Latest News

മനോജ് കേസ് സി.ബി.ഐക്ക് വിട്ടവര്‍ ഷുക്കൂറിന്റെ കാര്യത്തിലും ആവേശം കാണിക്കാത്തതെന്തെന്ന് കെ.എം ഷാജി

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്കു വിടാത്തതിനു സര്‍ക്കാര്‍ വലിയവില കൊടുക്കേണ്ടിവരുമെന്ന് കെ.എം ഷാജി എം.എല്‍.എ. ഫെയ്‌സ്ബുക്കിലാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി ഷാജി പോസ്റ്റിട്ടത്.

മനോജിന്റെ വധം സി.ബി.ഐ ഏറ്റെടുക്കുകയും ഷുക്കൂര്‍ വധക്കേസിന്റെ കാര്യത്തില്‍ അതു സംഭവിക്കാതിരിക്കുകയും ചെയ്താല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുഖത്തെ ഏറ്റവും വികൃതമായ പാട് അതായിരിക്കുമെന്നും ഷാജി കുറിക്കുന്നു.

കഴിഞ്ഞദിവസം കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ് മനോജിന്റെ കേസ് സി.ബി.ഐക്കു വിട്ടതുമായി ബന്ധപ്പെട്ടാണ് ഷാജിയുടെ പ്രതികരണം. മനോജിന്റെ കേസ് സി.ബി.ഐ അന്വേഷിക്കണം. പക്ഷെ, ഷുക്കൂറിന്റെ കേസിലും സി.ബി.ഐയെ നിയോഗിക്കാത്തതെന്താണ് എന്നാണ് ഷാജി ചോദിക്കുന്നത്.

തുടക്കത്തില്‍ തന്നെ ഷുക്കൂര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങളുണ്ടായി. എന്നാല്‍ ശക്തമായ സമ്മര്‍ദ്ദത്തിനൊടുവില്‍ കേസ് സി.ബി.ഐക്കു വിടാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പക്ഷെ, സി.ബി.ഐക്കു ജോലിഭാരം കുടുതലാണെന്നും കേസ് ഏറ്റെടുക്കാന്‍ പറ്റില്ലെന്നും കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ കേസ് അവസാനിപ്പിക്കാന്‍ തങ്ങള്‍ തയ്യാറല്ല. അടുത്ത ഘട്ടത്തിലെ ആര്‍ഗ്യുമെന്റിനായി തങ്ങള്‍ തയ്യാറാണെന്നും ഷാജി പറയുന്നു.

കേസിന്റെ തുടരന്വേഷണം സി.ബി.ഐക്കു വിടാന്‍ കേന്ദ്രസര്‍ക്കാരിനെ കാണാന്‍ ആലോചനയുണ്ടെന്നും കെ.എം ഷാജി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

കെ.എം ഷാജി എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം 
ഈയടുത്തു കണ്ണൂരില്‍ നടന്ന ആര്‍.എസ്.എസുകാരനായ മനോജിന്റെ കൊലപാതകം സി.ബി.ഐക്ക് വിട്ടതോടുകൂടി ഷുകൂര്‍ വധക്കേസും അതോടു അനുബന്ധമായ സംഭവങ്ങളും വീണ്ടും സജീവമായ ചര്‍ച്ചയാവുകയാണു .
തെറ്റായ ധാരണകള്‍ ഈ ചര്‍ച്ചകള്‍ ഉണ്ടാക്കുന്നുവെങ്കില്‍ ഷുക്കൂര്‍ വധക്കേസിന്റെ നാള്‍വഴികളിലേക്കു ഒന്നു തിരിഞ്ഞു നോക്കല്‍ അനിവാര്യമാണെന്നു ഞാന്‍ വിചാരിക്കുന്നു.
ഷുക്കൂര്‍ വധം നടന്നതു മുതല്‍ ഷുക്കൂറിന്റെ ഉമ്മയെക്കാളും , സഹോദരങ്ങളെക്കാളും സ്‌നേഹം ഞങ്ങള്‍ക്കാണു ഷുക്കൂറിനോടു എന്ന വ്യാജേന ചിലര്‍ ഈ കേസിന്റെ മറവില്‍ മുസ്ലിം ലീഗിനെയും, എന്നെയും ഒക്കെ അക്രമിക്കാന്‍ ഇറങ്ങി പുറപ്പെട്ടതു നമ്മള്‍ കണ്ടതാണ്...

