Latest News

ഗ്രാമവാസികളുടെ ഉറക്കംകെടുത്തി ആറടി പൊക്കമുള്ള ഭീകരരൂപം

ആലപ്പുഴ: മുഹമ്മ പുത്തനങ്ങാടി ഗ്രാമനിവാസികളുടെ ഉറക്കം കെടുത്തി രാത്രികാലങ്ങളില്‍ ഭീകരരൂപം പ്രത്യക്ഷപ്പെടുന്നതായി പറയപ്പെടുന്നു. ആറടിയോളം ഉയരവും ഭീതിപ്പെടുത്തുന്ന മുഖഭാവവും കറുത്ത വസ്ത്രങ്ങളുമണിഞ്ഞ ഭീകരരൂപമാണ് നാടിനെ ഭീതിയലാഴ്ത്തുന്നത്. രാത്രികാലങ്ങളില്‍ സ്ത്രീകളടക്കം നിരവധിപേര്‍ രൂപത്തെ കണ്ടു ഭയക്കുന്നതായാണ് വിവരം. സംഭവം അഭ്യൂഹം മാത്രമാണെന്ന നിഗമനത്തിലാണ് പോലീസ്. കുറേദിവസങ്ങളായി പുത്തനങ്ങാടിയിലും പരിസരപ്രദേശങ്ങളിലും ഭീകരരൂപം തന്നെയാണ് സംസാരവിഷയം.

ഭീകരരൂപം നേരില്‍കണ്ടു ഭയന്നവര്‍ പറയുന്നതിങ്ങനെ : രാത്രിയില്‍ കറന്റു പോകുന്ന സമയത്താണ് ഭീകരരൂപം പ്രത്യക്ഷപ്പെടുന്നത്. വീടിനു പുറത്തിറങ്ങുന്ന സമയത്ത് രൂപത്തെ കണ്ടു പലരും ഭയന്നു നിലവിളിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു സ്ത്രീ ബോധരഹിതയായി താഴെ വീണു. ധൈര്യം സംഭരിച്ചു ചിലര്‍ അടുത്തു ചെന്നെങ്കിലും ഉച്ചത്തില്‍ അലര്‍ച്ചയുണ്ടാക്കിയതോടെ ഇവരും ഭയന്നോടി. ഭീകരരൂപത്തെ കണ്ടു ഭയന്നു കഴിഞ്ഞദിവസം ബൈക്കുയാത്രികന്‍ റോഡില്‍ തെറിച്ചുവീണു പരിക്കേറ്റിരുന്നു. അതേസമയം പ്രദേശത്തെ മയക്കുമരുന്നുലോബിയാണ് ഭീകരരൂപത്തിന്റെ അണിയറശില്‍പ്പികളെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.

പ്രദേശത്തെ മയക്കുമരുന്ന് ലോബിക്കെതിരേ നാട്ടുകാര്‍ രംഗത്തുവരികയും സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിരുന്നു. ഇതിനു തടയിടാന്‍ മയക്കുമരുന്നു ലോബിയിലുള്ളവര്‍ തന്നെയാണ് ഭീകരരൂപം ചമയുന്നതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. എന്നാല്‍ സംഭവം അഭ്യൂഹം മാത്രമാണെന്ന നിഗമനത്തിലാണ് പോലീസെങ്കിലും പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. എന്തായാലും ഭീകരരൂപത്തെ ഭയന്നു രാത്രികാലങ്ങളില്‍ വീടിനുപുറത്തിറങ്ങാന്‍ കഴിയാതെ ഭയന്നുകഴിയുകയാണ് പുത്തനങ്ങാടി നിവാസികള്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.