Latest News

വോട്ടര്‍ പട്ടിക പുതുക്കുന്നു; അപേക്ഷ ഓണ്‍ലൈനിലൂടെ

തിരുവനന്തപുരം: അടുത്ത ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പുതുക്കുന്നു. നവംബര്‍ ഒന്നു മുതല്‍ 25 വരെ പൂര്‍ണമായും ഓണ്‍ലൈനിലൂടെയായിരിക്കും വോട്ടര്‍ പട്ടിക പുതുക്കാന്‍ അപേക്ഷിക്കേണ്ടതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ അറിയിച്ചു.

നിലവിലുള്ള വോട്ടര്‍ പട്ടിക നവംബര്‍ ഒന്നിനു പ്രസിദ്ധീകരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയതായി പേരു ചേര്‍ക്കേണ്ടവര്‍ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. പഴയ ഫൊട്ടോ മാറ്റേണ്ടവര്‍ക്കും തെറ്റു തിരുത്തേണ്ടവര്‍ക്കും അപേക്ഷ നല്‍കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി ഒന്നിന് പുതിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഒരിക്കല്‍ കൂടിയേ വോട്ടര്‍ പട്ടിക പുതുക്കുകയുള്ളൂ. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാല്‍ കാര്യമായ തിരുത്തുകള്‍ വരുത്തണമെന്നുള്ളവര്‍ ഇപ്പോള്‍ അപേക്ഷിക്കണമെന്നു നളിനി നെറ്റോ പറഞ്ഞു. കംപ്യൂട്ടറും ഇന്റര്‍നെറ്റുമുള്ളവര്‍ക്ക് എവിടെ നിന്നും 24 മണിക്കൂറും അപേക്ഷിക്കാം. പുറമേ കലക്ടറേറ്റുകള്‍, താലൂക്ക്, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും ഓണ്‍ലൈന്‍ അപേക്ഷാ സൗകര്യം ഉണ്ടാകും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഇന്റര്‍നെറ്റ് കഫെകളിലൂടെയും അപേക്ഷിക്കാം.

ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ക്ക് റജിസ്‌ട്രേഷന്‍ നമ്പര്‍, പേര്, ബൂത്ത് ലവല്‍ ഓഫിസറെ ബന്ധപ്പെടുന്നതിന് ആവശ്യമായ വിവരങ്ങള്‍ എന്നിവ എസ്എംഎസായി ലഭിക്കും.അപേക്ഷ പരിശോധിക്കുന്ന ഘട്ടത്തില്‍ അത് സ്വീകരിച്ചാലും തള്ളിയാലും എസ്എംഎസ് ലഭിക്കും. പുതിയതായി പേരു ചേര്‍ക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ താലൂക്ക് ഓഫിസില്‍ നിന്നോ തപാലിലോ ലഭിക്കും. അല്ലെങ്കില്‍ ബിഎല്‍ഒ മാരില്‍ നിന്നു വാങ്ങാം.

ഇപ്പോള്‍ തന്നെ മികച്ച വോട്ടര്‍ പട്ടികയുള്ള സംസ്ഥാനമെന്ന നിലയില്‍ ചില മേഖലകളിലെ സ്ത്രീ പുരുഷ അസമത്വം ഒഴിവാക്കുന്നതിനും ആദിവാസികളെ കൂടുതലായി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുമായിരിക്കും ഇത്തവണ മുന്‍തൂക്കം നല്‍കുക.

ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 2,37,92,270 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. പൊതു തിരഞ്ഞടുപ്പിനായി ഉപയോഗിച്ചത് 2,42,51,942 വോട്ടര്‍മാരുള്ള പട്ടികയായിരുന്നു. നവംബര്‍ ഒന്നിനു പ്രസിദ്ധീകരിക്കാന്‍ പോകുന്ന കരട് പട്ടികയില്‍ 2,43,47,115 വോട്ടര്‍മാരുണ്ട്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.