Latest News

രണ്ടര മണിക്കൂര്‍ ബാങ്കിലെ സ്‌ട്രോങ്‌റൂമില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

മംഗലാപുരം: അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സഹകരണബാങ്കിന്റെ സ്‌ട്രോങ്‌റൂമിനുള്ളില്‍ ബധിരനും മൂകനുമായ പണിക്കാരന്‍ കുടുങ്ങി. ശബ്ദിക്കാന്‍ പോലുമാവാതെ ആരോരുമറിയാതെ രണ്ടുമണിക്കൂറോളം ഓക്‌സിജന്‍ കുറഞ്ഞ മുറിക്കുള്ളിലായിരുന്നു ഇയാള്‍. അവസാനം സംഭവം തിരിച്ചറിഞ്ഞ് സഹപ്രവര്‍ത്തകര്‍ തന്നെ ഇയാളെ രക്ഷിച്ചു.

സിര്‍ത്താടി മാര്‍ക്കറ്റിനുള്ളിലെ കെട്ടിടത്തില്‍ പണിനടന്നുകൊണ്ടിരിക്കുന്ന സഹകരണബാങ്കിനുള്ളിലാണ് സംഭവം നടന്നത്. കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്ത, ബെല്‍വയിലെ അഷ്വാഖ് എന്ന യുവാവാണ് സ്‌ട്രോങ്‌റൂമില്‍ കുടുങ്ങിയത്. പണിതീര്‍ന്ന കെട്ടിടത്തിനുള്ളില്‍ മിനുക്കുപണികളാണ് നടന്നുകൊണ്ടിരുന്നത്. ലോക്കര്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായിരുന്നു. സൗകര്യത്തിനായി റൂമിന്റെ വാതില്‍ അടയ്ക്കാതെ, ഒരു കല്ലുകൊണ്ട് തടസ്സംവെച്ച് തുറന്നിരിക്കുകയായിരുന്നു.

രാവിലെ സ്‌ട്രോങ് റൂം വൃത്തിയാക്കാനായി അഷ്വാഖ് ഉള്ളില്‍ കടന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ പുറത്ത് പണിയെടുത്തുകൊണ്ടിരുന്ന ഒരാള്‍ അഷ്വാഖ് ഉള്ളിലുള്ളതറിയാതെ കല്ല് എടുത്തുമാറ്റി. അതോടെ വാതിലടഞ്ഞ് ലോക്ക് വീഴുകയും ചെയ്തു. ഇതറിയാതെ അഷ്വാഖ് പണി തുടര്‍ന്നു.

ഉച്ചയ്ക്ക് എല്ലാവരും ഭക്ഷണത്തിനായി പുറത്തുപോയപ്പോഴും അഷ്വാഖ് ഉള്ളില്‍ കുടുങ്ങിയ കാര്യം ആരുമറിഞ്ഞില്ല. തിരിച്ചെത്തിയപ്പോള്‍ സ്‌ട്രോങ് റൂമിനുള്ളില്‍നിന്ന് തട്ടലും മുട്ടലും കേട്ടപ്പോഴാണ് ഉള്ളില്‍ കുടുങ്ങിയകാര്യം ബാക്കിയുള്ളവര്‍ അറിയുന്നത്. തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഇതിനിടെ തൊട്ടടുത്തുള്ള ഡോക്ടര്‍ അനില്‍കുമാറെത്തി മുറിയിലേക്കുള്ള ചെറിയ സുഷിരത്തിലൂടെ ഓക്‌സിജന്‍ സിലിന്‍ഡറില്‍നിന്ന് ഓക്‌സിജന്‍ നല്‍കി. മംഗലാപുരത്തെ ഓഫീസില്‍നിന്ന് താക്കോല്‍ കൊണ്ടുവന്നാണ് സ്‌ട്രോങ്‌റൂം തുറന്നത്. അപ്പോഴേക്കും അഷ്വാഖ് തളര്‍ന്നിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിനെത്തുടര്‍ന്ന് കുറച്ചു സമയംകൊണ്ട് അഷ്വാഖ് ആരോഗ്യം വീണ്ടെടുത്തു.


Keywords: Manglore, Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.