Latest News

നവവരന്റെ മരണം: സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി

നീലേശ്വരം: ആറുവര്‍ഷം മുമ്പ് കരിവെള്ളൂര്‍ പെരളത്തെ മുരളീകൃഷ്ണന്‍ നീലേശ്വരത്ത് ദുരൂഹസാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പ്രമാദമായ കേസിലെ സാക്ഷികളായ വ്യാപാരിയെയും കരാറുകാരനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി.

വ്യാപാരിയായ ചായ്യോത്ത് നരിമാളത്തെ പി പി മുഹമ്മദ് അലി (34), പൊതുമരാമത്ത് കരാറുകാരനായ ചായ്യോത്ത് ചേനംകുന്നിലെ സി നാരായണന്‍ (57) എന്നിവരെ നുണപരിശോധയ്ക്ക് വിധേയരാക്കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയാണ് കേസിന്റെ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത്. 

2008 ഫെബ്രുവരി 29ന് രാത്രി 11.30 മണിയോടെയാണ് സംഭവം. മുരളീകൃഷ്ണനും ഭാര്യ നീലേശ്വരം വട്ടപ്പൊയിലിലെ ശ്രുതിയും നീലേശ്വരം തളിക്ഷേത്രത്തില്‍ നിന്ന് ഉത്സവം കഴിഞ്ഞ് റെയില്‍വെ മേല്‍പ്പാലം റോഡിലൂടെ നടന്നുവരുമ്പോള്‍ ഒരു ചുവന്ന കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ പരിസരവാസികള്‍ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മുരളീകൃഷ്ണന്‍ മരണപ്പെട്ടു. മുരളീകൃഷ്ണന്റെ ഭാര്യ ശ്രുതി നല്‍കിയ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ദമ്പതികളെ ഇടിച്ചുവീഴ്ത്തിയ വാഹനത്തെയും ഡ്രൈവറെയും കണ്ടത്താനായില്ല.
2009 ആഗസ്റ്റ് 31 വരെയാണ് ഈ കേസില്‍ ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയത്. പോലീസിന് കേസില്‍ യാതൊരു തുമ്പും ഉണ്ടാക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ മുരളീകൃഷ്ണന്റെ മാതാവ് ലക്ഷ്മി വാരസ്യാരും ഭാര്യ ശ്രുതിയും കേസില്‍ ഉന്നത തല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി.
ഇതേ തുടര്‍ന്ന് 2010 ഫെബ്രുവരി 24ന് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2010 ആഗസ്റ്റ് 26 മുതല്‍ കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന്റെ കണ്ണൂര്‍ യൂണിറ്റ് ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി സന്തോഷ്‌കുമാര്‍ നടത്തിയ അന്വേഷണത്തില്‍ അപകടത്തിന് ദൃക്‌സാക്ഷികളായി പോലീസ് ഉള്‍പ്പെടുത്തിയ മുഹമ്മദലിയെയും, സി നാരായണനെയും വിശദമായി ചോദ്യം ചെയ്തു.
ഇരുവരുടെയും മൊഴികളില്‍ സംശയവും വൈരുദ്ധ്യവുമുണ്ടെന്നും സത്യാവസ്ഥ അറിയാന്‍ ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ചൂണ്ടിക്കാണിച്ച് ഒരാഴ്ച മുമ്പാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 

മുരളീകൃഷ്ണനെയും ഭാര്യയെയും അപകടത്തില്‍പെടുത്തിയ വാഹനം ഉപയോഗിച്ചത് സംബന്ധിച്ച് മുഹമ്മദലിയും നാരായണനും പരസ്പരം കുറ്റാരോപണം നടത്തുന്നുണ്ടെന്നും ഈ കേസില്‍ ചോദ്യം ചെയ്യലിന് വിധേയരായ ചില സാക്ഷികളും ഈ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും രണ്ട് സാക്ഷികളും തങ്ങള്‍ ചെയ്ത കുറ്റം മറച്ച് വച്ച് മൊഴിതന്നതാണോ എന്നറിയുന്നതിനും സാക്ഷിമൊഴികളുടെ സത്യാവസ്ഥ മനസിലാക്കുന്നതിനും ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കേണ്ടത് അത്യാവശ്യമാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

നുണപരിശോധനയ്ക്ക്  സാക്ഷികള്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാണ് കോടതി നുണ പരിശോധനയ്ക്ക് അനുമതി നല്‍കിയത്. മുരളീകൃഷ്ണന്റേത് സാധാരണ അപകടമരണമല്ലെന്നും ഈ സംഭവം ആസൂത്രിതമാണെന്നുമുള്ള സംശയം ബന്ധുക്കള്‍ക്കുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.