Latest News

പാകിസ്ഥാനില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് സംഘര്‍ഷം; 7 മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തില്‍ സംഘര്‍ഷം. പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം തുടരുകയാണ്.

പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നവാസ് ഷെരിഫിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ 17 ദിവസമായി തുടരുന്ന പ്രക്ഷോഭമാണ് അക്രമത്തിലേക്ക് വഴിമാറിയത്. ഇസ്ലാമാബാദില്‍ പാര്‍ലമെന്റും , പ്രധാനമന്ത്രിയുടെ വസതിയുമുള്‍പ്പെടെ തന്ത്രപ്രധാനമേഖലകള്‍ വളഞ്ഞ പ്രക്ഷോഭകാരികള്‍ സുരക്ഷാമേഖല മറികടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സൈന്യത്തിന്റെ നടപടി.

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. 300ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമകാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം നവാസ് ഷെരിഫും സഹോദരനും പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരിഫും രാജി വെക്കും വരെ സമരം തുടരുമെന്ന് പാക്കിസ്ഥാന്‍ തെഹ്രിരിക് ഇന്‍സഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ രാജി വെക്കില്ലെന്ന് നവാസ് ഷരിഫ് ആവര്‍ത്തിച്ചു.

ഇമ്രാന്‍ ഖാന്റെയും തഹിറുള്‍ ഖ്വാദ്രിയുടെ പാക്കിസ്ഥാന്‍ അവാമി തെഹ്രികിന്റെയും 30000ഓളം പ്രവര്‍ത്തകരാണ് പ്രക്ഷോഭം നടത്തുന്നത്. നേരത്തെ സൈന്യത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ് നവാസ് ഷെരിഫ് അധികാരത്തിലെത്തിയതെന്നാണ് ഇമ്രാന്‍ ഖാന്റെയും തഹിറുള്‍ ഖ്വാദ്രിയുടെയും ആരോപണം.

അതേ സമയം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായാല്‍ സൈന്യം അധികാരം പിടിച്ചെടുക്കുമോ എന്ന ആശങ്കയുമുണ്ട്. ഇസ്ലാമാബാദ് ഉള്‍പ്പെടെയുള്ള പ്രധാനമേഖലകള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.