Latest News

സതീശനെതിരെ ഹോംനഴ്‌സുമാര്‍ പരാതിയുമായി പോലീസില്‍

നീലേശ്വരം: ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ജീവനക്കാരി തൃക്കരിപ്പൂര്‍ ഒളവറയിലെ മാവിലങ്ങാട് കോളനിയില്‍ രജനിയെ (34) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നീലേശ്വരം കണിച്ചിറയിലെ സതീശനെതിരെ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റിലെ നാല് ഹോംനഴ്‌സുമാര്‍ പോലീസില്‍ പരാതി നല്‍കി.

കര്‍ണ്ണാടക കുടക് സ്വദേശിനിയായ 60കാരി ഉള്‍പ്പെടെയുള്ള ഹോംനഴ്‌സുമാരാണ് ബുധനാഴ്ച രാവിലെ നീലേശ്വരം സിഐ യു പ്രേമന് പരാതി നല്‍കിയത്. തങ്ങള്‍ക്ക് ശമ്പളമായി ലഭിക്കാനുള്ള തുക സതീശന്‍ തട്ടിയെടുത്തുവെന്നാണ് ഹോംനഴ്‌സുമാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ചെറുവത്തൂരിലെ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നടത്തിപ്പുകാരനായ സതീശനും ജീവനക്കാരിയായിരുന്ന രജനിയും ചേര്‍ന്നാണ് ഹോംനഴ്‌സുമാരുടെ ശമ്പളകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.
കുടക് സ്വദേശിനിക്ക് സതീശനില്‍ നിന്ന് 47000 രൂപ ലഭിക്കാനുണ്ട്. ഇതുപോലെ തന്നെ മറ്റു ഹോംനഴ്‌സുമാര്‍ക്ക് കിട്ടാനുള്ള ശമ്പളവും സതീശന്റെ കൈയിലുണ്ട്.
സ്ഥാപനത്തില്‍ നിന്നും കുറച്ച് ദിവസത്തെ അവധിയെടുത്ത് നാട്ടില്‍ പോയിരുന്ന കുടക് സ്വദേശിനി പത്രവാര്‍ത്തയിലൂടെയാണ് രജനി കൊലചെയ്യപ്പെട്ടതായും സതീശന്‍ അറസ്റ്റിലായതായുമുള്ള വിവരം അറിഞ്ഞത്.
ഈ സാഹചര്യത്തിലാണ് കുടക് സ്വദേശിനി പരാതിയുമായി പോലീസില്‍ എത്തിയത്. ഹോംനഴ്‌സുമാരുടെ ശമ്പളം യഥാസമയം നല്‍കാതെ പിടിച്ചുവച്ച്പണം ധൂര്‍ത്തടിക്കുന്ന സ്വഭാവക്കാരനാണ് സതീശനെന്ന് പോലീസ് പറഞ്ഞു. പുതിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.