Latest News

സംസ്ഥാനത്ത് ഭാഗീക മദ്യനിരോധനം; മദ്യം ഇനി ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള ബാറുകളില്‍ മാത്രം മദ്യവില്‍പ്പന പരിമിതപ്പെടുത്തി യു ഡി എഫ് സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ നിലവാരത്തിലുള്ള ബാറുകളില്‍ മദ്യവില്‍പ്പന അനുവദിക്കില്ല. ഇതോടെ നിലവില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ക്ക് പുറമെ 312 ബാറുകള്‍ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യകത്മാക്കി.

പുതിയ മദ്യനയം 2015 എപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. വൈകീട്ട് ചേര്‍ന്ന നിര്‍ണായ യു ഡി എഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളെടുത്തത്. വാരാന്ത്യങ്ങള്‍ ഡ്രൈഡേ ആയി ആചരിക്കാനും യോഗത്തില്‍ തീരുമാനമായി. ഞായറാഴ്ചകളില്‍ ഇനി മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. ഇതോടെ നിലവിലെ ഡ്രെെ ഡേകള്‍ക്ക് പുറമെ 52 ഡ്രെെ ഡേകള്‍ കൂടിയാകും. 

ബീവറേജ് കോര്‍പ്പറേഷന്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. നിലവിലെ ഔട്ട്‌ലെറ്റുകള്‍ വര്‍ഷം പത്ത് ശതമാനം വീതം അടച്ചുപൂട്ടും. ഇതുവഴി തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. 

മദ്യത്തിന് അടിമപ്പെട്ടവരെയും പരമ്പരാഗത ചെത്ത് തൊഴിലാളികളെയും പുനരധിവസിപ്പിക്കുന്നതിനും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വിശദമാക്കി. 

പത്ത് വര്‍ഷത്തിനകം സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ കാലയളവില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന് ജനങ്ങള്‍ സജ്ജരാകണം. എല്ലാവരും ഈ ലക്ഷ്യം നേടാന്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സെപ്തംബര്‍ 11ന് യു ഡി എഫിന്റെ സമ്പൂര്‍ണ യോഗം ചേര്‍ന്ന് തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.