Latest News

രജനിയുടെ മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടി കണ്ടെടുത്തു

നീലേശ്വരം: ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റിബിള്‍ ട്രസ്റ്റ് ജീവനക്കാരി തൃക്കരിപ്പൂര്‍ ഒളവറ മാവിലങ്ങാട് കോളനിയിലെ രജനിയെ (34) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ചു മൂടാന്‍ പ്രതിയായ നീലേശ്വരം കണിച്ചിറയിലെ സതീശന്‍ ഉപയോഗിച്ച ആയുധം ബുധനാഴ്ച രാവിലെ പോലീസ് കണ്ടെടുത്തു. 

സതീശന്റെ ബന്ധുവായ കടിഞ്ഞിമൂലയിലെ സുനിലിന്റെ വീട്ടില്‍ നിന്നാണ് മൃതദേഹം കുഴിച്ചുമൂടാനായി ഉപയോഗിച്ച മണ്‍വെട്ടി പോലീസ് പിടികൂടിയത്. രജനി കൊല്ലപ്പെടുന്നതിന് തലേദിവസമാണ് സതീശന്‍ സുനിലിനോട് മണ്‍വെട്ടി വാങ്ങിയത്. കൊലയ്ക്ക് ശേഷം സതീശന്‍ രജനിയുടെ മൃതദേഹം കണിച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍തോപ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. സുനിലിന്റെ മണ്‍വെട്ടി ഉപയോഗിച്ചാണ് സതീശന്‍ കുഴിവെട്ടിയത്. 

എല്ലാം കഴിഞ്ഞ ശേഷം മണ്‍വെട്ടി കഴുകി വൃത്തിയാക്കി സെപ്തംബര്‍ 13ന് വൈകുന്നേരം സുനിലിനെ ഏല്‍പ്പിക്കുകയായിരുന്നു. സതീശനെ പോലീസ് ചോദ്യം ചെയ്ത സമയത്താണ് സുനിലിന്റെ മണ്‍വെട്ടികൊണ്ടാണ് മൃതദേഹം കുഴിച്ചുമൂടിയതെന്ന് പ്രതി സമ്മതിച്ചത്. 

സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സതീശന്‍ കണിച്ചിറയില്‍ മൂന്ന്‌സെന്റ് സ്ഥലം വാങ്ങിയിരുന്നുവെന്നും അതില്‍ പേരയ്ക്കയുടെയും സപ്പോട്ടയുടെയും തൈകള്‍ നടുന്നതിന് വേണ്ടിയാണ് തന്നോട് മണ്‍വെട്ടി വാങ്ങിയതെന്നും സുനില്‍ പോലീസിനോട് വെളിപ്പെടുത്തി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം സുനിലിനെ പോലീസ് വിട്ടയച്ചു. 

അതിനിടെ ചൊവ്വാഴ്ച വൈകിട്ട് കണ്ണൂരില്‍ നിന്നും ഫോറന്‍സിക് സയന്റിഫിക് അസിസ്റ്റന്റ് ദീപേഷിന്റെ നേതൃത്വത്തിലുള്ള സംഘം രജനിയെ കൊലപ്പെടുത്തിയ മദര്‍തെരേസ ചാരിറ്റബിള്‍ ട്രെസ്റ്റിലെ മുറിയിലും മൃതദേഹം കടത്തികൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിലും ചെറുവത്തൂരിലെ ക്വാട്ടേര്‍സിലും പരിശോധന നടത്തി. റിമാന്‍ഡില്‍ കഴിയുന്ന സതീശനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം സിഐ യു പ്രേമന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.