Latest News

കാമുകനൊപ്പം താമസിച്ചിരുന്ന പിജി വിദ്യാര്‍ഥിനി മരിച്ചനിലയില്‍

കളമശേരി: [www.malabarflash.com] കാമുകനോടൊപ്പം താമസിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മഹാരാജാസ് കോളജിലെ എംഎ പൊളിറ്റിക്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയും പെരിന്തല്‍മണ്ണ പുലാമന്തോള്‍ പുതുശേരിപ്പറമ്പില്‍ അശോക് കുമാറിന്റെ മകളുമായ അനൂജയെ(23) യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ വെള്ളിയാഴ്ച രാത്രി കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടു. അനൂജയ്‌ക്കൊപ്പം താമസിച്ചിരുന്ന തൃശൂര്‍ ചാവക്കാട് ആണ്ടത്തോട് വലിയകത്തു ഖലീലിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാള്‍ തൃശൂര്‍ വടക്കേക്കാട്ടെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മണികണ്ഠനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും മറ്റൊരു വധശ്രമക്കേസിലെ പ്രതിയുമാണെന്നു പൊലീസ് പറഞ്ഞു. ഖലീലും അനൂജയും വിവാഹം കഴിച്ചതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്നും പൊലീസ് അറിയിച്ചു.

ജീവനൊടുക്കിയ മുറിയില്‍ അനൂജയുടെ തലമുടി മുഴുവനായി വടിച്ചിട്ട നിലയില്‍ കണ്ടെത്തി. അനൂജ ആവശ്യപ്പെട്ടതിനാല്‍ താന്‍ തന്നെയാണ് മുടി വടിച്ചുകളഞ്ഞതെന്ന് ഖലീല്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. താന്‍ വൈകിട്ട് പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണ് അനൂജയെ മരിച്ചനിലയില്‍ കണ്ടതെന്നാണ് ഇയാളുടെ മൊഴി. മരണ വിവരം വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ഖലീല്‍ പൊലീസിനെ അറിയിച്ചത്.

ആലുവ അഡീഷനല്‍ തഹസില്‍ദാല്‍ പി.ബി. സുനില്‍ലാലിന്റെ സാന്നിധ്യത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

അനൂജയും മാതാപിതാക്കളായ അശോക് കുമാറും ഷൈലജയും 10 വര്‍ഷമായി ഇടപ്പള്ളിയിലാണ് താമസം. ഫെയ്‌സ് ബുക്കിലൂടെയാണ് അനൂജ ഖലീലിനെ പരിചയപ്പെട്ടതെന്നും വിവാഹം കഴിച്ച് സംരക്ഷിച്ചുകൊള്ളാമെന്നു ഖലീല്‍ ഉറപ്പു കൊടുത്തതിനാലും മകളില്‍ വിശ്വാസമുള്ളതിനാലുമാണ് ഒരുമിച്ചു താമസിക്കാന്‍ അനുവദിച്ചതെന്നും അശോക് കുമാര്‍ പറഞ്ഞു. 

ഉണിച്ചിറ ഹില്‍വാലി സ്‌കൂളിനു സമീപം മാതാവ് ഷൈലജ വാടകയ്ക്ക് എടുത്തു നല്‍കിയ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. അനൂജ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിനുള്ള തയാറെടുപ്പിലായിരുന്നുവെന്നും പിതാവ് പറഞ്ഞു.

കാന്‍സര്‍ രോഗികള്‍ക്കു നല്‍കുന്നതിനായി ദിവസങ്ങള്‍ക്കു മുന്‍പ് മുടിയുടെ കുറച്ചുഭാഗം മുറിച്ചു നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അനൂജയും ഖലീലും ഒന്നര വര്‍ഷം പച്ചാളത്ത് ഒരുമിച്ചു താമസിച്ചിരുന്നതായും ഒന്നര മാസം മുന്‍പാണ് ഉണിച്ചിറയില്‍ താമസത്തിനെത്തിയതെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഖലീലിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

മരണവിവരം അറിയിച്ചിട്ടും ഉന്നതോദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ വൈകിയെന്നാരോപിച്ച് ബിജെപി–ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അഡീഷനല്‍ തഹസില്‍ദാറെ തടഞ്ഞു. ആര്‍ഡിഒ എസ്. സുഹാസ്, അസി. പൊലീസ് കമ്മിഷണര്‍ ബിജോ അലക്‌സാണ്ടര്‍ എന്നിവര്‍ എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ, കൂടുതല്‍ നിഗമനങ്ങളിലെത്താന്‍ കഴിയൂവെന്നും ഖലീലിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസിപി ബിജോ അലക്‌സാണ്ടര്‍ പറഞ്ഞു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.