Latest News

പ്രാര്‍ത്ഥനാ മുഖരിതം: ഹജ്ജുല്‍ അക്ബര്‍

മക്ക: അനുഗ്രഹങ്ങളുടെ കേദാരമായ വിശുദ്ധ മക്കയില്‍ പ്രാര്‍ഥനയില്‍ കഴിഞ്ഞു കൂടിയിരുന്ന ലക്ഷങ്ങള്‍ അറഫമൈതാനിയില്‍ സമ്മേളിച്ചു. "ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...." എന്ന ഏക മന്ത്രങ്ങളുമായി ഇഹ്‌റാമിന്റെ വെളുത്ത തുണിക്കഷ്ണങ്ങളില്‍ അവര്‍ ലോകത്തെ എല്ലാ അനീതികള്‍ക്കുമെതിരെ പ്രതീകാത്മക പ്രതിഷേധം തീര്‍ത്തു.

ലിംഗവര്‍ണദേശഭാഷാദി വിവേചനങ്ങളെ അപ്രസക്തമാക്കുന്ന അറഫ സംഗമമാണ് ഹജ്ജിന്റെ പ്രധാന കര്‍മം. വെളളിയാഴ്ചയും അറഫ ദിനവും ഒന്നിച്ചെത്തിയത് വിശ്വാസികളില്‍ ആനന്ദമായി.
വിശ്വാസിലക്ഷങ്ങളുടെ പശ്ചാത്താപവിവശമായ കണ്ണീരും പ്രാര്‍ഥനയുംകൊണ്ട് തമ്പുകളുടെ നഗരമായ മിനാ ഭക്തിസാന്ദ്രമായി. ബുധനാഴ്ച മധ്യാഹ്ന നമസ്‌കാരം മുതല്‍ 'യൗമുത്തര്‍വിയ' എന്ന മുന്നൊരുക്കനാള്‍ മുഴുവന്‍ ആരാധനകളും പ്രാര്‍ഥനയും ഖുര്‍ആന്‍പാരായണവുമായി മിനാ താഴ്‌വര മന്ത്രമുഖരിതമായി.

വെളളിയാഴ്ച പുലരിയോടെ ഹജ്ജിന്റെ പ്രധാനചടങ്ങായ അറഫ സംഗമത്തിനായി മിനാ വിട്ട തീര്‍ഥാടകര്‍ ഒരു നാളത്തെ ഇടവേളക്കുശേഷം വീണ്ടും മൂന്നു ദിവസം കഴിച്ചു കൂട്ടാനായി മിനായിലത്തെും. ഹജ്ജ് കര്‍മത്തിലേക്കു പ്രവേശിക്കാനുള്ള നാളുകളെണ്ണി മക്കയില്‍ ഹറം പരിസരമായ മര്‍കസിയ്യയിലും വിളിപ്പാടകലെ അസീസിയ്യയിലും കഴിഞ്ഞവരും സൗദിയുടെ വിദൂരദിക്കുകളില്‍നിന്നുള്ളവരും ദുല്‍ഹജ്ജ് എട്ടിന്റെ പുലരിയോടെ മിനായിലേക്ക് ഒഴുകുകയായിരുന്നു.

160 രാജ്യങ്ങളില്‍നിന്നത്തെിയ 13,86,905 ഹാജിമാര്‍ക്കൊപ്പം അറബ് നാടുകളിലെയും സൗദി അറേബ്യയിലെയും ലക്ഷങ്ങള്‍ കൂടി അണിചേര്‍ന്നതോടെ വ്യാഴാഴ്ച പുലരുമ്പോള്‍തന്നെ മിനായിലേക്കുള്ള വഴികള്‍ വീര്‍പ്പുമുട്ടി. ആഭ്യന്തരതീര്‍ഥാടകരുടെ വാഹനങ്ങള്‍ വിവിധ ചെക്‌പോയന്റുകളില്‍ പരിശോധനയും നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കാന്‍ കെട്ടിക്കിടന്നതോടെ മക്കയിലേക്കുള്ള റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു.

അനുഷ്ഠാനരീതിയനുസരിച്ച് വ്യാഴാഴ്ച ആരംഭിക്കേണ്ട മിനാപ്രയാണം ജനലക്ഷങ്ങളുടെ സഞ്ചാരസൗകര്യം പരിഗണിച്ച് സൗദി അധികൃതര്‍ തലേന്നാള്‍തന്നെ തുടങ്ങിയിരുന്നു.
ബുധനാഴ്ച ഇശാനമസ്‌കാരം നിര്‍വഹിച്ച ശേഷം തീര്‍ഥാടകര്‍ കാല്‍നടയായി ഹറംപള്ളിയില്‍നിന്ന് എട്ടു കിലോമീറ്റര്‍ ദൂരെയുള്ള മിനായിലെ തമ്പുകളിലേക്ക് നീങ്ങി. ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴില്‍ എത്തിയ ഒരു ലക്ഷത്തോളം ഹാജിമാര്‍ അസീസിയ്യയില്‍നിന്ന് ബുധനാഴ്ച രാത്രി പ്രയാണമാരംഭിച്ചു.



Keywords: Gulf, Hajj News 2014, Saudi Arabia, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.