ഒരുപാടു രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ട നമ്മള്‍ പക്ഷെ, കേരളം കണ്ട അതി ക്രൂരമായ ഈ കൊലപാതകത്തിന്റെ മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴാണു ഒരു ഞെട്ടിക്കുന്ന വാര്‍ത്ത പരന്നതു...... അഴീക്കോടു എം.എല്‍.എ ആയ ഷാജിയോടു കൊല്ലപ്പെടുന്നതിന്റെ മുന്‍പു ഷുക്കൂര്‍ ഫോണില്‍ വിളിച്ചു സഹായം അഭ്യര്‍ത്തിച്ചുവെന്നും, എന്നാല്‍ ഷാജി തിരിഞ്ഞു നോക്കിയില്ല എന്നുമായിരുന്നു അത്. എന്നാല്‍ ഷുക്കൂറിന്റെ കുടുംബം തന്നെ ഈവാര്‍ത്ത നിഷേധിച്ചു കൊണ്ടു രംഗത്തു വന്നു ,, യൂട്യൂബില്‍ല്‍ ഇപ്പോഴും ദാവൂദിന്റെ ഈ പ്രതികരണം നമുക്കു കാണാം ..
പക്ഷെ ഇത്തരം പ്രചാരണങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയല്ല മറിച്ചു കേസിന്റെ പിറകില്‍ ജാഗ്രതയോടെ നില്‍ക്കാനായിരുന്നു ഞങ്ങള്‍ ശ്രദ്ദിച്ചത് ...
(കേസിന്റെ കാര്യങ്ങള്‍ ശ്രദ്ദിക്കുവാനായി പാര്‍ട്ടി ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി ഞാനും അഡ്വ. സൈനുദ്ദീന്‍, അഡ്വ.ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, മഹ്മൂദ് അള്ളാങ്കുളം, പി.കെ. സുബൈര്‍, താഹിര്‍ എന്നിവരായിരുന്നു അതിലെ അംഗങ്ങള്‍)
അതുകൊണ്ടു തന്നെ നിയമഞ്ജാനമുള്ളവര്‍ക്കു നന്നായി അറിയാം, ഒരു പക്ഷെ 118 എന്ന ദുര്‍ബലമായ വകുപ്പു ചാര്‍ജ് ചെയ്യപ്പെട്ട ജയരാജനെയും രാജേഷിനെയും 27 ദിവസം ജയിലില്‍ കിടത്തി ..
പക്ഷെ കേസിന്റെ തുടക്കത്തില്‍ തന്നെ അന്വേഷണ ചുമതലയുള്ള വളപട്ടണം സി.ഐ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഈ വധത്തിനു പിറകിലെ ഗൂഡാലോചനയില്‍ വ്യക്ത്തമായ പങ്കുണ്ടായിരുന്ന ജയരാജനെയും, രാജേഷിനെയും 120 ബി എന്ന വകുപ്പിനു പകരം 118 എന്ന ദുര്‍ബല വകുപ്പില്‍ പെടുത്താനാണു ഇയാള്‍ ശ്രമിച്ചത്. അതുകൊണ്ടു തന്നെ ഇയാളുടെ ചാര്‍ജുഷീറ്റുമായി കോടതിയില്‍ ഈ കേസു വന്നാല്‍ കുറ്റവാളികള്‍ രക്ഷപ്പെടും എന്ന് ഞങ്ങള്‍ക്കു തോന്നി. അതോടൊപ്പം ചില നെറികെട്ടവര്‍ ഈ കേസിനോടു അനുബന്ധമായ ഗൂഡാലോചനാ കേസിന്റെ സാക്ഷികളെ മൊഴിമാറ്റിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തുകയുണ്ടായി ..
അവരുടെ കുതന്ത്രങ്ങളെ മറികടക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞെങ്കിലും ഇനി കേസില്‍ പുനരന്വേഷണമാണെന്നു വേണ്ടതു എന്നു ഞങ്ങള്‍ ഉറപ്പിച്ചു .
