Latest News

പ്രസവം വാട്‌സ്ആപ്പില്‍; വ്യാപക പ്രതിഷേധം

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. ഒന്നര മാസം മുമ്പ് മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതിയുടെ പ്രസവമാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. സംഭവത്തിനു പിന്നില്‍ ഡോക്ടര്‍മാര്‍ക്കു ഉള്‍പ്പടെ പങ്കുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്.

ഒന്നര മാസം മുമ്പാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഒരു പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇവരുടെ പ്രസവ ശസ്ത്രക്രിയയുടെ ചിത്രങ്ങളാണ് ഡോക്ടര്‍മാര്‍ക്കിടയിലും ആശുപത്രി ജീവനക്കാര്‍ക്കിടയിലും വാട്‌സ് ആപ്പിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെട്ടത്. ഡോക്ടര്‍മാരുടെ അറിവില്ലാതെ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഇത്തരത്തില്‍ ചിത്രങ്ങളെടുക്കാനാകില്ലെന്നുറപ്പാണ്.രണ്ട് ഗൈനക്കോളജി ഡോക്ടര്‍മാരും അനസ്‌തേഷ്യ ഡോക്ടറുമാണ് ഈ സമയത്ത് തിയറ്ററിലുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ഗൈനക്കോളജിസ്റ്റിനെയും നഴ്‌സിനെയും ഫോട്ടോയില്‍ വ്യക്തമായിക്കാണാം.ഫോട്ടോയിലില്ലാത്ത മറ്റൊരാളാണ് ചിത്രമെടുത്തതെന്ന് വ്യക്തം.ഇരുപതോളം ഫോട്ടോകള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടതായാണ് വിവരം. ഇത്രയും ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും ആശുപത്രിയിലെ മറ്റു ഡോക്ടര്‍മാരോ അധികൃതരോ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അഴിമതിയെയും അധാര്‍മിക പ്രവര്‍ത്തനങ്ങളെയും കുറിച്ച് നേരത്തെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നെങ്കിലും ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ എങ്ങുമെത്തിയിരുന്നില്ല. ഏറ്റവും സ്വകാര്യമായ ലേബര്‍ റൂമുകളില്‍ പോലും മൊബൈല്‍ ക്യാമറകള്‍ സ്ത്രീകളെ പിന്തുടരുന്നു എന്ന ഗുരുതരമായ സ്ഥിതി വിശേഷമാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്.

സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ടി.എന്‍ സീമ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ചില ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ നടപടികള്‍ ബലാല്‍സംഘത്തെക്കാള്‍ ക്രൂരമാണെന്ന് പ്രശസ്ത എഴുത്തുകാരി സാറ ജോസഫ് പ്രതികരിച്ചു.

അതേസമയം പ്രസവശസ്ത്രക്രിയ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലേക്ക് ഞായറാഴ്ച രാവിലെ മാര്‍ച്ച് നടത്തി. കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. 

വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. മാര്‍ച്ച് ആശുപത്രി പരിസരത്ത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ മാത്രമല്ല. ഒത്താശ ചെയ്ത ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.



Keywords: Kannur, payyannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.