Latest News

പ്രവാചകനെ മോശമായി പരാമര്‍ശിച്ചനേതാവിനെതിരായ നടപടി: ലോക്കല്‍ സമ്മേളനങ്ങളില്‍ നേതൃത്വത്തിന് വിമര്‍ശനം

ശ്രീകണ്ഠപുരം: പ്രവാചകന്‍ മുഹമ്മദ് നബിയെ പ്രസംഗത്തില്‍ മോശമായി പരാമര്‍ശിച്ചതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയും സി.പി.എം. ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയംഗവുമായ എം.അനില്‍കുമാറിനെതിരെ പാര്‍ട്ടി ജില്ലാനേതൃത്വം നടപടിയെടുത്തതിനെച്ചൊല്ലി സി.പി.എം. ലോക്കല്‍ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം. പടിയൂര്‍, ഇരിട്ടി, വിളമന, കല്യാട്, മലപ്പട്ടം, ശ്രീകണ്ഠപുരം, കുറ്റിയാട്ടൂര്‍, എരഞ്ഞോളി തുടങ്ങി പതിനാറോളം ലോക്കല്‍ സമ്മേളനങ്ങളിലാണ് പാര്‍ട്ടി ജില്ലാനേതൃത്വം നടപടിയെടുത്തതിനെച്ചൊല്ലി കടുത്ത വിമര്‍ശമുയര്‍ന്നത്.

അനില്‍കുമാര്‍ ഇരിട്ടിക്കടുത്ത് പെരിങ്കരിയില്‍ ഒരു വായനശാലയുടെ ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് മുഹമ്മദ് നബിയുടെ വ്യക്തിജീവിതത്തെ സംബന്ധിച്ച ഒരു പരാമര്‍ശം നടത്തിയത്. പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച ഉടന്‍ അനില്‍കുമാറിനെ ഏരിയാ കമ്മിറ്റിയില്‍നിന്ന് മൂന്നു മാസത്തേക്കു പുറത്താക്കിയതായി പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പ്രസ്താവനയിറക്കി.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി പോരാടുകയും വാദിക്കുകയും ചെയ്യുന്ന പാര്‍ട്ടി ഈ സംഭവത്തില്‍ യാഥാസ്ഥിതിക നിലപാടാണെടുത്തതെന്നാണ് സമ്മേളനങ്ങളില്‍ വിമര്‍ശമുയര്‍ന്നിട്ടുള്ളത്. അന്യജില്ലകളിലും പാര്‍ട്ടിപരിപാടികള്‍ക്ക് പ്രഭാഷണം നടത്താന്‍ പോകാറുള്ള അനില്‍കുമാറിനെതിരായ പാര്‍ട്ടിനടപടിക്കെതിരെ കോഴിക്കോട് ജില്ലയിലെ ചില ലോക്കല്‍ സമ്മേളനങ്ങളിലും ചൂടേറിയ ചര്‍ച്ച നടന്നിട്ടുണ്ട്.

ഇരിട്ടി മേഖലയിലെ ഒരു ലോക്കല്‍ സമ്മേളനത്തില്‍ അനില്‍കുമാറിനെതിരെയെടുത്ത നടപടിയില്‍ നിരവധി പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. മിക്കയിടത്തും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ മാത്രമാണ് നടപടിയെ ന്യായീകരിക്കാനുണ്ടായിരുന്നത്.
പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ പള്ളിക്കമ്മിറ്റിക്കാരോട് ഖേദം പ്രകടിപ്പിക്കാന്‍ പാര്‍ട്ടിയുടെ ചില നേതാക്കള്‍ പോയതും സമ്മേളനങ്ങളില്‍ ചോദ്യംചെയ്യപ്പെട്ടു.

പാര്‍ട്ടി ജില്ലാനേതൃത്വം അനില്‍കുമാറിനെതിരെ നടപടിയെടുത്തിട്ട് ഒരുമാസത്തോളമായിട്ടും പാര്‍ട്ടിഘടകങ്ങളില്‍ നടപടി ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡിസംബര്‍ 11, 12 തീയതികളില്‍ സി.പി.എം. ശ്രീകണ്ഠപുരം ഏരിയാ സമ്മേളനം മലപ്പട്ടത്ത് നടക്കുകയാണ്. കഴിഞ്ഞ ഏരിയാ സമ്മേളനത്തിലാണ് അനില്‍കുമാറിനെ ഏരിയാ കമ്മിറ്റിയിലുള്‍പ്പെടുത്തിയിരുന്നത്. പാര്‍ട്ടിനടപടി നിലനില്‍ക്കുന്നതിനാല്‍ അനിലിനെ പുതിയ കമ്മിറ്റിയില്‍ നിലനിര്‍ത്തുമോ എന്നതിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാരംഭിച്ചിട്ടുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.