Latest News

ഫസല്‍ വധം: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയ കാരായിമാരുടെ ഹരജി തള്ളി

കൊച്ചി: എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിന്‍െറ വധവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളും സി.പി.എം നേതാക്കളുമായ കാരായി ചന്ദ്രശേഖരന്‍, കാരായി രാജന്‍ എന്നിവര്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി നല്‍കിയ ഹരജി ഹൈകോടതി തള്ളി. ഹൈകോടതി മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത് ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്.

തലശ്ശേരി മേഖലയില്‍ ഉയര്‍ന്ന രാഷ്ട്രീയ സ്വാധീനമുള്ള പ്രതികള്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നത് ഭീഷണിപ്പെടുത്തിയും വിലയ്ക്കെടുത്തും കേസിലെ സാക്ഷികളെ തെളിവുനല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനിടയാക്കുമെന്ന സി.ബി.ഐയുടെ വാദം മുഖവിലയ്ക്കെടുത്താണ് ഹരജി തള്ളി ജസ്റ്റിസ് ബി. കെമാല്‍ പാഷ ഉത്തരവിട്ടത്. ഹൃദ്രോഗിയായ ഭാര്യയുടെ ചികിത്സക്ക് നാട്ടില്‍ തന്‍െറ സാന്നിധ്യം ആവശ്യമുണ്ടെന്ന് ചന്ദ്രശേഖരന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജാമ്യം ലഭിച്ചിട്ടും ഭാര്യക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ കഴിയുന്നില്ല. കേസിന്‍െറ വിചാരണനടപടി നീണ്ടുപോവുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ ജാമ്യവ്യവസ്ഥകളും കൃത്യമായി പാലിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹരജി നല്‍കിയത്.
എന്നാല്‍, ഹരജിയിലെ ആവശ്യം സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ജാമ്യത്തിലെ പ്രധാന വ്യവസ്ഥ ഇളവ് ചെയ്യാനാണ് ആവശ്യം. കേസിന്‍െറ ഗൂഢാലോചനയിലെ പ്രധാനികളാണിവര്‍.
വിചാരണ നീണ്ടുപോകുന്നത് സി.ബി.ഐയുടെയോ മറ്റോ വീഴ്ച കൊണ്ടല്ല. കുറ്റമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കി ഹരജിക്കാര്‍ തന്നെയാണ് ബോധപൂര്‍വം വിചാരണനടപടികള്‍ നീട്ടിയത്. ഈ ഹരജി തള്ളിയപ്പോള്‍ പുന:പരിശോധനാ ഹരജി നല്‍കി.

കേസ് അനാവശ്യമായി നീട്ടിയശേഷം വൈകുന്നുവെന്ന പേരില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടുന്നതും ബോധപൂര്‍വമാണ്. അതിനാല്‍ ഇവര്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നും സി.ബി.ഐ അറിയിച്ചു. ആവശ്യമെങ്കില്‍ വിചാരണ വേഗത്തിലാക്കാന്‍ ഹരജിക്കാര്‍ക്ക് ആവശ്യപ്പെടാം. ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴും എന്തും ചെയ്യാന്‍ സ്വാധീനമുള്ളവരാണ് പ്രതികളെന്ന് സി.ബി.ഐ വ്യക്തമാക്കിയിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് കേസ് നടപടി തീര്‍പ്പാകുംവരെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന കടുത്ത വ്യവസ്ഥ ജാമ്യ ഉപാധിയായി വെച്ചത്.

ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത് നിയമവ്യവസ്ഥയത്തെന്നെ പരിഹസിക്കലാകുമെന്നും ഹരജി തള്ളി കോടതി ചൂണ്ടിക്കാട്ടി. 2006 ഒക്ടോബര്‍ 22ന് ഫസല്‍ കൊല്ലപ്പെട്ട കേസിലെ ഏഴും എട്ടും പ്രതികളാണ് ഹരജിക്കാര്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.