ഈ ആലോചനയുടെ ഭാഗമായി തന്നെ ആതിക്ക ഉമ്മ കോടതിയെ സമീപിച്ചു. അതി ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കേസു സി.ബി.ഐക്കു വിട്ടതായി സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കുകയും ചെയ്തു
ഒരു ഭാഗത്തു എജി ആസഫലി സര്‍ക്കാര്‍ പക്ഷത്തു നിന്നുകൊണ്ടു പരിശ്രമിക്കുമ്പോള്‍ മറു ഭാഗത്തു സി.ബി.ഐയുടെ പ്രോസിക്യുട്ടര്‍ ആയിരുന്ന അഡ്വ. ശ്രീകുമാറിനെ തന്നെ ആത്തിക്ക ഉമ്മയുടെ കേസു വാദിക്കാന്‍ കോടതിയില്‍ കൊണ്ടു വന്നു.
സ്വാഭാവികമായും കേസു സി.ബി.ഐക്കു വിടുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിചുകൊണ്ടു സി.പി.എം നേതാക്കള്‍ കോടതിയെ സമീപിച്ചു.
ഒന്നു രണ്ടു ആഴ്ചകള്‍ക്കു മുന്‍പു കേസു കോടതി പരിഗണനക്കെടുത്തപ്പോള്‍ സി.ബി.ഐക്കു ജോലി ഭാരം കൂടുതലാണു എന്നും കേസു ഏറ്റെടുക്കാന്‍ പ്രയാസമാണു എന്നും കോടതിയെ ബോധിപ്പിച്ചു .
കേരളാ പോലീസുതന്നെ പോരെ എന്ന രീതിയില്‍ കോടതിയുടെ ചോദ്യവും വന്നു ..
പക്ഷെ നടപടിക്രമങ്ങള്‍ അവസാനിചിട്ടില്ല ..
അടുത്ത ഘട്ടത്തിലെ ആര്‍ഗ്ഗ്യുമെന്റിനായി ഞങ്ങള്‍ ഒരുക്കത്തിലാണു .
ഈ കേസു വിഷയത്തില്‍ പുറത്തു പറയാവുന്ന കാര്യങ്ങളാണു ഞാനിവിടെ പറഞ്ഞത്. കോടതിക്കു മുന്നില്‍ നില്‍ക്കുന്ന ഒരു കേസില്‍ ഇത്രയുമെക്കെ പ്രത്യേകിച്ചു ഒരു ജന പ്രധിനിധി കൂടിയായ എനിക്കു പറയാന്‍ കഴിയൂ. ബാക്കിയുള്ളതു ഇത്തിരികൂടി കാത്തിരുന്നു കാണാനുള്ളതാണ്.
ഇപ്പോള്‍ മനോജു വധം സര്‍ക്കാര്‍ സി.ബി.ഐക്കു വിട്ടപ്പോള്‍ ചിലര്‍ പറയുന്നതു ഒരു എം.എല്‍.എ പോലും ഇല്ലാത്ത ആര്‍.എസ്.എസുകാരന്റെ കേസു സി.ബി.ഐക്കു സര്‍ക്കാര്‍ വിട്ടപ്പോള്‍ 20 എം.എല്‍.എമാര്‍ ഉള്ള ലീഗുകാര്‍ക്കു ഷുകൂര്‍ കേസു ഒന്നും ചെയ്യന്‍ കഴിഞ്ഞില്ല എന്നാണു. ഈ ഇരുട്ടിന്റെ അത്മാക്കളോടു പറയാനുള്ളതു ഷുകൂര്‍ കേസില്‍ ഇതേ രൂപത്തില്‍ തന്നെയാണു സര്‍ക്കാര്‍ അന്നു തീരുമാനിച്ചതു , പക്ഷെ അതു നടപ്പില്‍ വരാതെ പോയതു സി.പി.എം നേതാക്കള്‍ കോടതിയില്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്തപ്പോഴാണ്. തേ അവസ്ഥ തന്നെയാണു ഈ കേസിനും വരാനുള്ളതു (ഈ വിധിയെ സി.പി.എം കോടതിയില്‍ ചോദ്യം ചെയ്താലും ഇതേ നടപടിക്രമങ്ങള്‍ തന്നെയാണു മനോജ് കേസിനെയും കാത്തിരിക്കുന്നത് )

