Latest News

മുരളിയുടെ ശരീരത്തില്‍ പതിനൊന്ന് വെട്ടുകള്‍; കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു

കുമ്പള: കുമ്പളയില്‍ തിങ്കളാഴ്ച വൈകിട്ട് കൊല്ലപ്പെട്ട സി.പി.എം. സജീവ പ്രവര്‍ത്തകനും പാര്‍ട്ടി മെമ്പറും കൂടിയായ ശാന്തിപ്പളത്തെ മുരളിയെ (35) കുത്തികൊലപ്പെടുത്തിയ അക്രമി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു.

ഏതാനും വര്‍ഷം മുമ്പ് കുമ്പള ടൗണില്‍ നിന്നും ഓട്ടോ റിക്ഷ വാടകയ്ക്കു വിളിച്ചുകൊണ്ടുപോയി സി.പി.എം. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കഞ്ചിക്കട്ടയിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ ദയാനന്ദ വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മുരളി. ഇതിന്റെ പ്രതികാരമാണ് കൊലയെന്ന് പോലീസിന് ലഭിച്ച സൂചന. 

ദയാനന്ദയുടെ രണ്ട് മക്കളും ഇവരുടെ രണ്ട് സുഹൃത്തുക്കളുമാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഓട്ടോയില്‍ മുരളിക്കൊപ്പമുണ്ടായിരുന്ന സഹ യാത്രക്കന്റെയും ഓട്ടോ ഡ്രൈവറുടെയും മൊഴിയില്‍ നിന്നുമാണ് കൊലയാളി സംഘത്തെകുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.

അക്രമി സംഘം വന്നത് ബൈക്കിലാണെന്നും സംശയമുണ്ട്. ദയാനന്ദ വധക്കേസിന് പുറമെ കോയിപ്പാടിയിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ വിനുവിനെ കൊലപ്പെടുത്തിയ കേസിലും കൊല്ലപ്പെട്ട പ്രതികൂടിയാണ് കൊല്ലപ്പെട്ട മുരളി.
മുരളിയെ കൊലയാളിസംഘം ദിവസങ്ങളായി പിന്തുടര്‍ന്നതായാണ് സംശയിക്കുന്നത്. മുരളി പോകാറുള്ള സ്ഥലവും മറ്റും നേരത്തെതന്നെ അക്രമികള്‍ മനസ്സിലാക്കിയിരുന്നതായാണ് വിവരം.
കുമ്പള ശാന്തിപളത്ത് മരം ഡിപ്പോ നടത്തി ഒതുങ്ങിക്കഴിയുകയായിരുന്ന മുരളി അടുത്തകാലത്തൊന്നും ഒരു കേസില്‍പോലും ഉള്‍പ്പെട്ടിരുന്നില്ല. 

തിങ്കളാഴ്ച്ച വൈകുന്നേരം സുഹൃത്തിനൊടൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന മുരളിയെ ശാന്തിപള്ളത്ത് വച്ച് രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗസംഗം വടിവാള്‍, ഇരുമ്പു വടി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഓട്ടോ തടഞ്ഞിട്ട സംഘം മുരളിയെ വലിച്ചിറക്കി വടിവാള്‍ കൊണ്ട് തുരുതുരാ വെട്ടുകയായിരുന്നു. മുരളിയുടെ ദേഹത്ത് പതിനൊന്നോളം വെട്ടുകളേറ്റു. ആളുകള്‍ ഓടികൂടുമ്പോഴേക്കും ഘാതകസംഘം ബൈക്കുകളില്‍ കടന്ന് കളയുകയാണുണ്ടായത്. മുരളി രക്തം വാര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.
മുരളിയും സഹോദരന്‍ ബാലനും നേരത്തെ തന്നെ ബി.ജെ.പി. പ്രവര്‍ത്തകരുടെ നോട്ടപ്പുള്ളിയായിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്ക് സി.പി.എമ്മിന്റെ സംരക്ഷണം ലഭിച്ചിരുന്നു. കൊലക്കേസടക്കം നിരവധി കേസില്‍ ഉള്‍പെട്ട മുരളി എവിടെ പോകുമ്പോഴും കരുതിയിരിക്കാറുണ്ടായിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മുരളിക്ക് നേരെ ശാന്തിപ്പള്ളത്തുണ്ടായ അക്രമം തികച്ചും അപ്രതീക്ഷിതവും ആസൂത്രിതവുമായിരുന്നു.

ഘാതകരെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട് എസ്.പി. തോംസണ് ജോസ്, ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, കുമ്പള സി.ഐ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അതേ സമയം മുരളിയെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും സജീവ പ്രവര്‍ത്തകനായിരുന്ന മുരളിയുടെ കൊലപാതകത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം അറിയിച്ചു.

മാസങ്ങള്‍ക്ക് മുമ്പ് മുരളിയെ കുമ്പളയില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചിരുന്നു. തുടര്‍ന്ന് പെരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. അന്നുമുതല്‍ ആര്‍എസ്എസിന്റെ ഭീഷണി മുരളിക്ക് നേരെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൊലപാതകം വളരെ ആസൂത്രിതമാണന്നും സി.പി.എം കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുമ്പളയിലേയും പരിസര പ്രദേശങ്ങളിലേയും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബിജെപി ആര്‍എസ്എസ് ബോധപൂര്‍വം ശ്രമിച്ചു വരികയാണ്. ഈ അറുംകൊല നടത്തിയ ആര്‍എസ്എസ് ബിജെപി കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും സിപിഎം അഭ്യര്‍ത്ഥിച്ചു.

ആര്‍എസ്എസ് രക്തദാഹികളുടെ നരനായാട്ടിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഡിവൈഎഫ്‌ഐ നേതൃത്വം അറിയിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച എല്ലാ ബ്ലോക്ക് മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം കൊലപാതകവുമായി ബന്ധമില്ലെന്ന് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സംഭവത്തെ രാഷ്ട്രീയവല്‍ക്കരിച്ച് സിപിഎം മുതലെടുപ്പ് നടത്തുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് പ്രസ്താവനയില്‍ അറിയിച്ചു.


Keywords: Kasaragod, Kumbala, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.