Latest News

വിവാഹബന്ധം വേര്‍പെടുത്തിയിട്ടും പീഡനം; മുന്‍ ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍

കാഞ്ഞങ്ങാട് : വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടും പീഡിപ്പിക്കുകയാണെന്നാരോപിച്ച് മുന്‍ ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍ ഹരജി നല്‍കി. ബാര കുന്നുപാറയിലെ അപ്പയുടെ മകള്‍ രമണിയാണ് (43) മുന്‍ ഭര്‍ത്താവായ കുന്നുപാറയിലെ ബാബുവിനെതിരെ (46) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്.

ബാബുവിന്റെയും രമണിയുടെയും വിവാഹബന്ധം കാസര്‍കോട് കുടുംബ കോടതി മുഖാന്തിരം 2011 നവംബര്‍ 28 ന് വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ ദേവിക, ബബിത എന്നീ മക്കളുണ്ട്. ഇവര്‍ രമണിക്കൊപ്പമാണ് താമസം. വിവാഹത്തിനു ശേഷം ബാബുവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ച് പോയ രമണിക്കും മക്കള്‍ക്കും ഭര്‍ത്താവില്‍ നിന്ന് ചിലവിന് ലഭിച്ചിരുന്നില്ല.
ബാബുവിന്റെ ഉപദ്രവത്തെ തുടര്‍ന്ന് രമണി കാസര്‍കോട് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് ഹരജി നല്‍കുകയും വിവാഹ മോചനത്തിന് കോടതി അനുമതി നല്‍കുകയും ചെയ്തു.
അതേ സമയം തനിക്കും കുട്ടികള്‍ക്കും ബാബുവില്‍ നിന്ന് സംരക്ഷണ ചിലവും നഷ്ട പരിഹാരവും ലഭിക്കണമെന്നാവശ്യപ്പെട്ട് രമണി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിലും ഹരജി നല്‍കി.
ഇതേ തുടര്‍ന്ന് കോടതി രമണിക്കും മക്കള്‍ക്കും പ്രതിമാസം 5000 രൂപ ചിലവിനും നല്‍കാനും 25000 രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. എന്നാല്‍ ചിലവിനുള്ള തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ബാബു തയ്യാറായില്ല. ഇതു സംബന്ധിച്ചുള്ള രമണിയുടെ ഹരജിയില്‍ കോടതി നിരന്തരം സമന്‍സ് അയച്ചിട്ടും ബാബു ഹാജരായില്ല.
തുടര്‍ന്ന് ബാബുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. അതേ സമയം ബാബു മദ്യപിച്ച് രമണിയുടെ വീട്ടില്‍ വന്ന് അതിക്രമങ്ങള്‍ നടത്തുന്നതും പതിവാക്കി. 2014 ഒക്‌ടോബര്‍ 9 ന് വൈകുന്നേരം 5 മണിക്ക് ബാബു മദ്യലഹരിയില്‍ രമണിയെയും മക്കളെയും അസഭ്യം പറയുകയും ചെരുപ്പും കല്ലും എടുത്ത് എറിയുകയും കുട്ടികളെ ഓടിക്കുകയും ചെയ്തു. വെള്ളം കോരി വെച്ച ബക്കറ്റും വീട്ടുസാധനങ്ങളും അടിച്ചു തകര്‍ത്ത ബാബു രമണിയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ബാബുവിനെതിരെ രമണി കോടതിയെ സമീപിച്ചത്.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.