Latest News

കമ്മാടം മസ്ജിദ് ഭാരവാഹിയെ കാറില്‍ കല്ലിട്ടു കൊല്ലാന്‍ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി

പരപ്പ : ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിനു മുകളില്‍ പത്തടിയോളം ഉയരമുള്ള കുന്നില്‍ നിന്ന് പാറക്കല്ല് എറിഞ്ഞിട്ട് കാറോടിക്കുകയായിരുന്ന യുവാവിനെ കൊല്ലാന്‍ ശ്രമം. കര്‍ഷക പ്രമുഖനും കമ്മാടം പള്ളി മുതവല്ലിയുമായ കെ പി അബ്ദുള്‍ റഹ്മാന്റെ മകനും പള്ളി ഭാരവാഹിയുമായ കമ്മാടം സുബൈറാണ് വധ ശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. 

കഴിഞ്ഞ ദിവസം കമ്മാടം പള്ളിയില്‍ നിന്ന് ഇഷാ നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രക്കിടെ വീടിനടുത്ത് പരപ്പ പട്‌ളത്തു വെച്ചാണ് സംഭവം.

സുബൈര്‍ ഓടിച്ച മാരുതി 800 കാറിന് മുകളിലേക്ക് വലിയ പാറക്കല്ല് ഉരുട്ടി ഇടുകയായിരുന്നു. പാറക്കല്ല് നേരെ പതിഞ്ഞത് കാറിന്റെ മുന്‍ ഭാഗത്തെ ഗ്ലാസിലേക്കായിരുന്നു. മുന്‍ ഭാഗത്തെ ഗ്ലാസും ഇടതു വശത്തെ ഡോറിന്റെ ഗ്ലാസും തകര്‍ന്നു തരിപ്പണമായി. ബോംബ് സ്‌ഫോടനം പോലെ അത്യുഗ്രന്‍ ശബ്ദത്തോടെയാണ് പാറക്കല്ല് കാറില്‍ പതിഞ്ഞത്.
രാത്രി കമ്മാടം പള്ളിയില്‍ ഇശാ നിസ്‌കാരം കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് സ്വന്തം കാറില്‍ യാത്രതിരിച്ച സുബൈര്‍ മെയിന്‍ റോഡില്‍ നിന്ന് പ്രൈവറ്റ് റോഡിലൂടെ സഞ്ചരിച്ച് വീടിനടുത്ത് എത്തുന്നതിന് നൂറുമീറ്റര്‍ അകലെ വച്ചാണ് കാറിനു നേരെ കിടങ്ങില്‍ നിന്ന് പാറക്കല്ല് എറിഞ്ഞത്. തലനാരിഴക്ക് രക്ഷപ്പെട്ട സുബൈര്‍ ഉടന്‍ തന്നെ ശരവേഗത്തില്‍ കാറുമായി വീടിനു മുന്നിലെത്തുകയായിരുന്നു. കമ്മാടം പള്ളിയില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് ഈ സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി വെള്ളരിക്കുണ്ട് സി ഐ എം കെ സുരേഷ് കുമാര്‍ പറഞ്ഞു. 

അതേ സമയം കേരള ഗവര്‍മെന്റ് കണ്ടു കെട്ടി റവന്യൂ റിക്കവറി നടത്തിയ ഏഴര ഏക്കര്‍ ഭൂമിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കാട്ടു മരങ്ങളും ഉരുപ്പടികളും ചിലര്‍ കടത്തിക്കൊണ്ടു പോയിരുന്നു. ഇത് പോലീസിനെ അറിയിച്ചതിലുള്ള വിരോധമാണ് വധശ്രമമെന്നും പറയപ്പെടുന്നു. 

രാത്രി തന്നെ വെള്ളരിക്കുണ്ട് പോലീസ് സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, വെള്ളരിക്കുണ്ട് സി ഐ എം കെ സുരേഷ് കുമാറില്‍ നിന്ന് വിവരം ശേഖരിച്ചു. പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.