Latest News

അനധികൃത സ്വത്ത് സമ്പാദന കേസ്: ജയലളിതയ്ക്ക് നാല് വര്‍ഷം തടവ്

ബാംഗ്ലൂര്‍: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും. ശശികല, ഇളവരശി, സുധാകരന്‍ എന്നിവര്‍ക്കും നാലു വര്‍ഷം തടവും 10 കോടി രൂപ വീതം പിഴയും കോടതി ചുമത്തി. ഒക്‌ടോബര്‍ അഞ്ചുവരെ കോടതി അവധിയായതിനാല്‍ ജാമ്യം ലഭിക്കില്ല. ജയലളിത ജയിലില്‍ പോകും.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബാംഗ്ലൂരിലെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക കോടതിയുടേതാണ് വിധി. 18 വര്‍ഷത്തെ നിയമ നടപടികള്‍ക്കുശേഷമാണ് വിധി പറഞ്ഞത്.

വിധി കേട്ടയുടന്‍ തലചുറ്റല്‍ അനുഭവപ്പെട്ട ജയലളിതയെ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും ജയലളിതയ്ക്ക് നഷ്ടമായി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യയാക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയാണ് ജയലളിത.

ബാംഗ്ലൂരിലെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക കോടതിയാണ് ജയലളിത അടക്കം നാലുപേര്‍ കുറ്റക്കാരെന്നെ് കണ്ടെത്തിയത്. ജോണ്‍ മൈക്കല്‍ കുന്‍ഹയാണ് വിധി പ്രസ്താവം നടത്തിയത്.

1991- 1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്. ജയലളിത, ഉറ്റ തോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരാണ് ഈ കേസിലെ പ്രതികള്‍.

തമിഴ്‌നാട്ടില്‍ പലയിടത്തുമായുള്ള ഭൂമി, ഹൈദരാബാദിലും ചെന്നൈക്കടുത്തുമുള്ള ഫാം ഹൗസുകള്‍, നീലഗിരിയിലെ തേയിലത്തോട്ടം, 28 കിലോഗ്രാം സ്വര്‍ണം, 800 കിലോഗ്രാം വെള്ളി, 10,500 സാരികള്‍, 750 ജോഡി പാദരക്ഷകള്‍, 91 വാച്ചുകള്‍ എന്നിവ ജയലളിത ഇക്കാലയളവില്‍ സമ്പാദിച്ചെന്നാണ് കേസ്. സ്വര്‍ണവും വെള്ളിയും സാരികളും ചെരിപ്പുകളും 1997ല്‍ നടത്തിയ റെയ്ഡില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. സാരികളും ചെരിപ്പുകളും തന്റെ സിനിമാ ജീവിതകാലത്തുള്ള സമ്പാദ്യമാണെന്നാണ് ജയലളിതയുടെ വാദം.

ഡിഎംകെ നേതാവായിരുന്ന കെ. അന്‍പഴകന്റെയും ജനതാപാര്‍ട്ടി പ്രസിഡന്റായിരുന്ന സുബ്രമണ്യ സ്വാമിയുടേയും പരാതിയില്‍ 1997 ല്‍ ഡിഎംകെ സര്‍ക്കാരാണ് കേസെടുത്തത്. 2003ല്‍ ഡിഎംകെ. സെക്രട്ടറി കെ. അന്‍പഴകന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രീംകോടതിയാണ് കേസിന്റെ വിചാരണ ചെന്നൈയില്‍ നിന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.

ജയലളിത മുഖ്യമന്ത്രിയായിരിക്കെ ചെന്നൈ കോടതിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ സ്വാധീനിക്കപ്പെടുമെന്ന പരാതിയായിരുന്നു കാരണം. മൊഴി രേഖപ്പെടുത്താന്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്നുള്ള ജയലളിതയുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചിരുന്നു.



Keywords: National, Jayalalitha, Banglore, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.