Latest News

സാധാരണക്കാര്‍ക്ക് നിയമസേവനം ലഭ്യമാക്കണം: ജസ്റ്റിസ് ബാബു മാത്യു ജോസഫ്

കോഴിക്കോട്: സാധാരണ ജനങ്ങള്‍ക്ക് നിയമസേവനം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ്. രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ജനസമൂഹങ്ങള്‍ക്ക് കൂടുതല്‍ നിയമ സേവനങ്ങള്‍ ചെയ്യാന്‍ പുതിയ അഭിഭാഷകര്‍ക്ക് സാധിക്കണമെന്നും മര്‍കസ് ലോ കോളേജിന് ഇക്കാര്യത്തില്‍ ഒരുപാട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

മര്‍കസ് ലോ കോളേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാത്യു പി.ജോസഫ്. കാരന്തൂര്‍ മര്‍കസ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
മര്‍കസ് നോളജ് സിറ്റിയുടെ പതിനാലോളം വരുന്ന സ്ഥാപനങ്ങളില്‍ ആദ്യ സംരംഭമാണ് ലോ കോളേജ്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും അംഗീകാരമുള്ള മര്‍കസ് ലോ കോളേജില്‍ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.ബി.എ എല്‍.എല്‍.ബി, ത്രവല്‍സര എല്‍.എല്‍.ബി എന്നീ കോഴ്‌സുകളാണുള്ളത്. കാരന്തൂരിലെ മര്‍കസ് കാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ച ലോ കോളേജ് രണ്ടു വര്‍ഷത്തിനകം നോളജ് സിറ്റിയിലേക്ക് മാറ്റാനാണ് പദ്ധതി.
സാമൂഹിക ബോധവും അര്‍പ്പണ മനോഭാവവുമുള്ള മികച്ച അഭിഭാഷകരെ സൃഷ്ടിച്ചെടുക്കുക എന്നതാണ് മര്‍കസ് ലോ കോളേജിന്റെ ലക്ഷ്യം. നൈതിക ബോധവും, സാമൂഹിക പ്രതിബന്ധതയുമുള്ള അഭിഭാഷകരെ വാര്‍ത്തെടുക്കുന്നതിലൂടെ ദേശീയ നിര്‍മിതിക്കും സമുദായിക ശാക്തീകരണത്തിനും ഊര്‍ജം പകരാന്‍ സാധിക്കുമെന്നാണ് മര്‍കസ് കരുതുന്നത്.
ഡോ. ത്വാഹിര്‍ മഹ്മൂദ് ചെയര്‍മാനും ഡോ. സെബാസ്റ്റിയന്‍ പോള്‍ അംഗവുമായ വിദഗ്ധ സമിതിക്കാണ് ലോ കോളേജിന്റെ അക്കാദമിക മേല്‍നോട്ടം. 

കോഴിക്കോട് ഗവ: ലോ കോളേജ്, എറണാകുളം ഗവ: ലോ കോളേജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാളായിരുന്ന പ്രൊഫ. പി.എസ് ഗോപി മര്‍കസ് ലോ കോളേജ് പ്രിന്‍സിപ്പാളായി ചുമതലയേറ്റിട്ടുണ്ട്. മികച്ച അക്കാദമിസ്റ്റുകളുടെയും അഭിഭാഷകരുടെയും പാനല്‍ മാസാന്ത ക്ലാസുകള്‍ക്കും സെമിനാറുകള്‍ക്കും വേണ്ടിയും തയ്യാറാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് നിയമോപദേശവും നിയമ സഹായവും നല്‍കുന്നതിന് വേണ്ടിയുള്ള ലീഗല്‍ എയ്ഡ് ക്ലിനിക്കും ലോ കോളേജിന്റെ ഭാഗമായി പ്രവര്‍ത്തനമാരംഭിക്കുന്നുണ്ട്.
മര്‍കസ് ലോ കോളേജ് ഉദ്ഘാടനച്ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എം.എ.എച്ച് അസ്ഹരി സ്വാഗതം പറഞ്ഞു. മര്‍കസ് നോളജ്‌സിറ്റി സി.ഇ.ഒ ഡോ.അബ്ദുസ്സലാം, എം.കെ രാഘവന്‍ എം.പി, ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ്‌ഫൈസല്‍, എംഎല്‍എമാരായ പി.ടി.എ റഹീം, സി. മോയിന്‍കുട്ടി, എ.പ്രദീപ് കുമാര്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി.എസ് അജിത്ത്, ബാര്‍ കൗണ്‍സില്‍ കേരള ചെയര്‍മാന്‍ അഡ്വ.ടി.എച്ച്. അബ്ദുല്‍ അസീസ്, കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.അശോക് കുമാര്‍, സി.മുഹമ്മദ് ഫൈസി, അഡ്വ. ഇസ്മാഈല്‍ വഫ എന്നിവര്‍ പ്രസംഗിച്ചു. മര്‍കസ് ലോ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. പി.എസ് ഗോപി നന്ദി പറഞ്ഞു.


Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.