Latest News

ക്ലസ്റ്റര്‍ ഉപരോധത്തിനിടെ അധ്യാപകന്‍ മരിച്ച സംഭവം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

മഞ്ചേരി: ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വാലില്ലാപ്പുഴ എംഎഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ (46) മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ പതിനേഴ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു.

കുഴിമണ്ണ നീരുട്ടിക്കല്‍ പാണര്‍ച്ചാലില്‍ അബ്ദുനസീര്‍ (30), നീരുട്ടിക്കല്‍ പൂളക്കുന്നത്ത് നാണത്ത് ഹംസ (32), കുഴിമണ്ണ ആലിന്‍ചുവട് കൈപ്പിലാക്കല്‍ എ. അബ്ദുള്‍ സലിം (33), കിഴിശേരി ചക്കുംകുളം എറാമ്പ്രചാലില്‍ ദേവര്‍തൊടിക മുഹമ്മദ് ബഷീര്‍ (27), കുഴിമണ്ണ പണ്ടാറക്കണ്ടി സജീര്‍ (28), കുഴിമണ്ണ നീരുട്ടിക്കല്‍ പൂളംകുന്നത്ത് അബ്ദുള്‍ ജലീല്‍ (31), കുഴിമണ്ണ നീരുട്ടിക്കല്‍ വള്ളിക്കുന്ന് ഉറുപ്പ അബ്ദുള്‍ ലത്തീഫ് (29), കിഴിശേരി നടുക്കണ്ടിയില്‍ ചേക്കു മുഹമ്മദ് (48), അരീക്കോട് ചെമ്രക്കാട്ടൂര്‍ മഠത്തില്‍ മുഹമ്മദ് (36), പുളിയക്കോട് കടുങ്ങല്ലൂര്‍ കിഴക്കേതില്‍ അബൂബക്കര്‍ സിദ്ദീഖ് (37), തൃപ്പനച്ചി പാലക്കാട് കണ്ണംതൊടി മന്‍സൂര്‍ (30), കുഴിമണ്ണ പെരുന്തയത്ത് ഉറുണിക്കുളവന്‍ മുഹമ്മദ്കുട്ടി (51), കുഴിമണ്ണ മാങ്കാവ് നെച്ചിപ്പറമ്പന്‍ കരിക്കാടംപൊയില്‍ മുഹമ്മദ് ബഷീര്‍(38), കുഴിമണ്ണ പഴയേരി മുള്ളന്‍ സുലൈമാന്‍ (44), പുളിയക്കോട് ഇടിഞ്ഞാറെകുണ്ടില്‍ കിഴക്കേപ്പറമ്പന്‍ കെ.കെ മുത്തലിബ് (43), ആക്കപ്പറമ്പ് മേല്‍മുറി കറളിക്കാട്ടില്‍ പെരിങ്ങാട്ടു ചാലില്‍ കെ.പി അലവിക്കുട്ടി (38), കുഴിമണ്ണ തവനൂര്‍ കുഴിക്കാട്ടുതൊടി നടുവത്തു ചാലില്‍ അഷ്‌റഫ് (36) എന്നിവരെയാണു തെളിവുകളുടെ അഭാവത്തില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) ജഡ്ജി കെ.സുഭദ്രാമ വെറുതെ വിട്ടത്.

2008 ജൂലൈ 19ന് രാവിലെ പത്തരയ്ക്കു കിഴിശേരി വില്ലേജ് ഓഫീസിനു മുന്നിലാണു സംഭവം. കുഴിമണ്ണ എയുപി സ്‌കൂളില്‍ നടക്കുന്ന ക്ലസ്റ്റര്‍ ക്ലാസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കൊടിയത്തൂര്‍ തോട്ടുമുക്കം ഇടക്കര വീട്ടില്‍ ഇ.ജെ അഗസ്റ്റിന്റെ മകനായ ജയിംസ് അഗസ്റ്റിന്‍.

സ്‌കൂള്‍ പാഠപുസ്തകത്തിലെ വിവാദമായ മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമ്പതോളം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം തടസപ്പെടുത്താനെത്തിയതായിരുന്നു. ഇതിനിടെ, സംഘര്‍ഷത്തില്‍ പരിക്കേറ്റ ജയിംസ് അഗസ്റ്റിനെ ഉടന്‍ കിഴിശേരി അല്‍ അബീര്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി മരിച്ചു.

പ്രതികള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 143, 147, 353, 332, 302 എന്നി വകുപ്പുകളനുസരിച്ചാണു കൊണേ്ടാട്ടി പോലീസ് കേസെടുത്തിരുന്നത്. ഈ കേസില്‍ ലീഗ് നേതാവും എംഎല്‍എയുമായ പി.കെ ബഷീറിന്റെ പ്രസംഗം ഏറെ വിവാദമായിരുന്നു.

കേസിലെ 47 സാക്ഷികളില്‍ കോടതി വിസ്തരിച്ചവരില്‍ 22 പേരും വിചാരണ വേളയില്‍ കൂറുമാറിയിരുന്നു. 11-ാം സാക്ഷി പത്തനാപുരം എയുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുഹമ്മദ്, 12-ാം സാക്ഷി വാലില്ലാപുഴ എംഎഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ സഹീര്‍, 13-ാം സാക്ഷി വലിയ പറപ്പൂര്‍ സുധീര്‍, 14-ാം സാക്ഷി വാലില്ലാപുഴ എംഎഎല്‍പി സ്‌കൂള്‍ അധ്യാപിക കുഞ്ഞിപ്പാത്തുമ്മ, 15-ാം സാക്ഷി സുശീല, 16-ാം സാക്ഷി കുനിയില്‍ അന്‍വാര്‍ സ്‌കൂള്‍ അധ്യാപകന്‍ മുസ്തഫ, 17-ാം സാക്ഷി മുതുവല്ലൂര്‍ സ്‌കൂള്‍ അധ്യാപകന്‍ കല്ലിങ്ങല്‍ ഗോപാലന്‍ എന്നിവര്‍ കൂറുമാറിയവരില്‍പ്പെടും.

കുറ്റപത്രം സമര്‍പ്പിച്ച അന്നത്തെ മലപ്പുറം ഡിവൈഎസ്പി കെ.സുദര്‍ശനന്‍, ഡിവൈഎസ്പി കെ.കെ ഇബ്രാഹിം, കൊണേ്ടാട്ടി സിഐ കെ.പി ചന്ദ്രന്‍ എന്നിവരെയും കോടതി വിസ്തരിച്ചിരുന്നു.



Keywords:  Kerala NewsHealth News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.