Latest News

മുരളിയുടെ കൊലപാതകം ആര്‍ എസ് എസിന്റെ ഗൂഢാലോചന-പിണറായി

കുമ്പള: കുമ്പള ശാന്തിപ്പള്ളത്തെ സി പി എം പ്രവര്‍ത്തകന്‍ മുരളിയെ കൊലപ്പെടുത്തിയത് ആര്‍ എസ് എസിന്റെ അറിവോടെയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. കൊല്ലപ്പെട്ട മുരളിയുടെ പേരാലിലെ തറവാട്ടു വീട്ടിലെത്തിയ പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ആര്‍ എസ് എസ് നേരത്തെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് മുരളിയുടെ കൊല. ഒന്നരവര്‍ഷം മുമ്പ് മുരളിയെ വകവരുത്താന്‍ ഇതേസംഘം ശ്രമം നടത്തിയിരുന്നു. അന്ന് അത് വിജയിച്ചില്ലെന്ന് പിണറായി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ സി പി എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുമ്പോള്‍ അത് വാര്‍ത്തകളാകുന്നില്ല. ആസൂത്രിതമായി നടത്തിയ ഈ കൊലപാതകം വാര്‍ത്തയാകാത്തത് സമൂഹം തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.


പോലീസിനെതിരെ സര്‍വത്ര പരാതിയാണ് ഉള്ളത്. ആഭ്യന്തര വകുപ്പ് ആര്‍ എസ് എസിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ നയം പോലീസ് നടപ്പാക്കുന്നു. മുരളീവധം പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. പോലീസിന്റെ ഭാഗത്തുനിന്നും പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കുടുംബത്തിന് തന്നെ പരാതിയുണ്ടെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. ആര്‍ എസ് എസിന്റെ പ്രീണന നയത്തിന്റെ ഭാഗമായാണ് ഇത്തരം കൊലപാതകം നടക്കുന്നത്. ഇത് മാറണം. ആഭ്യന്തര വകുപ്പ് ഇക്കാര്യം തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.


സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നവംബര്‍ ആറിന് ഏരിയാ കേന്ദ്രങ്ങളില്‍ ജനകീയ സദസ് സംഘടിപ്പിക്കുമെന്നും പിണറായി വ്യക്തമാക്കി. മുരളിയുടെ മൃതദേഹം സംസ്‌ക്കരിച്ച സ്ഥലവും പിണറായി സന്ദര്‍ശിച്ചു. സി പി എം ജില്ലാ സെക്രട്ടറി കെ പി സതീശ് ചന്ദ്രന്‍, ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പു, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, വി ശിവദാസന്‍, പി രഘുദേവന്‍ മാസ്റ്റര്‍ എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.