നുണയുടെ പ്രവാചകന്മാര്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമുണ്ടെന്നു തോന്നിയതുകൊണ്ടു മാത്രമാണു ഇത്രയും ഇവിടെ കുറിച്ചത് ...

ഇവിടെ മറ്റു ചില കാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ടു എന്നു തോന്നുന്നു
നിയമം നടപ്പിലാകേണ്ടിടത്തു കത്തിയും, ബോമ്പും, വടിവാളും എടുക്കുന്നവരെ ഒരിക്കലും ഞങ്ങളാരും ന്യായീകരിക്കുന്നില്ല ...
യു.എ.പി.എ അല്ല അതിലും വലിയ നടപടിക്രമങ്ങള്‍ എടുക്കട്ടെ സര്‍ക്കാര്‍ ,
കലാപ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ അത്തരം നടപടിക്രമം കൊണ്ടു സാധിക്കുമെങ്കില്‍ !!!!

പക്ഷെ ഒരു കാര്യം അഭ്യന്തര മന്ത്രിയും സര്‍ക്കാരും ആലോചിക്കേണ്ടതുണ്ട് , ചന്ദ്രശേഖര്‍ വധവും ഷുക്കൂര്‍ വധവും നടന്നപ്പോള്‍ ഞങ്ങളൊക്കെ പറഞ്ഞ ഒരു കാര്യമുണ്ട് ... ഇത്തരം കൊലപാതകങ്ങള്‍ അവസാനിപ്പിക്കന്‍ ഒരു മാര്‍ഗ്ഗമാണു ഉള്ളത്, അത് കൊല്ലാനും വെട്ടനും പോകുന്ന ആയുധങ്ങളായ പ്രതികളെയല്ല മറിച്ചു ഇവരെ പറഞ്ഞു വിടുന്ന ആസൂത്രകരായ നേതാക്കളെയണ് ജയിലില്‍ അടക്കേണ്ടതു എന്ന് .. ഒരു പക്ഷെ ഈ വഴിയില്‍ ചന്ദ്രശേഖര്‍ വധക്കേസ് പോയപ്പോഴുള്ള വിഭ്രാന്തിയാണ് സത്യത്തില്‍ കണ്ണൂരില്‍ ഇടക്കാലത്തു കണ്ട സമാധാനം !!!!
പക്ഷെ നിര്‍ഭാഗ്യവശാല്‍ ഷുകൂര്‍ കേസില്‍ ഇത്തരം നീക്കം ഉണ്ടായില്ല , ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ നടന്ന ഈ കൊലപാതകം പോലും നടക്കുമായിരുന്നില്ല ...

മനോജ് കേസില്‍ ആവേശമോ അമിതാവേശമോ കാണിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ ഒരു കാര്യം അറിഞ്ഞിരിക്കണം !!!
മനോജ് വധത്തിനു പിറകില്‍ ഒരു പ്രതികാരത്തിന്റെ പ്രേരണയെങ്കിലും പറയാനുണ്ട് (എന്നു വെച്ച് പ്രതികാരത്തിനു തേടേണ്ട വഴി ഇതാണെന്നല്ല പറയുന്നത്) പക്ഷെ ഒരു ഉറുമ്പിനെ പോലും ഉപദ്രവിക്കാത്ത പാവമായിരുന്നു എന്റെ ഷുക്കൂര്‍ ...ഷുക്കൂര്‍ വധത്തിന്റെ പിറകില്‍ ചോരക്കൊതിയന്മാരായ തെമ്മടികളാണു ഉള്ളത് !!!!!

മനോജിന്റെ വധം സി.ബി.ഐ ഏറ്റെടുക്കുകയും ഷുക്കൂര്‍ കേസില്‍ അതു സംഭവിക്കാതിരിക്കുകയും ചെയ്താല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ മുഖത്തെ ഏറ്റവും വികൃതമായ പാടു അതായിരിക്കുമെന്ന് സര്‍കാറിനെ ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നു ...
അതിനു കൊടുക്കേണ്ടുന്ന വില ചെറുതായിരിക്കില്ലെന്നു കൂടെ ഓര്‍ക്കുന്നതും നന്നാവും

ഷുകൂര്‍ കേസില്‍ നിയമത്തിന്റെ വഴിയില്‍ ഞങ്ങള്‍ ഉണ്ട് ജാഗ്രതയോടെ തന്നെ
ഇനി ആര്‍ഗ്ഗുമെന്റ് നടക്കാനിരിക്കുന്നു, അവിടെ സര്‍ക്കാറിന്റെ അഭിപ്രായം പറയണം,
നമ്മുടെ വക്കീലിനെ ഒന്നു കൂടെ ചുമതലപ്പെടുത്തണം ,
സി.ബി.ഐ വിഷയത്തില്‍ കേന്ത്ര അഭ്യന്തര മന്ത്രിയെ കാണുന്നതിനെ കുറിച്ച് ആലോചിക്കുന്നു ..

ഒരു കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ഷുക്കൂറിനെ സ്‌നേഹിക്കുന്ന ലക്ഷങ്ങളുടെ പ്രാര്‍ത്ഥനയുണ്ട് ഞങ്ങള്‍ക്ക് കരുത്തായി ..ഒപ്പം ആത്തിക്ക ഉമ്മയുണ്ട്. ഇന്നലെയും ഞാന്‍ ദാവൂദുമായി സംസാരിച്ചിരുന്നു
അള്ളാഹുവിനും പിന്നെ മുകളില്‍ പറഞ്ഞ കുറച്ചുപേര്‍ക്കും അറിഞ്ഞാല്‍ മതി ഇതില്‍ എന്താണു നമ്മുടെ നിലപാടെന്ന് ...
പിന്നെ മറ്റുള്ളവര്‍ !!!!!!!
പശുവിന്റെ അകിട്ടിലെ ചോരമാത്രം കുടിച്ചു ശീലമുള്ളവര്‍ അങ്ങിനെ ചോര കുടിച്ചു നാട്ടുകാരെ ഉറക്കം കെടുത്തി അവരങ്ങിനെ നടക്കട്ടെ




Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.