Latest News

കാസര്‍കോട് മെഡിക്കല്‍ കോളജ്: മുഖ്യമന്ത്രിയുമായി ഉടന്‍ ചര്‍ച്ച

കാസര്‍കോട്: ബദിയഡുക്കയില്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം തുടങ്ങുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കാന്‍ 29ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസസെല്‍ യോഗം തീരുമാനിച്ചു. 

സെല്‍ ചെയര്‍മാന്‍ കെ.പി.മോഹനന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ചു എംഎല്‍എമാരും അന്ന് മുഖ്യമന്ത്രിയെ കാണും. ആവശ്യമായ ഫണ്ട് ലഭിക്കാത്തത് മൂലമാണ് നിര്‍മാണം നടക്കാത്തത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെ ഇപ്പോഴും മംഗലാപുരത്തെ മെഡിക്കല്‍ കോളജുകളെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് സെല്‍ യോഗം അഭ്യര്‍ഥിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയില്‍ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സുമാരെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും പിരിച്ചുവിട്ട സാഹചര്യത്തില്‍ ഇവര്‍ക്ക് പുനര്‍നിയമനം ലഭിക്കുന്നതിന് ഇടപെടാന്‍ സെല്‍ യോഗം തീരുമാനിച്ചു.

മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസ ഗ്രാമം പദ്ധതിയുടെ രൂപരേഖ നവമ്പര്‍ 24ന് പരിശോധിച്ച് അപാകതകള്‍ പരിഹരിച്ച് 30നകം പ്രസിദ്ധീകരിക്കും.

ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുത്ത ദുരിതബാധിത ര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസം ലഭ്യമാക്കുന്നതിന് നിശ്ചിത ഫോമില്‍ കുടുംബങ്ങളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കും. രോഗ തീവ്രതയുടെ അടിസ്ഥാനത്തില്‍ അവരുടെ അര്‍ഹത പരിശോധിച്ച് വായ്പ എഴുതിത്തള്ളല്‍ നടപടിക്കു ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ആഡംബര വസ്തുക്കള്‍, വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് എടുത്ത വായ്പകള്‍ പരിഗണിക്കില്ല.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുള്‍പ്പെടെ ആവശ്യമായ നഴ്‌സുമാരെയും ഡോക്ര്‍മാരെയും നിയമിക്കുന്നതിനും മരുന്നുകള്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികളെടുക്കാന്‍ യോഗം നിര്‍ദേശിച്ചു. പനത്തടി പഞ്ചായത്തില്‍ റേഷന്‍ കടകളില്‍ മാസാവസാനമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങള്‍ക്ക് റേഷന്‍ കിട്ടുന്നതെന്ന പരാതി പരിഹരിക്കാന്‍ ജില്ലാ സപ്‌ളെ ഓഫിസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.