Latest News

സാമൂഹിക നീതി ദിനാചരണം- ഘോഷയാത്രയും സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കും

കാസര്‍കോട്: നവംബര്‍ 21,22,23 തീയതികളില്‍ കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സാമൂഹിക ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ ഉള്‍പ്പെട്ട വമ്പിച്ച ഘോഷയാത്ര സംഘടിപ്പിക്കാന്‍ ജില്ലാതല സംഘാടക സമിതി തീരുമാനിച്ചു. കുടുംബശ്രീ-അംഗന്‍വാടി-ആശാ പ്രവര്‍ത്തകര്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ ഘോഷയാത്രയില്‍ വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ അവതരിപ്പിക്കും. 

എല്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഫ്‌ളോട്ടുകള്‍ ഘോഷയാത്രയില്‍ ഉള്‍പ്പെടുത്തും.
സാമൂഹിക ദിനാചരണം നടക്കുന്ന എല്ലാ ദിവസവും വൈകീട്ട് വേദിയില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ആദ്യദിവസം യക്ഷഗാനം, ദഫ്മുട്ട്,അറവനമുട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, തിരുവാതിര, നാടന്‍പാട്ട്, മാര്‍ഗ്ഗംകളി, ഭരതനാട്യം, കൈമുട്ട്കളി, പൂരക്കളി എന്നിവ സംഘടിപ്പിക്കും. രണ്ടാമത്തെ ദിവസം മാനസിക വെല്ലുവിളി നേരിടുന്നവര്‍, അംഗപരിമിതര്‍, അന്ധവിദ്യാലയ വിദ്യാര്‍ത്ഥികള്‍, മാര്‍ത്തോമ്മാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കലാപരിപാടികള്‍ അവതരിപ്പിക്കും. 

അവസാനദിവസം സാമൂഹിക നീതി വകുപ്പിലെ ജീവനക്കാര്‍, അങ്കണ്‍വാടി ജീവനക്കാര്‍ എന്നിവരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍, കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ നടത്തും. ഇത് കൂടാതെ പ്രശസ്തരായ ഗായകര്‍, കലാകാരന്‍മാര്‍, നടീ-നടന്‍മാര്‍ എന്നിവരുടെ കലാപരിപാടികളും സംഘടിപ്പിക്കുന്നതാണ്. തെയ്യം, നാടന്‍കലകള്‍, യക്ഷഗാനം, മാപ്പിളപ്പാട്ട് മേഖലകളിലെ അവശകലാകാരന്‍മാരെ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പരിപാടി നടക്കുന്ന എല്ലാ ദിവസങ്ങളിലും ഭക്ഷണം നല്‍കുന്നതിനും എട്ട് കൗണ്ടറുകള്‍ തുറക്കും. ഈ കൗണ്ടറുകളില്‍ കുടിവെളള വിതരണവും ഉണ്ടായിരിക്കും. പാള പ്ലേറ്റും, പേപ്പര്‍ ഗ്ലാസ്സും ഉപയോഗിക്കും. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, മുനിസിപ്പല്‍ പ്രദേശത്തെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍, റെസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ അന്യജില്ലകളില്‍ നിന്നെത്തുന്ന അതിഥികള്‍ക്ക് താമസ സൗകര്യം ഒരുക്കും. 

പരിപാടി നടക്കുന്ന ദിവസങ്ങളില്‍ രാത്രി കാലത്ത് ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്ക് ബസ്സ് സൗകര്യം ഏര്‍പ്പെടുത്തും. പരിപാടിക്ക് 600 വളണ്ടിയര്‍മാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയോഗിക്കും. 12 ഐസിഡിഎസ് പ്രോജക്ടില്‍ നിന്നും 50 വീതം പേരെയാണ് തെരെഞ്ഞെടുക്കുക. 


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.