കാഞ്ഞങ്ങാട്: മാതാവുമായി വാക്ക്തര്‍ക്കത്തിലേര്‍പ്പെട്ട യുവാവ് തടസ്സം പിടിക്കാനെത്തിയ വലിയമ്മയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
അരയി ചാളക്കുഴിയിലെ ടി സന്തോഷിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വലിയമ്മയായ കാരിച്ചിയെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് സന്തോഷിനെതിരായ കേസ്.
2013 മെയ് 22നാണ് കേസിനാസ്പദമായ സംഭവം. സന്തോഷിന്റെ ബന്ധുവായ കുമാരന്‍ വീടിന്റെ അടുക്കളഭാഗത്തുള്ള മണ്‍തിട്ട മണ്‍വെട്ടി കൊണ്ട് വെട്ടി നിരപ്പാക്കിയിരുന്നു. ഇതുമൂലം സന്തോഷിന്റെ വീട്ടിലേക്ക് വലിയ താഴ്ച പ്രത്യക്ഷപ്പെട്ടു. കുമാരനോട് മതില്‍ നിര്‍മ്മിച്ച് തരാന്‍ ആവശ്യപ്പെടണമെന്ന് മാതാവ് മാധവിയോട് സന്തോഷ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മാധവി ഇക്കാര്യം കുമാരനെ അറിയിച്ചിരുന്നില്ല. ഇതില്‍ പ്രകോപിതനായ സന്തോഷ് മാധവിയോട് ഇതേക്കുറിച്ച് ചോദിക്കുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.
പ്രശ്‌നത്തില്‍ ഇടപെട്ട കാരിച്ചി തടസ്സം പിടിക്കാന്‍ ചെന്നപ്പോള്‍ സന്തോഷ് തള്ളിമാറ്റി. ഇതേ തുടര്‍ന്ന് കാരിച്ചി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കാരിച്ചിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാരിച്ചിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയതോടെ വീഴ്ചയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തി.
ഇതേ തുടര്‍ന്ന് ബന്ധുവായ അരയിയിലെ പുരുഷുവിന്റെ പരാതിയില്‍ സന്തോഷിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ സന്തോഷിനെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് സിഐ ടി പി സുമേഷാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment