Latest News

ഡല്‍ഹി ഇമാം പ്രഖ്യാപനം: ശരീഫിന് ക്ഷണം, മോദിയെ വിളിച്ചില്ല

ന്യൂഡല്‍ഹി: ചരിത്ര പ്രസിദ്ധമായ ഡല്‍ഹി ജുമാ മസ്ജിദിലെ നാഇബ് ഇമാം (സഹ ഇമാം) സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അടക്കം രാജ്യത്തെയും വിദേശത്തെയും നിരവധി രാഷ്ട്രീയ നേതാക്കളും പൗര പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നാണ് മോദിയെ ഒഴിവാക്കിയത്.

മുസ് ലിംകളെ രണ്ടാംതരം പൗരന്മാരായി മോദി കാണുന്നത് കൊണ്ടാണ് സ്ഥാനാരോഹ ചടങ്ങിലേക്ക് ക്ഷണിക്കാത്തതെന്ന് ജുമാ മസ്ജിദ് ഇമാം സയ്യദ് അഹ്മദ് ബുഖാരി പറഞ്ഞു. മുസ് ലിംകള്‍ക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെ അവരെ മാറ്റി നിര്‍ത്തുന്ന സമീപനമാണ് മോദി സ്വീകരിക്കുന്നത്. ഗുജറാത്ത് കലാപം രാജ്യത്തെ മുസ് ലിംകള്‍ക്ക് മറക്കാന്‍ സാധിക്കില്ലെന്നും അഹ്മദ് ബുഖാരി ചൂണ്ടിക്കാട്ടി.

ഡല്‍ഹി ഇമാമിന്‍െറ പ്രസ്താവനയോട് നിര്‍ഭാഗ്യകരമെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. ഇന്ത്യന്‍ മുസ് ലിംകള്‍ ഇന്ത്യയില്‍ ജനിച്ചവരാണെന്നും രാജ്യത്തെ സ്നേഹിക്കുന്ന അവര്‍ പാകിസ്താനെകുറിച്ച് ചിന്തിക്കുന്നില്ലെന്നും ബി.ജെ.പി വക്താവ് നളിന്‍ കോഹ് ലി പറഞ്ഞു. ഇപ്പോഴത്തെ പ്രസ്താവനയിലൂടെ ഡല്‍ഹി ഇമാം എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.ജെ.പി നേതാക്കളായ രാജ്നാഥ് സിങ്, ഹര്‍ഷ വര്‍ധന്‍, സയ്യദ് ഷാനവാസ് ഹുസൈന്‍, വിജയ് ഗോയല്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇമാം സയ്യദ് അഹ്മദ് ബുഖാരിയുടെ ഇളയ മകന്‍ ഷാബാന്‍ ബുഖാരിയെ നാഇബ് ഇമാം ആയി പ്രഖ്യാപിക്കുന്ന ചടങ്ങ് നവംബര്‍ 22നാണ് നടക്കുന്നത്.

ഡല്‍ഹിയിലെ അമിറ്റി സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ സാമൂഹിക സേവന ബിരുദ വിദ്യാര്‍ഥിയായ ഷാബാന്‍െറ മതവിഷയങ്ങളിലെ താല്‍പര്യം പരിഗണിച്ചാണ് പിന്‍ഗാമിയാക്കാന്‍ തീരുമാനിച്ചതെന്ന് ഷാഹി ഇമാമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പണ്ഡിതരും നേതാക്കളും പങ്കെടുക്കുന്ന വിപുല ചടങ്ങില്‍ തലപ്പാവ് അണിയിച്ചാണ് 19 വയസ്സുകാരനായ ഷാബാനെ നാഇബ് ഇമാം ആയി പ്രഖ്യാപിക്കുക. 1656ല്‍ ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കാന്‍ സമര്‍ഖന്ദിലെ ബുഖാറയില്‍നിന്നത്തെിയ അബ്ദുല്‍ ഗഫൂര്‍ ഷാ ബുഖാരിയുടെ പിന്മുറക്കാരാണ് ഇവിടത്തെ ഇമാമുമാര്‍.

1973 മുതല്‍ പിതാവ് അബ്ദുല്ലാ ബുഖാരിയുടെ നാഇബ് ഇമാം ആയിരുന്ന അഹ്മദ് ബുഖാരി 2000 മുതലാണ് മുഖ്യ ഇമാം ആയത്. ഇന്ത്യന്‍ മുസ്ലിംകളുടെ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കെല്‍പുള്ളവര്‍ എന്ന പരിഗണന ഏറെക്കാലമായി ഡല്‍ഹി ഇമാമുമാര്‍ക്ക് രാഷ്ട്രീയ-സാമൂഹിക മേഖലയിലുണ്ട്.


Keywords: National News, Delhi Juam masjid, Syed Ahmmed Buqari, Shaban Buqari, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.