Latest News

സ്‌കൂള്‍ ബസില്‍ മലയാളി ബാലിക ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ വിചാരണ ആരംഭിച്ചു

അബുദാബി: അബുദാബിയില്‍ സ്‌കൂള്‍ ബസ്സില്‍ മലയാളി ബാലിക ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ വിചാരണ ആരംഭിച്ചു.ബസ് ഡ്രൈവര്‍, ബസ് സൂപ്പര്‍വൈസര്‍, സ്‌കൂള്‍ റിസപ്ഷനിസ്റ്റ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ബസ് കമ്പനിയുടമ എന്നീ അഞ്ചു പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എല്ലാവരും കോടതി മുമ്പാകെ കുറ്റം നിഷേധിച്ചു.

സ്‌കൂളില്‍ പോകുന്നതിന് ബസില്‍ കയറിയ കണ്ണൂര്‍ സ്വദേശിനി നിസ ആല എന്ന നാലു വയസ്സുകാരി ഉറങ്ങിപ്പോകുകയും ബസ് ജീവനക്കാര്‍ ഇറക്കാന്‍ മറന്നു പോകുകയും ചെയ്തതിനെ തുടര്‍ന്നാണ് അടച്ചു പൂട്ടിയ ബസില്‍ കുട്ടി ശ്വാസം മുട്ടി മരിച്ചത്. അല്‍ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂളിലെ കെജി വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്ന നിസ ആല ഈ മാസം ഏഴിനാണ് സ്‌കൂള്‍ ബസില്‍ മരിച്ചത്.

കുട്ടിയുടെ മരണത്തിന് ഉത്തരവാദിയാണെന്ന ആരോപണം ബസ് ഡ്രൈവറും പ്രിന്‍സിപ്പലും ബസ് ഉടമയും ബസ് സൂപ്പര്‍വൈസറും റിസപ്ഷനിസ്റ്റും നിഷേധിക്കുകയായിരുന്നു. വാടകയ്‌ക്കെടുത്ത് ഓടിയ ബസിന്റെ ലൈസന്‍സ് സംബന്ധിച്ച പ്രശ്‌നത്തില്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കും മുമ്പ് സ്‌കൂള്‍ അധികൃതര്‍ ബസുകള്‍ പരിശോധിച്ചിരുന്നെന്നും ലൈസന്‍സ് ഇല്ലാത്ത കാര്യം അറിയാമായിരുന്നു എന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടമ കോടതി മുമ്പാകെ മൊഴി നല്‍കി. അനധികൃത കുടിയേറ്റക്കാരെ ബസ് സൂപ്പര്‍വൈസര്‍മാരായി നിയമിച്ച കുറ്റവും പാകിസ്താന്‍ സ്വദേശിയായ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടമയ്ക്ക് എതിരെയുണ്ട്.

സൂപ്പര്‍വൈസര്‍മാര്‍ തന്റെ ഉത്തരവാദിത്തത്തില്‍ ആയിരുന്നില്ലെന്നും സ്‌കൂള്‍ അധികൃതരാണ് നിയമിച്ചിരുന്നതെന്നും ഉടമ കോടതിയെ അറിയിച്ചു. കേസ് തുടര്‍വിചാരണയ്ക്കായി നവംബര്‍ 21ലേക്ക് മാറ്റി.


Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.