അല്‍ ഐന്‍: അല്‍ ഐനില്‍ നിര്‍മാണം തുടങ്ങിയ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദുകളിലൊന്നായ ശൈഖ് ഖലീഫ മസ്ജിദ് 2016 പകുതിയോടെ വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കെട്ടിലും മട്ടിലും വ്യത്യസ്തത പുലര്‍ത്തുന്ന മസ്ജിദ് 2.57 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് നിര്‍മിക്കുന്നത്. യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തന്റെ പേരില്‍ പണി കഴിപ്പിക്കുന്ന മസ്ജിദില്‍ 20,000ത്തിലധികം പേര്‍ക്ക് ഒരേ സമയം നിസ്‌കരിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
അല്‍ ഐന്‍ നഗരത്തിലെ മഅ്ഹദ് പ്രദേശത്താണ് മസ്ജിദ് നിര്‍മിക്കുന്നത്. മസ്ജിദിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ ഖുബ്ബയായിരിക്കുമെന്ന് അധികൃതര്‍ വ്യക്താക്കി. 4,417 ചതുരശ്രയടി വലിപ്പമുള്ളതും 25 മീറ്റര്‍ ഉയരമുള്ളതുമായ ഇതിന്റെ പുറം ഭാഗത്ത് സംവിധാനിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ കാലിഗ്രാഫി ഏറെ ശ്രദ്ധേയമാവും. ഖുബ്ബക്ക് താഴെ മാത്രം 5,200 പേര്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യമുണ്ടായിരിക്കും.
മസ്ജിദിന്റെ ആകര്‍ഷണങ്ങളില്‍ മറ്റൊന്ന് നാലുഭാഗത്തും തലയുയര്‍ത്തിനില്‍ക്കുന്ന മിനാരങ്ങളാണ്. 60 മീറ്റര്‍ ഉയരമുള്ള ഓരോ മിനാരവും ഏറെ ദൂരെ നിന്ന്‌വരെ കാഴ്ചക്കാരെ ആകര്‍ഷിക്കും. അബ്ബാസിയ ഭരണകാലത്ത് ഇറാഖിലെ സമാറായില്‍ പണികഴിപ്പിച്ച 10 നൂറ്റാണ്ടിലധികം പഴക്കമുള്ള ഗ്രാന്റ് മസ്ജിദിന്റെ മിനാരങ്ങളെ അനുസ്മരിപ്പിക്കുന്നതായിരിക്കും ശൈഖ് ഖലീഫ മസ്ജിദിന്റെ മിനാരങ്ങള്‍.
എഞ്ചിനീയര്‍ ഡോ. മുബാറക് ബിന്‍ സഅദ് അല്‍ അഹ്ബാബിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട വിദഗ്ധരായ എഞ്ചിനീയര്‍മാരുടെ സംഘമാണ് മസ്ജിദിന്റെ ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആധുനിക കെട്ടിട നിര്‍മാണ രംഗത്തെ മുഴുവന്‍ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നുണ്ടെങ്കിലും മസ്ജിദിന്റെ ഓരോ ഭാഗത്തും ഇസ്‌ലാമിക പൈതൃകവും പഴമയും പ്രകടമാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മസ്ജിദിന്റെ രൂപരേഖ അന്തിമമായി നിശ്ചയിക്കുന്നതിനു മുമ്പ് രാജ്യത്തെ പ്രധാനപ്പെട്ട കള്‍സട്ടിംഗ് ആന്‍ഡ് എഞ്ചിനീയറിംഗ് സ്ഥാപനങ്ങളില്‍ നിന്നെല്ലാം സ്‌കെച്ചുകള്‍ ക്ഷണിച്ചിരുന്നു. വിദഗ്ധ സമിതി എന്‍ട്രികള്‍ മുഴുവന്‍ പരിശോധിച്ചാണ് രൂപരേഖ അന്തിമമാക്കിയത്.
മുന്‍ മാതൃകകളൊന്നുമല്ലാത്ത തീര്‍ത്തും പുതുമയുള്ളതായിരിക്കണം സ്‌കെച്ച് എന്നതായിരുന്നു എന്‍ട്രിയുടെ പ്രധാന നിബന്ധന. അല്‍ ബയാതി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനത്തിനാണ് അവസാനം നറുക്കുവീണത്.
Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment