Latest News

രജനിയുടെ മൃതദേഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡിഎന്‍എ ടെസ്റ്റിനയക്കൂം

തൃക്കരിപ്പൂര്‍: നീലേശ്വരം കണിച്ചിറ കോഴിമുക്കില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ഒളവറ മാവിലങ്ങാട് കോളനിയിലെ സി രജനിയുടെ മൃതദേഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡിഎന്‍എ ടെസ്റ്റിനയക്കൂം.

കൊലയ്ക്കും കുഴിച്ചുമൂടിയതിനും നേരിട്ട് സാക്ഷികളില്ലാത്തതിനാലാണ് സാമ്പിളുകള്‍ പരിശോധനക്കയക്കുന്നത്. കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കൊലപാതക സമയത്ത് സതീശന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ നീലേശ്വരം പാലത്തില്‍നിന്ന് പുഴയിലേക്കാണ് കളഞ്ഞത്. ഇവ കണ്ടെത്താനായില്ല. രജനിയുടെ സിം കാര്‍ഡും ലഭിച്ചില്ല. 

കുഴിച്ചിട്ട സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് സതീശന്‍ പറയുന്നത്. കഴിഞ്ഞദിവസം സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ ലഭിച്ചു. 12ന് രാത്രി രണ്ടിന് രണ്ടുതവണ വിളിച്ചതായി വിവരം ലഭിച്ചു. ഒന്ന് രജനിയുടെ വീടിനടുത്തുള്ള സ്ത്രീയുടെ മൊബൈലിലേക്കും മറ്റൊന്ന് കോട്ടയത്തേക്കുമാണ് വിളിച്ചത്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. 

നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സതീശനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ കൊലപാതകം കൂടാതെ രണ്ട് കേസും നീലേശ്വരം പൊലീസ് സ്റ്റേഷനിലുണ്ട്. 2003ല്‍ ഒരു ബലാത്സംഗ കേസിലും തേജസ്വിനി ആശുപത്രി തകര്‍ത്ത കേസിലും പ്രതിയാണിയാള്‍. നാല് ദിവസത്തെ ചോദ്യം ചെയ്യലിലും കൂട്ടുപ്രതികളില്ലെന്ന ഉറച്ച നിലപാടിലാണിയാള്‍.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.