Latest News

ബാര്‍ അനുമതി ഇനി ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമല്ല, സംസ്ഥാനത്ത് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലും ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഭാഗികമായി അംഗീകാരം നല്‍കിക്കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസ് കെ.സുരേന്ദ്ര മോഹന്‍ പുറപ്പെടുവിച്ച ഈ വിധിയോടെ, സംസ്ഥാനത്തെ ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ പ്രവര്‍ത്തിച്ചിരുന്ന 261 ബാറുകള്‍ പൂട്ടണം. ഈ ബാറുകള്‍ എന്നുമുതല്‍ പൂട്ടണം എന്നകാര്യം വിധിയില്‍ പറയുന്നില്ല.

പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെ സംസ്ഥാനത്തെ 712 ബാറുകള്‍ പൂട്ടാനാണ് പുതിയ മദ്യനയം അനുസരിച്ച് യു.ഡി.എഫ്.സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അതില്‍ 33 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കോടതിവിധി അനുസരിച്ച് ഇനി പ്രവര്‍ത്തിക്കാം.

കോടതി വിധി പ്രകാരം, മൊത്തം 62 ബാറുകളാകും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക. അതില്‍ 33 ഫോര്‍ സ്റ്റാര്‍ ബാറുകളും, 21 ഫൈവ് സ്റ്റാര്‍ ബാറുകളും, എട്ട് ഹെറിറ്റേജ് ബാറുകളും ഉള്‍പ്പെടുന്നു.

'ഗവണ്‍മെന്റ് പ്രഖ്യാപിച്ച മദ്യനയത്തിനുള്ള അംഗീകാരമാണ് കോടതിവിധി'യെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. 'യു.ഡി.എഫിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മദ്യനയത്തിന് ലഭിച്ച അംഗീകാരമെന്ന് തന്നെ ഈ വിധിയെ വിശേഷിപ്പിക്കാ'മെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു.

പുതിയ മദ്യനയം അനുസരിച്ച്, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും ബാര്‍ ലൈന്‍സ് നല്‍കാമെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഫോര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ തമ്മില്‍ വേര്‍തിരിവ് ആവശ്യമില്ലെന്നുള്ള 2012 ലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.

പുതിയ മദ്യനയം തയ്യാറാക്കുമ്പോള്‍ ജസ്റ്റിസ് എന്‍. രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളെ വേര്‍തിരിക്കുന്നത് സംബന്ധിച്ച് വസ്തുതകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഇത്തരം വേര്‍തിരിവ് നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ ബാറുടമകളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ നടപടി പിന്‍വലിക്കുന്നതിനെതിരെ മദ്യവര്‍ജന സമിതി, കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സും നല്‍കിയ ഹര്‍ജികളും അടക്കം മൊത്തം 83 ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.

സമ്പൂര്‍ണ മദ്യനിരോധനത്തിലേയ്ക്കുള്ള ആദ്യപടിയായി സംസ്ഥാന സര്‍ക്കാര്‍ നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ശേഷിച്ച ബാറുകള്‍ സപ്തംബര്‍ 12 ന് പൂട്ടാനായിരുന്നു തീരുമാനം.

എന്നാല്‍ ഹൈക്കോടതി വിധി വരുംവരെ ബാര്‍ പ്രവര്‍ത്തിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ബാറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

പഞ്ചനക്ഷത്ര പദവിയുള്ളവയെ ഒഴിവാക്കി ചില വിഭാഗങ്ങളുടെ ലൈസന്‍സ് മാത്രം റദ്ദാക്കുന്നത് വിവേചനമാണെന്നും കള്ളുഷാപ്പുകളും ക്ലബ്ബുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും, ബിവറേജസ് ഔട്ട്‌ലറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബാറുടമകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.