വരെ ഒരു സാക്ഷിയും ജില്ലാ സെഷന്‍സ് കോടതിയിലെ ഗവര്‍മെന്റ് പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ അഡ്വ. സി ഷുക്കൂറുമായി ബന്ധപ്പെടുകയോ നേരില്‍ കണ്ട് കേസി പഠിക്കാന്‍ താത്പര്യം കാട്ടുകയോ ചെയ്തിട്ടില്ല. 

ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് നിലവില്‍ ആഗസ്റ്റ് 18 ന് തന്നെ കേസിന്റെ വിചാരണ ജില്ലാ കോടതിയില്‍ ആരംഭിക്കേണ്ടതായിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സാക്ഷികളെ കേസി പഠിപ്പിക്കാന്‍ സമയം തീരെ കിട്ടിയെന്നു വരില്ല.
അതിനിടെ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അനിതയും വിജയനും ഉദുമ എം എല്‍ എ കെ കുഞ്ഞിരാമനോടൊപ്പം തിരുവനന്തപുരത്ത് ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അപേക്ഷ നല്‍കിയിരുന്നു. മുഖ്യമന്ത്രി ഈ അപേക്ഷ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. ടി ആസഫലിക്ക് കൈമാറിയിട്ടുണ്ട്. ഈ അപേക്ഷയില്‍ ഇനിയും തീരുമാനമായിട്ടില്ല.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.