Latest News

വിഷമില്ലാത്ത പച്ചക്കറിയ്ക്കായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ സമരം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജില്‍ ഒരു സൈബര്‍ സമരം നടക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മാരക കീടനാശിനികള്‍ അടങ്ങിയ പച്ചക്കറികള്‍ സംസ്ഥാനത്തെത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളാണ് ഏതാനും ദിവസങ്ങളായി മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജ് തന്നെ സൈബര്‍ സമരവേദിയാക്കി മാറ്റിയിരിക്കുന്നത്. പേജില്‍ മുഖ്യമന്ത്രി എന്തു പോസ്റ്റ് ചെയ്താലും അതിന്റെ കമന്റ് ആയി സന്ദേശം രേഖപ്പെടുത്തുകയാണ് സമരരീതി.

ഇവിടെ ക്യാന്‍സര്‍ചികിത്സക്ക് ഫണ്ട് കണെ്ടത്താനും ആശുപത്രി സ്ഥാപിക്കാനും മുന്‍കൈയെടുക്കുന്ന താങ്കള്‍ കേരളീയരില്‍ ക്യാന്‍സറുണ്ടാക്കുന്ന വിഷം ശരീരത്തില്‍ ചെല്ലാതിരിക്കാനും മുന്‍കരുതല്‍ സ്വീകരിക്കേണ്ടതല്ലേ ?' എന്ന ചോദ്യമാണ് 'ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി എന്ന തലക്കെട്ടോടെയുള്ള സന്ദേശത്തില്‍ മുഖ്യമന്ത്രിയോട് ഉന്നയിക്കുന്ന പ്രധാന ചോദ്യം. 

ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്ക് പകരം ആറു ലക്ഷത്തില്‍പ്പരം പേര്‍ ലൈക്ക് ചെയ്തിട്ടുള്ള മുഖ്യമന്ത്രിയുടെ പേജ് പ്രചരണായുധമാക്കിയതോടെ അത്രയധികം പേരില്‍ സന്ദേശമെത്തിക്കുവാനും വിഷയം ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താനും അനുകൂലമായ തീരുമാനം മുഖ്യമന്ത്രിയെക്കൊണ്ട് എടുപ്പിക്കാനും സാധിക്കുമെന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രത്യാശ. സന്ദേശം വായിച്ച് കൂടുതല്‍ പേര്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും പേജിന്റെ അഡമിനുകള്‍ക്ക്് തലവേദനയായി തുടങ്ങിയിട്ടുണ്ട്.

സന്ദേശത്തിന്റ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി അവര്‍കളുടെ അടിയന്തര ശ്രദ്ധക്കായി
"ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി"

കൊടിയ വിഷത്തില്‍ മുക്കിയ പച്ചക്കറികള്‍ അന്യസംസ്ഥാനത്തു നിന്ന് കൊണ്ടു വന്ന് ഇവിടെ വില്‍ക്കുന്നുണ്ട് എന്നത് രഹസ്യമല്ല. സ്വന്തം ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഇത്തരം പച്ചക്കറികള്‍ വിപണിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ കര്‍ശനനിയമം നടപ്പാക്കാന്‍ എന്താണ് തടസ്സം ?. 

കേരളത്തില്‍ വിഷം നിറച്ച പച്ചക്കറി വില്‍ക്കാന്‍ പറ്റില്ലെന്ന് മനസ്സിലായാല്‍ തമിഴ്‌നാട്ടില്‍ നിന്നത് വരില്ല . അമേരിക്കയിലേക്ക് കൊച്ചിയില്‍ നിന്നും തോന്നും പോലെ ചെമ്മീന്‍ കയറ്റി അയക്കാന്‍ പറ്റുമോ?. ഉല്‍പ്പന്നത്തിന് വിപണി കിട്ടില്ലെന്ന് തിരിച്ചറിഞ്ഞാല്‍ ആരും ഏതു കര്‍ശനനിയമവും പാലിക്കാന്‍ തയ്യാറാകും . 

ഇവിടെ ക്യാന്‍സര്‍ചികിത്സക്ക് ഫണ്ട് കണെ്ടത്താനും ആശുപത്രി സ്ഥാപിക്കാനും മുന്‍കൈയെടുക്കുന്ന താങ്കള്‍ കേരളീയരില്‍ ക്യാന്‍സറുണ്ടാക്കുന്ന വിഷം ശരീരത്തില്‍ ചെല്ലാതിരിക്കാനും മുന്‍കരുതല്‍ സ്വീകരിക്കേണ്ടതല്ലേ ?. എന്തുകൊണ്ട് അതു ചെയ്യുന്നില്ല . ഓരോ വീട്ടിലും ഒരു സംരംഭകന്‍ എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനമെന്ന് താങ്കള്‍ പറയുമ്പോള്‍ വിഷമുള്ള പച്ചക്കറി മൂലം ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗിയല്ലേ ജനിക്കുന്നത് ?. 

വിഷമുള്ള പച്ചക്കറി അതിര്‍ത്തിയില്‍ തടഞ്ഞാല്‍ ജനം ഇവിടെ കലാപമൊന്നും ഉണ്ടാക്കില്ല. മറിച്ച് താങ്കള്‍ക്ക് ജയ് വിളിക്കും. ബാറുകള്‍ അടച്ചപ്പോള്‍ സന്തോഷം അറിയിച്ച വീട്ടമ്മമാരേക്കാള്‍ കൂടുതല്‍ പേര്‍ ഇക്കാരണം കൊണ്ടു താങ്കളെ ഹീറോയാക്കും. ഇനിയും കണ്ണു തുറന്നില്ലെങ്കില്‍ നൂറ്റാണ്ടിന്റെ മഹാരോഗമായ ക്യാന്‍സര്‍ കേരളത്തെ കീഴടക്കും. ആയതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ ഞങ്ങള്‍ ഒന്നടങ്കം ഇതിനാല്‍ ആവശ്യപ്പെടുന്നു. '

പോസ്റ്റ് പരമാവധി പേര്‍ക്ക് ഷെയര്‍ ചെയ്ത് പ്രതിഷേധ പരിപാടിയുടെ ഭാഗമാവുക എന്ന ആഹ്വാനത്തോടെയാണ് സന്ദേശം അവസാനിക്കുന്നത്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.