Latest News

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഡിസംബര്‍ 10ന് തുടങ്ങും

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഡിസംബര്‍ 10 മുതല്‍ 21 വരെയായി വിവിധ പരിപാടികളോടെ നടക്കും. മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയെ ഓര്‍ക്കാന്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉറൂസ് നേര്‍ച്ചയും മതപ്രഭാഷണവും നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാഅത്ത് പള്ളിയിലാണ് നടക്കുന്നതെന്ന് സ്വാഗത സംഘം ഭാരവാഹികളായ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, ഹാജി പുണെ അബ്ദുല്‍റഹ്മാന്‍, ഖാദര്‍ ബങ്കര എന്നിവര്‍ അറിയിച്ചു.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ വലിയുല്ലാഹി മുഹമ്മദ് ഹനീഫ തങ്ങള്‍ കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ യാത്ര നടത്തി. ജാതിമത വര്‍ഗ വര്‍ണ ചിന്തകള്‍ക്കതീതമായി ദീനരും ദുഃഖിതരുമായ ആയിരങ്ങള്‍ ഉപ്പാപ്പയില്‍ ആശ്വാസം കണ്ടെത്തുകയായിരുന്നുവെന്നും ഉപ്പാപ്പയുടെ പ്രവചനം സത്യമായി പുലര്‍ന്നത് അനുഭവത്തിലൂടെ ബോധ്യപ്പെട്ട ഒട്ടേറെ പേര്‍ ഉപ്പാപ്പയെ മാര്‍ഗദര്‍ശിയായി അംഗീകരിക്കുകയായിരുന്നുവെന്നും ഭാരവാഹികളായ ഹാജി കേളുവളപ്പില്‍ ഇബ്രാഹിം, എന്‍.എ.അബ്ദുല്‍ഖാദര്‍, എ.കെ. അബൂബക്കര്‍ ഹാജി എന്നിവര്‍ പറഞ്ഞു.

1962 സെപ്റ്റംബര്‍ ആറിനു നിര്യാതനായ തങ്ങള്‍ ഉപ്പാപ്പയുടെ മയ്യിത്ത് കബറടക്കിയത് കാസര്‍കോട്ടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളിയിലായിരുന്നു. കാസര്‍കോട്ടെ അതിപുരാതന പള്ളിയായ ഇവിടെ നാനാ ജാതിമതസ്ഥര്‍ ബഹുമാനിക്കുന്ന ആരാധനാലയമാണ്. കോടതികള്‍ക്ക് പോലും തീര്‍പ്പാക്കാന്‍ പറ്റാത്ത കേസുകളില്‍ പള്ളിയില്‍ വച്ച് പരിഹാരമുണ്ടായിട്ടുണ്ടെന്നും
കടലമ്മ കനിയാതെ പട്ടിണിയിലാകുമ്പോള്‍ മല്‍സ്യ തൊഴിലാളികള്‍ പള്ളിയില്‍ വന്ന് പ്രാര്‍ഥിക്കാറുണ്ടെന്നും എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ഉറൂസിന്റെ ഭാഗമായി ഡിസംബര്‍ 10മുതല്‍ 21വരെ നടക്കുന്ന മതപ്രഭാഷണത്തിലും മറ്റു പരിപാടികളിലുമായി നാനാജാതി മതസ്ഥരടക്കമുള്ളവര്‍ സംബന്ധിക്കും.

പ്രഭാഷണം നടത്താനായി കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും പ്രഭാഷകര്‍ എത്തുമെന്നും കാസര്‍കോടിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജമാഅത്ത് പള്ളി അക്ഷരാര്‍ഥത്തില്‍ നാനാദേശത്തിന്റെയും സംസ്‌കാരത്തിന്റെയും സമന്വയകേന്ദ്രമായി മാറുമെന്നും ഉറൂസിന്റെ സമാപന ദിവസമായ 21നു രാവിലെ ഒരു ലക്ഷം പേര്‍ക്ക് നെയ്‌ച്ചോര്‍ പൊതികള്‍ വിതരണം ചെയ്യുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.