Latest News

മതസൗഹാര്‍ദം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: കാന്തപുരം

ഹാവേരി(കര്‍ണാടക): ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ മതസൗഹാര്‍ദ്ദം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ഭാരതത്തിന്റെ മതേതരത്വ പാരമ്പര്യം നിലനിര്‍ത്താന്‍ എല്ലാ മതവിശ്വാസികളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും കാന്തപുരം പറഞ്ഞു. 

കര്‍ണാടക എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് വിവിധ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ 'മാനവകുലത്തെ ആദരിക്കുക' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച കര്‍ണാടക യാത്രക്ക് ഹാവേരി റാണെബന്നൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു ബഹുസ്വര സമൂഹം എന്ന നിലയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവാം. എന്നാല്‍ മതസൗഹാര്‍ദ്ദവും മതേതരത്വവും സംരക്ഷിച്ചു നിര്‍ത്തുന്നതിന് അവ ഒരു കാരണവശാലും തടസ്സമാവരുത്. ഇന്ത്യയിലെ പ്രശ്‌സ്തരായ സൂഫികളുടെ ജീവിതം പഠിപ്പിക്കുന്നത് ഈ സഹിഷ്ണുതയാണ്. അജ്മീരിലെ ഖാജ മുഈനുദ്ദീന്‍ ചിശ്തിയും ഗുല്‍ബര്‍ഗയിലെ ഖാജ ബന്ദേനവാസ് പോലെയുള്ള ആത്മീയ ഗുരുക്കള്‍ ജീവിച്ചിരുന്നത് കൊണ്ടാണ് ഭാരതത്തിലെ മതവിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സൗഹാര്‍ദ്ദന്തരീക്ഷം നിലനിന്നത്. ഈ മാതൃക പിന്‍പറ്റാന്‍ എല്ലാ മത വിശ്വാസികളും തയ്യാറാവണമെന്ന് കാന്തപുരം പറഞ്ഞു.
രാവിലെ ഹാവേരി റാണെബന്നൂര്‍ അഞ്ചുമാന്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനം ശിവണ്ണ തളുവള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഞ്ചുമന്‍ കോളേജ് പ്രസിഡന്റ് അന്‍വര്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. ത്വയ്ബ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ പ്രിന്‍സിപ്പാള്‍ മൗലാനാ യഅ്ബൂബ് റസ്‌വി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്്‌ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞന്നാടി, മുഫ്തി ഖമര്‍ റസാ മിസ്ബാഹി, മുഫ്തി ഇസ്മാഈല്‍ അംജദി, മുഹമ്മദ് ഫാസില്‍ റസ്‌വി, വഖ്ഫ് ബോര്‍ഡ് ജില്ലാ പ്രസിഡന്റ് മഹ്ബൂബ് ചുഡിഗാര്‍, അബ്ദുല്‍ കരീം മുഹ്‌സിന്‍ രിഫാഈ എന്നിവര്‍ പ്രസംഗിച്ചു.
കര്‍ണാടക യാത്ര നാലാം ദിവസം പിന്നിട്ടപ്പോള്‍ നിരവധി ജനകീയ പദ്ധതികള്‍ക്കാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തുടക്കം കുറിച്ചത്. കര്‍ണാടകയിലെ വിവിധ ഗ്രാമങ്ങളിലായി നിര്‍മിക്കുന്ന ഇരുപത്തിയഞ്ച് വിജ്ഞാന ഗ്രാമങ്ങള്‍, മസ്ജിദ് ഉദ്ഘാടനങ്ങള്‍, മദ്രസ്,ദഅ്‌വ കോളേജുകളുടെ ശിലാസ്ഥാപനങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതിനകം കന്നട ജനതയുടെ മനം കവര്‍ന്നു. കര്‍ണാടകയുടെ വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ കൂടുതല്‍ ജനകീയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വൈകീട്ട്  ഷിമോഗയില്‍ നടന്ന സ്വീകരണ സമ്മേളനം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കിമണ്ണ രന്താകരന്‍ ഉദ്ഘാടനം ചെയ്തു. സി.എം ഇബ്രാഹീം, പ്രസന്നകുമാര്‍ എം.എല്‍.എ, രാഘവേന്ദ്ര ശികാരിപുറ എം.എല്‍.എ, ജെ.ഡി.എഫ് ജില്ലാ പ്രസിഡന്റ് ശ്രീകാന്ത ശിമൊഗ, കലഗോഡ് രന്താകര്‍, കുവെംപു സര്‍വ്വകലാശാല പ്രൊഫസര്‍ ജാവേദ്, ഹുസൈന്‍ സഅദി, ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ സംസാരിച്ചു.



Keywords: Karnadaka News,Karnadaka Yathra, Kandapuram,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.