Latest News

നോമ്പുകാരനെ ചപ്പാത്തി തീറ്റിച്ച എം.പിക്കെതിരായ നടപടി റിപോര്‍ട്ട് സമര്‍പ്പിക്കണം: കോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രാസദനിലെ നോമ്പുകാരനായ ജീവനക്കാരനെ ബലമായി ചപ്പാത്തി തീറ്റിച്ച സംഭവത്തില്‍ ശിവസേന എം.പി. രാജന്‍ വിചാരയ്‌ക്കെതിരേ കേസെടുത്തതുമായി ബന്ധപ്പെട്ട നടപടി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലിസിന് മെട്രോപോളിറ്റന്‍ കോടതി നിര്‍ദേശം നല്‍കി.

സാമൂഹികപ്രവര്‍ത്തകനായ കംറാന്‍ സിദ്ദീഖി സമര്‍പ്പിച്ച പരാതിയിലാണ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ആകാശ് ജെയിനിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് ജീവനക്കാരന്‍ പരാതിയുമായി മുന്നോട്ടുവരാത്ത സാഹചര്യത്തില്‍ ഹരജിക്കാരന് എന്താണ് ഇക്കാര്യത്തില്‍ താല്‍പ്പര്യമെന്ന് കോടതി ചോദിച്ചു.

ഹരജിക്കാരന്‍ പൊതുപ്രവര്‍ത്തകനാണെന്നും അദ്ദേഹം നിരവധി വിഷയങ്ങളില്‍ പൊതുതാല്‍പ്പര്യ ഹരജിയുമായി കോടതിയെ സമീപിക്കാറുണെ്ടന്നും സിദ്ദീഖിയുടെ അഭിഭാഷകരായ കംറാന്‍ മാലിക്, വിശാല്‍ സിന്‍ഹ എന്നിവര്‍ വ്യക്തമാക്കി.

സ്ഥാപനത്തിലെ കോണ്‍ട്രാക്ട് ജീവനക്കാരനെയാണ് ചപ്പാത്തി തീറ്റിച്ചതെന്നും അദ്ദേഹത്തിന് പരാതിയുമായി രംഗത്തുവരാന്‍ കഴിയില്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കിയതോടെ കോടതി ഡല്‍ഹി പോലിസിനോട് അടുത്ത വാദം കേള്‍ക്കുന്ന ദിവസം നടപടി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ശിക്ഷാനിയമത്തിലെ 153 എ (വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കല്‍), 323 (മനപ്പൂര്‍വം വേദനിപ്പിക്കല്‍), 341 (ബലംപ്രയോഗിച്ച് തടഞ്ഞുവയ്ക്കല്‍), 506 (ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍പ്രകാരം എം.പിക്കെതിരേ കേസെടുക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. നേരത്തേ ഇക്കാര്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.