Latest News

ഉത്തരകേരളത്തിന്റെ കളിയാട്ടക്കാലത്തിന് തിങ്കളാഴ്ച തുടക്കമാകും

കാസര്‍കോട്: ഉത്തരകേരളത്തിന്റെ കളിയാട്ടക്കാലത്തിന് തിങ്കളാഴ്ച തുടക്കമാകും. തുലാം മാസത്തിലെ പത്താമുദയത്തോടെയാണ് തെയ്യങ്ങള്‍ മിഴിതുറക്കുന്നത്. ചെണ്ടമേളം മുറുകുന്നതിനൊപ്പം കാല്‍ചിലമ്പിന്‍ താളവും ചേരുമ്പോള്‍ കാവുകളും തറവാട്ടുമുറ്റങ്ങളും ഭക്തിസാന്ദ്രമാകും.

വടക്ക് മഞ്ചേശ്വരം മുതല്‍ തെക്ക് കോരപ്പുഴ വരെയുള്ള തെയ്യങ്ങളുടെ തട്ടകത്തിനകത്ത് തോറ്റം പാട്ടും തെയ്യച്ചമയങ്ങളുടെ നിര്‍മാണവും മുഖത്തെഴുത്ത് അറിയുന്നവരുമായ നിരവധി കലാകാരന്മാര്‍ തിങ്കളാഴ്ച മുതല്‍ കളിയാട്ടത്തറകളില്‍ സജീവമാകും. അണിയലങ്ങളും കിരീടവും മിനുക്കി അവര്‍ ഇനി കോലമണിയും. മാസങ്ങളോളമുള്ള തീവ്ര വ്രതമെടുത്താണ് കോലമണിയാന്‍ തയ്യാറാകുന്നത്. താഴേക്കിടയിലുള്ളവന്‍ പീഡനങ്ങളേറ്റുവാങ്ങുമ്പോള്‍ കലാകാരന് മുന്നില്‍ അധികാരി വര്‍ഗത്തിന്റെ ശിരസ് കുനിപ്പിക്കാന്‍ തെയ്യം എന്ന കലാരൂപത്തിന് കഴിഞ്ഞിരുന്നു. 

ഒറ്റരാത്രി കൊണ്ട് 40 തെയ്യങ്ങള്‍ക്ക് രൂപം നല്‍കി അവതരിപ്പിച്ച് കലയിലൂടെ നാടുവാഴിക്ക് മറുപടി നല്‍കിയ കരിവെള്ളൂര്‍ മണക്കാടന്‍ ഗുരുക്കള്‍ മുതല്‍ തുടങ്ങുന്നതാണ് തെയ്യത്തിന്റെ ചരിത്രം. ഇതിഹാസ- പുരാണ കഥാപാത്രങ്ങള്‍, കാട്ടുമൂര്‍ത്തികള്‍, വനദേവതമാര്‍, മരക്കലതെയ്യങ്ങള്‍, ഭരണദേവതമാര്‍, രോഗദേവതമാര്‍ എന്നിങ്ങനെ മനുഷ്യര്‍ തെയ്യക്കരുവായി മാറിയതും കൂട്ടി നാനൂറോളം തെയ്യക്കോലങ്ങളാണ് ഉത്തരമലബാറില്‍ കെട്ടിയാടുന്നത്. 

ഓരോ തെയ്യത്തിന്റെയും മുഖത്തെഴുത്തും ചമയങ്ങളും ചായങ്ങളും വ്യത്യസ്തമാണ്. ഹിന്ദു- മുസ്ലിം സാഹോദര്യം വിളിച്ചോതി മാലോം കൂലോം, മൗവേനി കോട്ട, പെരളം എന്നിവിടങ്ങളില്‍ കെട്ടിയാടുന്ന മുക്രിപോക്കര്‍, കുമ്പള ആരിക്കാടിയിലെ ആലിഭൂതം, മടിക്കൈ കക്കാട്ടില്ലത്ത് കെട്ടിയാടുന്ന ഉമ്മച്ചിത്തെയ്യം എന്നിവ ഏറെ പ്രസിദ്ധമാണ്. 

ജാതിമത ഭേദമന്യേ സമൂഹം ഒന്നുചേര്‍ന്നാണ് ഓരോ കളിയാട്ടവും നടത്തുന്നത്. ആഘോഷക്കമ്മിറ്റികളിലും നടത്തിപ്പിലും മറ്റ് മതസ്ഥരുടെ സഹകരണമുണ്ടാവാന്‍ പലരും ശ്രദ്ധിക്കുന്നുണ്ട്. ഒറ്റക്കോല മഹോത്സവങ്ങളോടെയാണ് ഉത്സവകാലം സജീവമാകുന്നത്. നീലേശ്വരം തെരുവത്ത് മൂവാളംകുഴി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ കളിയാട്ടത്തോടെയാണ് ജില്ലയില്‍ ഉത്സവത്തിന് തുടക്കമാകുന്നത്. ഇടവ മാസം നീലേശ്വരം മന്നന്‍പുറത്ത് കാവില്‍ കലശ മഹോത്സവത്തോടെയാണ് കളിയാട്ടക്കാലത്തിന് പരിസമാപ്തി. 


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.